KeralaNewspravasi

കുവൈത്ത് തീപ്പിടുത്തം: എട്ടുപേര്‍ പിടിയില്‍,ഒരു കുവൈത്തി പൗരനും 4 ഈജിപ്റ്റുകാരും 3 ഇന്ത്യക്കാരും കസ്റ്റഡിയില്‍

കുവൈത്ത് സിറ്റി: കുവൈത്ത് തീപിടുത്തത്തിൽ 8 പേർ കസ്റ്റഡിയിലായതായി അറബ് മാധ്യമമായ അറബ് ടൈംസ് റിപ്പോർട്ട്. ഒരു കുവൈത്തി പൗരനും നാല് ഈജിപ്റ്റുകാരും 3 ഇന്ത്യക്കാരും കസ്റ്റഡിയിലുണ്ടെന്നാണ് റിപ്പോർട്ട്. അതേസമയം, വിസയുൾപ്പടെ താമസ – തൊഴിൽ നിയമലംഘനത്തിന് പിടിയിലായ ഇതര രാജ്യക്കാരെ കയറ്റി അയക്കുന്നതിന് നടപടി തുടങ്ങി.  കെട്ടിടങ്ങളിലെ നിയമലംഘനം കണ്ടെത്തി നടപടിയെടുക്കാൻ ആഭ്യന്തര മന്ത്രി നേരിട്ടാണ് വിലയിരുത്തുന്നത്. 

തീപിടുത്തത്തിന് ഉത്തരവാദികളായവരെ ഉടൻ കണ്ടെത്തി കസ്റ്റഡിയിലെടുക്കണമെന്ന് സംഭവദിവസം തന്നെ  കുവൈത്ത് ആഭ്യന്തര മന്ത്രി  നിർദേശിച്ചിരുന്നു. പ്രോസിക്യൂഷൻ നിർദേശ പ്രകാരമാണ് 8 പേർ കസ്റ്റഡിയിലായിരിക്കുന്നത്. നരഹത്യ, കുറ്റകരമായ അനാസ്ഥ കുറ്റങ്ങൾ ചുമത്തിയേക്കും. ഒരു കുവൈത്തി പൗരന് പുറമെ, നാല് ഈജിപ്തുകാരും 3 ഇന്ത്യക്കാരും ഉണ്ടെന്നാണ് അറബ് ടൈംസ് റിപ്പോർട്ട്. ഗാർഡ് റൂമിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് കുവൈത്ത് ഫയർ ഫോഴ്സ് നേരത്തെ കണ്ടെത്തിയിരുന്നു. നിയമം ലംഘിച്ചുള്ള കെട്ടിടങ്ങൾക്കെതിരെയുള്ള നടപടി കർശനമായി നീങ്ങുകയാണ്.  

കഴിഞ്ഞ ദിവസം ഹവല്ലി മേഖലയിൽ കുവൈത്ത് ആഭ്യന്തര – പ്രതിരോധ മന്ത്രിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഫഹദ് യുസഫ് സൗദ് അൽ സബാ തന്നെ വീണ്ടും നേരിട്ട് സന്ദർശനം നടത്തി. ലാഭം മാത്രം നോക്കിയും തൊഴിൽ അവകാശങ്ങൾ ലംഘിച്ചും പ്രവർത്തിക്കുന്നവർക്ക് ഇളവ് നൽകരുതെന്ന് മന്ത്രി നിർദേശിച്ചതായി മന്ത്രാലയം വാർത്താ കുറിപ്പിൽ അറിയിച്ചു. മതിയായ വിസ അടക്കം രേഖകൾ ഇല്ലാതെയും , നിയമം ലംഘിച്ചും ഉൾപ്പടെ കുവൈത്തിൽ തങ്ങുന്ന അനധികൃത താമസ – കുടിയേറ്റക്കാർക്ക് എതിരായ നടപടികളും വേഗത്തിലാക്കും.

താമസ – തൊഴിൽ നിയമങ്ങൾ ലംഘിച്ചു രാജ്യത്ത് തങ്ങിയവരെ അതാത് രാജ്യത്തേക്ക് തിരികെ അയക്കാനും നടപടി തുടങ്ങി. റെസിഡൻസ് ആൻഡ് വർക്ക് ലോയുടെ ആർട്ടിക്കിൽ 20ന്റെ ലംഘനം ഉള്ള കേസുകളിൽ ആണ് നടപടി. നടപടിയുടെ ഭാഗമായി അഭയ കേന്ദ്രങ്ങളിൽ  കഴിയുന്നവർക്ക് എല്ലാ സഹായവും നൽകണമെന്ന് ആഭ്യന്തര മന്ത്രി നിർദേശിച്ചതായി ആഭ്യന്തര മന്ത്രാലയം വാർത്താ കുറിപ്പിൽ അറിയിച്ചു.   ഇതിനിടെ കുവൈത്തിൽ ചൂട് കനക്കുകയാണ്. ഇന്ന് 50 ഡിഗ്രിക്കും മുകളിലെത്തി. രാവിലെ 11 മുതൽ വൈകിട്ട് 4 വരെ ഓൺലൈൻ ബൈക്ക് ഡെലിവറി നിരോധിച്ചു. 

കുവൈത്തില്‍ തീപ്പിടുത്ത ദുരന്തത്തില്‍ കൊല്ലപ്പെട്ട മലയാളികള്‍ ഉള്‍പ്പെടേയുള്ളവർക്ക് കുവൈത്ത് സർക്കാരും നഷ്ടപരിഹാരം നല്‍കുന്നു. മംഗഫിൽ 25 മലയാളികൾ ഉൾപ്പെടെ 49 പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ മരിച്ചവരുടെ കുടുംബത്തിനു പതിനയ്യായിരം ഡോളർ ( ഏകദേശം 5000 ദിനാർ ) വീതം സഹായ ധനമായി നൽകാൻ കുവൈത്ത് സർക്കാർ തീരുമാനിച്ചെന്നാണ് റിപ്പോർട്ട്.

ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുമ്പോള്‍ ഏകദേശം 12.5 ലക്ഷം രൂപയോളം വരും ഇത്. ദുരന്തബാധിതർക്ക് ഇന്നുവരെ പ്രഖ്യാപിക്കപ്പെട്ടതിലെ ഏറ്റവും ഉയർന്ന നഷ്ടപരിഹാരത്തുകയാണ് ഇത്. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക അറബ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അതേസമയം ഇക്കാര്യത്തില്‍ കുവൈത്ത് സർക്കാറിന്റേയോ ഇന്ത്യന്‍ എംമ്പസിയുടെ ഭാഗത്ത് നിന്നോ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. ഇത് ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ധനസഹായം മരണമടഞ്ഞ രാജ്യക്കാരുടെ എംബസികൾ വഴിയാകും വിതരണം ചെയ്യുക. മംഗഫ് ദുരന്തത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് നഷ്ട പരിഹാരം നൽകാൻ അമീർ ഷെയ്ഖ് മിഷ്അൽ അൽ അഹമദ് അസ്സബാഹ് സംഭവ ദിവസം തന്നെ ഉത്തരവ് പുറപ്പെടുവച്ചിരുന്നു. എന്നാൽ ഇത് എത്ര തുകയാണെന്ന് അറിയിച്ചിരുന്നില്ല. അപകടത്തിൽ 25 മലയാളികൾ ഉൾപ്പെടെ 45 ഇന്ത്യക്കാരും 3 ഫിലിപ്പീനോകളും ഉൾപ്പെടെ 49 പേരാണ് മരണമടഞ്ഞത്. ഒരാളുടെ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മലയാളികള്‍ ഉള്‍പ്പെടെ നിരവധിപ്പേർ ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നുമുണ്ട്.

കുവൈത്ത് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. തീപിടുത്തത്തിൽ മരണമടഞ്ഞ മലയാളികളുടെ കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നൽകാൻ നിശ്ചയിച്ചിട്ടുണ്ട്. മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം സഹായം നൽകാം എന്ന് പ്രവാസി വ്യവസായി എം എ യൂസഫലിയും രണ്ട് ലക്ഷം രൂപ വീതം സഹായം നൽകാം എന്ന് പ്രവാസി വ്യവസായി രവി പിള്ളയും അറിയിച്ചിട്ടുണ്ട്. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ രണ്ട് ലക്ഷം രൂപ വീതം സഹായം നൽകും.

മരിച്ചവരുടെ കുടുംബാംഗങ്ങള്‍ എട്ട് ലക്ഷം രൂപയും നാല് വര്‍ഷത്തെ ശമ്പളത്തിന് തുല്യമായ തുക ഇൻഷുറൻസായും നൽകും എൻബിടിസി മാനേജിങ് ഡയറക്ടര്‍ കെജി എബ്രഹാമും നേരത്തെ അറിയിച്ചിരുന്നു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ നേരിട്ട് പോയിക്കാണുമെന്നും അവർക്ക് എല്ലാ പിന്തുണയും കമ്പനി നൽകും. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുവെന്നത് ശരിയല്ല. ഷോർട് സർക്യൂട്ട് ആണ് അപകടകാരണം. അപകടം നടന്ന സമയത്ത് 80 പേരിൽ കൂടുതൽ അവിടെ ഉണ്ടായിരുന്നില്ല. സെക്യൂരിറ്റി ക്യാബിനിൽ നിന്നാണ് ഷോർട് സര്‍ക്യൂട്ട് ഉണ്ടായതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തില്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker