കേരളത്തിലെ പ്രളയ ദുരിതബാധിതര്‍ക്കൊപ്പം താനുണ്ടാകും; പിന്തുണയുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍
ആലപ്പുഴ: കേരളത്തിലെ പ്രളയ ദുരിതബാധിതര്‍ക്കൊപ്പം താനുണ്ടാകുമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ആലപ്പുഴയില്‍ സംഘടിപ്പിച്ച നെഹ്റു ട്രോഫി വള്ളം കളിയിലെ മുഖ്യ അതിഥിയായി എത്തിയപ്പോഴാണ് സച്ചിന്‍ പ്രളയ ദുരിതത്തില്‍ ഇരയായവര്‍ക്ക് പിന്തുണ അറിയിച്ചത്. പ്രളയത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടമായവര്‍ക്കൊപ്പമാണ് തന്റെ മനസ്സ്. ആ വെല്ലുവിളികളെല്ലാം മറികടക്കേണ്ട സമയമാണിത്. കായിക ഇനങ്ങളോടു കേരളം കാണിക്കുന്ന പിന്തുണ അനുഭവിച്ചറിഞ്ഞിട്ടുള്ളതാണെന്നും സച്ചിന്‍ പറഞ്ഞു.
67ാ-മത് നെഹ്രു ട്രോഫി വള്ളംകളി മല്‍സരങ്ങളുടെ ഉദ്ഘാചന ചടങ്ങ് പുന്നമടയില്‍ നടന്നു. പ്രഥമ ചാംപ്യന്‍സ് ബോട്ട് ലീഗ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ജാതിമത ഭേതമെന്യെ ഒരേ മനസോടെ നടക്കുന്ന വള്ളംകളി നാടിന്റെ ഐക്യത്തിന്റെ പ്രതീകമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇത് രാജ്യത്തിനു തന്നെ മാതൃകയാണ്. ഗ്രീന്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് വള്ളംകളി സംഘടിപ്പിക്കുന്നത് മാതൃകാപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നെഹ്രുട്രോഫി വള്ളംകളി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. രാവിലെ 11നു ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളോടെ ജലമേളയ്ക്കു തുടക്കമായി. ഉച്ചയ്ക്ക് ഒന്നു മുതല്‍ 2 വരെ നാവികസേനയുടെ അഭ്യാസപ്രകടനങ്ങളും തുടര്‍ന്ന് മാസ്ഡ്രില്ലും നടന്നു.