കൊച്ചി: സിറോ മലബാര്‍ സഭ സ്ഥിരം സിനഡിന് ഇന്ന് തുടക്കം. 11 ദിവസം നീളുന്ന സിനഡ് കൊച്ചിയിലാണ് നടക്കുന്നത്. ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി സിനഡ് ഉദ്ഘാടനം ചെയ്യും.
എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി വില്‍പ്പന, വ്യജരേഖ വിവാദം തുടങ്ങിയവയാണ് സിനഡിലെ പ്രധാന ചർച്ചാ വിഷങ്ങൾ. സഭയുടെ ആസ്ഥാനകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലാണ് നിര്‍ണായക സിനഡ് യോഗം നടക്കുക.
സിനഡ് യോഗത്തില്‍ സീറോ മലബാര്‍ സഭയിലെ 63 മെത്രാന്മാരില്‍ 57 പേര്‍ പങ്കെടുക്കും. അനാരോഗ്യവും പ്രായാധിക്യവും മൂലം ബാക്കിയുള്ളവര്‍ പങ്കെടുക്കില്ല. വിവിധ കമ്മീഷനുകളുടെ സെക്രട്ടറിമാരും, മേജര്‍ സെമിനാരികളിലെ റെക്ടര്‍മാരും പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായി അല്‍മായ നേതാക്കളുമായും സിനഡ് അംഗങ്ങള്‍ ചര്‍ച്ച നടത്തും.
അതേസമയം തങ്ങള്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കാനാണ് കർദ്ദിനാൾ വിരുദ്ധരുടെ തീരുമാനം. അതിരൂപതക്ക് പുതിയ അഡ്മിനിസ്ട്രേറ്റര്‍ ആര്‍ച്ച് ബിഷപ്പിനെ നിയമിക്കണം എന്നത് ഉള്‍പ്പെടെയുള്ള, ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം വിമത വിഭാഗം രൂപീകരിച്ച അതിരൂപത അല്‍മായ മുന്നേറ്റ സമിതി അംഗങ്ങള്‍ സിനഡിന് നല്‍കും.7 ദിവസത്തിനുള്ളിൽ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ സിനഡ് ഉപരോധമടക്കമുള്ള കാര്യങ്ങളാണ് വിമതർ ആലോചിയ്ക്കുന്നത്.