KeralaNews

കൊട്ടിഘോഷിച്ച് അംഗനവാടിയ്ക്ക് ടി.വി നല്‍കി ശബരീനാഥന്‍ എം.എല്‍.എ, പടം ഫേസ്ബുക്കിലിട്ട് കൈയ്യടിയും നേടി; ഒരുമാസം തികയും മുമ്പ് എടുത്തുകൊണ്ടു പോയി

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിലടക്കം കൊട്ടിഘോഷിച്ച് കെ.എസ് ശബിരീനാഥന്‍ എം.എല്‍.എ ഓണ്‍ലൈന്‍ ക്ലാസിനായി അംഗനവാടിയ്ക്ക് നല്‍കിയ ടി.വി അനുയായികള്‍ തിരിച്ച് എടുത്തുകൊണ്ടു പോയെന്ന് ആക്ഷേപം. ടിവി അംഗനവാടിക്ക് സമ്മാനിക്കുന്ന ഫോട്ടോയെടുത്ത് എംഎല്‍എ ഫേസ്ബുക്കിലുമിട്ടിരുന്നു. ഇതിന് പിന്നാലെ ഒരു മാസം കഴിയും മുമ്പാണ് അദ്ദേഹത്തിന്റെ അനുനായികള്‍ ടിവി എടുത്തുകൊണ്ടുപോയത്.

തൊളിക്കോട് പഞ്ചായത്തിലെ തുരുത്തി പാലക്കോണം കോളനിയിലുള്ള അങ്കണവാടിയിലെ കുട്ടികള്‍ക്കാണ് ശബരീനാഥന്‍ ഓണ്‍ലൈന്‍ പഠനത്തിനായി ടിവി വാങ്ങി നല്‍കിയത്. ഈ വിവരം ചിത്രങ്ങള്‍ സഹിതം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഒരുമാസമാകുമ്പോഴേക്കും മുന്‍ വാര്‍ഡ് അംഗം എന്‍എസ് ഹാഷിമിന്റെ നേതൃത്വത്തിലുള്ളവര്‍ ടിവി തിരികെ എടുത്തുകൊണ്ടു പോവുകയായിരുന്നു.

ടിവി കൊണ്ടുപോയതോടെ കുഞ്ഞുങ്ങളുടെ പഠനം മുടങ്ങി. ഇക്കാര്യം അറിഞ്ഞെത്തിയ സിപിഎം പ്രാദേശിക നേതൃത്വം സഹായവുമായി എത്തിയതോടെയാണ് ആശങ്കയ്ക്ക് വിരാമമായത്. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറിയും സിപിഎം ജില്ലാ സെക്രട്ടറിയറ്റ് അംഗവുമായ വികെ മധു അങ്കണവാടിയിലേക്ക് പുതിയ ടിവി കൈമാറുകയും ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് വിജെ സുരേഷ്, വാര്‍ഡ് അംഗങ്ങളായ അശോകന്‍, അനുതോമസ്, സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം റാഷു തോട്ടുമുക്ക്, ബ്രാഞ്ച് സെക്രട്ടറി ബിനു നാഗര, ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി ഉനൈസ് തുരുത്തി എന്നിവര്‍ പങ്കെടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button