ഫെമിനിച്ചി ആകല്ലെ, ഫെമിനിസ്റ്റ് ആകൂ; വൈറലായ സാബുമോന്റെ കുറിപ്പ്
ചാനല്‍ പരിപാടികളിലൂടെയും ചില വിവാദങ്ങളിലൂടെയും ശ്രദ്ധേയനായ താരമാണ് സാബുമോന്‍. മലയാളികള്‍ക്ക് സുപരിചിതനാണ് സാബുമോന്‍ അബ്ദുസമദ്. ഇപ്പോള്‍ സാബുവിന്റെ പുതിയ ഫേസ് ബുക്ക് പോസ്റ്റാണ് ചര്‍ച്ചയാകുന്നത്. ഫെമിനിസ്റ്റ് ആകൂ, ഫെമിനിച്ചി ആകല്ലെയെന്നാണ് സാബു മോന്‍ പുതിയ പോസ്റ്റിലൂടെ പറയുന്നത്. ഒപ്പം ഫെമിനിസവുമായി ബന്ധപ്പെട്ട മറ്റുചില കുറിപ്പുകളും താരം പങ്ക് വച്ചിട്ടുണ്ട്. ഫെമിനിസ്റ്റും ഫെമിനിച്ചിയും തമ്മിലുള്ള വ്യത്യസം ഇതാണ് എന്ന് ചൂണ്ടികാട്ടികൊണ്ട് ചിത്രങ്ങളും സാബു സോഷ്യല്‍ മീഡിയ വഴി ഷെയര്‍ ചെയ്തിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പണ്ട് കാലത്ത് വാര്‍ത്തകളും വിവരങ്ങളും പങ്കുവെയ്ക്കപ്പെടുന്നതിനായി ഉപയോഗിച്ചിരുന്ന ടെലിഗ്രാം സംവിധാനത്തിന് പ്രാദേശികമായി വിളിച്ചിരുന്നത് ‘ കമ്പിയില്ലാ കമ്പി’ എന്നായിരുന്നു. കമ്പി (wire)യില്ലാതെ ലഭ്യമാകുന്ന കമ്പി(information) എന്ന അര്‍ത്ഥത്തില്‍. അതുപോലൊരു സാങ്കേതിക ഭാഷ പദപ്രയോഗം ഞാന്‍ പരിചയപ്പെടുത്താം. ‘കമ്മിയല്ലാ കമ്മി’.
കേരളത്തിലെ ഫെമിനസം നേരിടുന്ന ഏറ്റവും പ്രധാന പ്രശ്‌നം അതിന്റെ മുഖമായി മാറുന്ന/ മുഖമായി നില്‍ക്കാന്‍ പരിശ്രമിക്കുന്നവര്‍ ആരൊക്കെയാണെന്നാണ്. ഒരു രാഷ്ട്രീയ ആശയം വിജയിക്കുന്നത് അത് പൊതുമധ്യത്തില്‍ എത്തി, ജനങ്ങള്‍ സ്വീകരിക്കുകയോ അതിനെ ജനങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കുകയോ ചെയ്യുമ്പോഴാണ്. കുറഞ്ഞ പക്ഷം ജനങ്ങള്‍ അതിന് വേണ്ടി ശബ്ദമുയര്‍ത്താന്‍ തയ്യാറാവുകയെങ്കിലും ചെയ്യുമ്പോഴാണ്. ഇവിടെയാണെങ്കിലോ, ഒരു തരുമ്പിന് സമൂഹത്തോട് പ്രതിബന്ധതയില്ലാതെ, മുഴുവന്‍ സാമൂഹിക ഘടനയെ തന്നെ വെല്ലുവിളിച്ച് കൊണ്ടുള്ള ഇവരുടെ കോപ്രായങ്ങളില്‍ എങ്ങനെ ജനപിന്തുണ ലഭിക്കുമെന്നാണ്.
ശബരിമലയില്‍ സ്ത്രീ പ്രവേശനം സാധ്യമാക്കണമെണ മൗലികമായ ആവശ്യത്തിന് മലക്ക് പോകുന്ന വസ്ത്രം ധരിച്ചു തുടകാണിക്കുന്ന ഫോട്ടോയുടെ അനിവാര്യത എന്താകും. കാരണം എന്തോ ആകട്ടെ, അതിലൂടെ ഇവര്‍ ജനങ്ങളില്‍ നിന്നും അകലുകയാണ്. അത്തരത്തില്‍ പൊതു ജനങ്ങളില്‍ നിന്നും അകന്ന് മാറി ഇവര്‍ എന്ത് സാമൂഹിക നവീകരണമാകും ഇവിടെ നടപ്പിലാക്കാന്‍ പോകുന്നത്. കഴിഞ്ഞ ദിവസം അങ്ങേയറ്റം വഷളത്തരം പറഞ്ഞ വിജയ് പി നായരെ കയ്യേറ്റം ചെയ്യുന്നതിലൂടെയും ഇവര്‍ എന്ത് സാമൂഹിക പരിഷ്‌ക്കരണം കൊണ്ടുവരുമെന്നാണ്. അയാളുടെ അസഭ്യം പറച്ചില്‍ എന്ന ആക്രമണത്തിന് പ്രതി ആക്രമണം അഴിച്ചുവിട്ടു കൊണ്ട് ഇവര്‍ ഇവിടത്തെ നിയമ വ്യവസ്ഥിതിയുടെ സുഗമമായ നടത്തിപ്പിന് തടസ്സമാവുകയാണ്.
മാത്രമല്ല, വളരെ പ്രിവിലേജ്ഡ് ആയിട്ടുള്ള മൂന്നു സ്ത്രീകളുടെ എക്‌സ്ട്രാ ജൂഡിഷ്യല്‍ റിവഞ്ചിലൂടെ ഇവിടത്തെ അടിസ്ഥാന വര്‍ഗത്തിലെ സ്ത്രീകള്‍ക്ക് എന്ത് സന്ദേശമാണ് ഇവര്‍ കൈമാറുന്നത്. ജനാധിപത്യ സംവിധാനത്തിനെ താറുമാറാക്കി ഗോ സംരക്ഷകരെ പോലെ മോബ്ലിഞ്ചിംഗിലൂടെ അവനവന്റെ നീതി നടപ്പിലാക്കിയെടുക്കാമെന്നോ? കാണാന്‍ കുളിരുള്ള കാഴ്ച്ചയാണ്, നാളെ മുതല്‍ അടിച്ച് ഒതുക്കി ഫെമിനസം നടപ്പിലാക്കുന്നത്. പക്ഷെ, വിശാലമായ ഫെമിനസമെന്ന ആശയത്തില്‍ നിന്നും ജനങ്ങള്‍ പിന്നോട്ട് പോകും. ജനപിന്തുണയില്ലാതെ നടപ്പില്‍ വരുത്താന്‍ ഫെമിനിസം മാവോയിസമോ, അരാജകത്വവാദമോ അല്ലല്ലോ.
ഇനി ഇതിന്റെ പ്രശ്‌നം ചൂണ്ടി കാണിക്കപ്പെടുമ്പോള്‍ രക്ഷപ്പെടാനോ, സ്വീകര്യത ലഭിക്കാനായോ ഇവരൊക്കെ പറയുന്നത് ഇവര്‍ കമ്യൂണിസ്റ്റാണെന്നാണ്. ഇവരെങ്ങനെയാണ് കമ്യൂണിസ്റ്റ് ആകുന്നത്. സമൂഹത്തിന് മേല്‍ പരപുച്ഛത്തിന്റെ പരകോടിയില്‍ നില്‍ക്കുന്ന, രാഷ്ട്രീയ ബോധമില്ലാത്ത, സമൂഹത്തിന്റെ പള്‍സ് തിരിച്ചറിയാന്‍ പോലും ശേഷിയില്ലാത്ത ഇവരെങ്ങനെ കമ്മ്യൂണിസ്റ്റ് ആകുമെന്നാണ്. ഇവര് കമ്യൂണസത്തെ പിന്തുണയ്ക്കുന്നുവരോ, പിന്തുടരാന്‍ ശ്രമിക്കുന്നുവരോ ആയേക്കാം.പക്ഷെ, കമ്യൂണിസ്റ്റ് പ്രസ്ഥാനം ഡിമാന്റ് ചെയ്യുന്നത് പോലെ ജനങ്ങളെ ചേര്‍ത്ത് പിടിച്ച് കൊണ്ട് ഒരു മൂവ്‌മെന്റ് നടത്തുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും പറ്റാത്തവരാണിവര്‍.
കമ്യൂണിസം പ്രതിനിധാനം ചെയ്യുന്നത് തൊഴിലാളി വര്‍ഗത്തെയാണ് മറിച്ച് പ്രിവിലേജ്ഡ് എലീറ്റിസ്റ്റുകളെയല്ല. അവനവന്റെ അദ്ധ്വാനത്തില്‍ നേടിയെടുക്കപ്പെടുന്ന പ്രിവിലേജുകളുടെ പ്രധാന്യത്തേയും അതിന്റെ എഫോര്‍ട്ടിനേയും നിസ്സാരമാക്കുകയല്ല. കുടുംബത്തിലേയും തൊഴിലിടത്തിലേയും ലിംഗ അസമത്വങ്ങളെയടക്കം സാധരണയില്‍ സാധരണക്കാരായ സ്ത്രീകളുടെ സാമൂഹിക അസമത്വങ്ങളെയല്ലല്ലോ സോ കോള്‍ഡ് ആക്ടിവിസ്റ്റുകള്‍ അഡ്രസ് ചെയ്യുന്നത്.
മാറ് തുറന്ന് അറ്റന്‍ഷന്‍ നേടിയെടുക്കലും, തല്ലി പഴിപ്പിച്ച് തെറി വിളിച്ച്, ഹുങ്ക് കാട്ടലിനെ ചിത്രീകരിച്ച് പ്രദര്‍ശിപ്പിക്കുന്നതിലൂടെ പാട്രിയാര്‍ക്കിയുടെ ജീര്‍ണ്ണനമല്ലേ ഇവരൊക്കെ പ്രാക്ടീസ് ചെയ്യുന്നത്. ഇവരൊക്കെ കമ്യൂണിസ്റ്റല്ലാന്ന് മാത്രമല്ല സാമൂഹിക വിരുദ്ധരുമാണ്. ഞാനും, ഞാനും, പിന്നെ ഞാനുമെന്ന സമവാക്യത്തില്‍ ചുറ്റി തിരിയുന്ന രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ എഞ്ചുവടി പോലും അറിയാത്ത വിവരമില്ലാത്ത കരിയറിസ്റ്റ് ആക്ടിവിസ്റ്റുകളില്‍ നിന്നും ഫെമിനസത്തോടൊപ്പം കമ്യൂണിസത്തിനും മുക്തി ആവശ്യമാണ്.