ലഖ്നൗ: സബ്കാ സാത്, സബ്കാ വികാസ് (എല്ലാവര്‍ക്കും വികസനം)എന്നത് ശ്രീരാമനില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട ആശയമാണെന്ന് പ്രധാനമന്ത്രി. ഭഗവാന്‍ രാമന്‍ ഒരിക്കലും ചുമതലകളില്‍ നിന്ന് പിന്മാറിയിട്ടില്ല, രാമന്‍ ആരെയും മാറ്റിനിര്‍ത്തുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ദീപാവലിയാഘോഷങ്ങളുടെ ഭാഗമായി ഞായറാഴ്ച അയോധ്യയിലെത്തിയ അദ്ദേഹം ദീപോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
ശ്രീരാമന്‍ സ്വീകരിച്ചതുപോലുള്ള നിശ്ചയദാര്‍ഢ്യമാണു രാജ്യത്തെ പുതിയ ഉയരങ്ങളിലേക്കു കൊണ്ടുപോകുന്നത്. എല്ലാവരുടേയും വികസനം എന്ന ആശയത്തിന് പിന്നിലുള്ള പ്രചോദനം രാമദേവനാണ്. ശ്രീരാമന്റെ വാക്കുകളിലും ചിന്തകളിലും അദ്ദേഹത്തിന്റെ വാഴ്ചയിലും ഭരണനിര്‍വഹണത്തിലും എല്ലാവരുടേയും വികസനം എന്ന തത്വം കണ്ടെത്താനാവും. രാമന്‍ മര്യാദ പുരോഷത്തമന്‍ എന്നാണറിയപ്പെടുന്നത്. മര്യാദ കൊടുത്ത് ബഹുമാനം വാങ്ങണമെന്നാണ് അദ്ദേഹം പഠിപ്പിക്കുന്നത്. ഇന്ത്യയുടെ മഹത്തായ സാംസ്‌കാരിക പൈതൃകത്തിന്റെ പ്രതിഫലനമാണ് അയോധ്യ. ‘അയോധ്യയുടെ സ്വത്വത്തെ ‘കര്‍ത്തവ്യ നഗരി’ കടമകളുടെ നഗരം എന്ന നിലയിലേക്ക് വികസിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്ന വേളയിലാണ് ദീപാവലിയെത്തുന്നത്. ആസാദി കാ അമൃത് മഹോത്സവം കൊണ്ടാടുമ്പോള്‍ നാം ശ്രീരാമനെപ്പോലെ രാജ്യത്തെ ഉന്നതിയിലേക്കെത്തിക്കാന്‍ ദൃഢനിശ്ചമുള്ളവരാകണമെന്നും അദ്ദേഹം പറഞ്ഞു.
സരയു നദിക്കരയില്‍ നടന്ന ദീപോത്സവത്തില്‍ 15 ലക്ഷം ദീപങ്ങളാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ചടങ്ങില്‍ തെളിഞ്ഞത്.വൈകിട്ട് അയോധ്യയിലെ രാംലല്ലയില്‍ പ്രണാമം അര്‍പ്പിച്ച പ്രധാനമന്ത്രി രാമക്ഷേത്ര നിര്‍മാണ പുരോഗതി വിലയിരുത്തുകയും ചെയ്തു. മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലും ഒപ്പമുണ്ടായിരുന്നു.
2020-ല്‍ രാമക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നടത്തിയതിന് ശേഷം ആദ്യമായിട്ടാണ് പ്രധാനമന്ത്രി അയോധ്യയിലെത്തുന്നത്. രാമക്ഷേത്രത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. പ്രധാന ക്ഷേത്രത്തിന്റെ അടിത്തറ നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞു. 2023 ഡിസംബറോട് കൂടി ക്ഷേത്രത്തിന്റെ ഒരു ഭാഗം തീര്‍ഥാടകര്‍ക്കായി തുറന്നു നല്‍കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
വൈകുന്നേരം പ്രധാനമന്ത്രി പ്രതീകാത്മകമായി ശ്രീരാമന്റെ രാജ്യാഭിഷേകം നടത്തി സരയൂ നദിയിലെ ന്യൂഘട്ടിലെ ആരതിക്ക് സാക്ഷ്യം വഹിച്ചു. ഈ വര്‍ഷം ആറാമത് ദീപോത്സവമാണ് നടന്നത്, ആദ്യമായാണ് പ്രധാനമന്ത്രി ആഘോഷങ്ങളില്‍ നേരിട്ട് പങ്കെടുക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വ്യത്യസ്ത നൃത്തരൂപങ്ങളുള്ള അഞ്ച് ആനിമേറ്റഡ് ടാബ്ലോകളും പതിനൊന്ന് രാമലീല ടാബ്ലോകളും അരങ്ങലെത്തി. ഗ്രാന്‍ഡ് മ്യൂസിക്കല്‍ ലേസര്‍ ഷോയ്ക്കൊപ്പം സരയൂ നദിയുടെ തീരത്തുള്ള രാം കി പൈഡിയില്‍ നടക്കുന്ന 3-ഡി ഹോളോഗ്രാഫിക് പ്രൊജക്ഷന്‍ മാപ്പിംഗ് ഷോയിലും പ്രധാനമന്ത്രി പങ്കെടുത്തു.