ന്യൂഡല്‍ഹി: ഇരുചക്രവാഹനയാത്രയ്ക്ക് കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. ഇതിനായി ഗതാഗതനിയമങ്ങളില്‍ മാറ്റം വരുത്തി കരട് വിജ്ഞാപനം പുറത്തിറക്കി. ഇരുചക്രവാഹനങ്ങളില്‍ യാത്രചെയ്യുമ്പോള്‍ കുട്ടികള്‍ ബിഐഎസ് മാനദണ്ഡമനുസരിച്ചുള്ള ഹെല്‍മറ്റ് ധരിക്കണണമെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. കുട്ടികളെ വണ്ടിയോടിക്കുന്ന ആളുമായി സുരക്ഷിതമായി ബന്ധിപ്പിക്കുന്നതിന് നിശ്ചിത മാനദണ്ഡത്തിലുള്ള ബെല്‍റ്റ് ഉപയോഗിക്കണമെന്നും കരടില്‍ നിര്‍ദേശമുണ്ട്.
കുട്ടികളുമായുള്ള യാത്ര നാല്‍പ്പത് കിലോമീറ്റര്‍ വേഗതയില്‍ കൂടരുതെന്നും നിര്‍ദേശത്തില്‍ പറയുന്നു. 2016ലെ സുരക്ഷ മാര്‍ഗനിര്‍ദേശം അനുസരിച്ചുള്ള ബിഐഎസ് ഹെല്‍മെറ്റ് ആയിരിക്കണം കുട്ടികള്‍ ധരിക്കേണ്ടത്. ബൈക്ക് യാത്രയ്ക്കുള്ള ഹെല്‍മെറ്റ് ഇല്ലെങ്കില്‍ സൈക്കിള്‍ യാത്രയ്ക്ക് ഉപയോഗിക്കുന്ന ഇതേ ഗുണനിലവാരമുള്ള ഹെല്‍മെറ്റ് ഉപയോഗിച്ചാല്‍ മതിയാകും.
വാഹനം ഓടിക്കുന്നആളെയും പുറകിലിരിക്കുന്ന കുട്ടിയെയും ബന്ധിപ്പിക്കുന്ന ബെല്‍റ്റ് നിര്‍ബന്ധമാണ്. നൈലോണ്‍ ഉപയോഗിച്ച് നിര്‍മ്മിച്ചതും ഗുണനിലവാരമുള്ളതും വാട്ടര്‍പ്രൂഫും ആയിരിക്കണം ബെല്‍റ്റുകള്‍. 30കിലോ വരെ താങ്ങാനുള്ള ശേഷി ബെല്‍റ്റിന് ഉണ്ടായിരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.
കുട്ടികളുമായിട്ടുള്ള ഇരുചക്രവാഹനയാത്ര സുരക്ഷിതമാക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ കരട് പുറത്തിറക്കിയത്. ഒരുവര്‍ഷത്തിനകം ഇത് പ്രാബല്യത്തില്‍ വരും. പുതിയ ക്രമീകരണങ്ങള്‍ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ഒരുവര്‍ഷത്തെ സമയപരിധി നല്‍കിയത്. നാല് വയസുവരെയുള്ള കുട്ടികള്‍ക്ക് ബാധകമാകുന്ന തരത്തിലാണ് പുതിയ മാര്‍ഗനിര്‍ദേശം.