KeralaNews

ശബരിമല ദര്‍ശനത്തിന്‌ രണ്ട് ഡോസ് വാക്‌സിനും ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റും; കർമ്മപദ്ധതി തയ്യാർ

തിരുവനന്തപുരം:ശബരിമല തീർഥാടനത്തോടനുബന്ധിച്ച് മികച്ച ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിന് ആരോഗ്യ വകുപ്പ് ആക്ഷൻ പ്ലാൻ തയ്യാറാക്കി . കോവിഡ് വ്യാപനം പൂർണമായി മാറാത്ത സാഹചര്യം കൂടി മുന്നിൽ കണ്ടാണ് ആക്ഷൻപ്ലാൻ രൂപീകരിച്ചത്. തീർഥാടകർക്കും ജീവനക്കാർക്കും സുരക്ഷ ഉറപ്പ് വരുത്തുന്നതോടൊപ്പം കോവിഡും മറ്റ് പകർച്ചവ്യാധികളുടെ നിയന്ത്രണത്തിനും പ്രതിരോധത്തിനും പ്രാധാന്യം നൽകും. സുരക്ഷിതമായ ശബരിമല മകരവിളക്ക് മഹോത്സവം നടത്തുന്നതിനുള്ള ആക്ഷൻ പ്ലാനാണ് തയ്യാറാക്കിയിരിക്കുന്നതെന്നും ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു.

എല്ലാ തീർത്ഥാടകരും ജീവനക്കാരും രണ്ട് ഡോസ് വാക്സിൻ എടുത്ത സർട്ടിഫിക്കറ്റും 72 മണിക്കൂറിനകം എടുത്ത ആർടിപിസിആർ സർട്ടിഫിക്കറ്റും കരുതണം. മറ്റ് അനുബന്ധ രോഗമുള്ളവർക്കും കോവിഡ് വന്ന് 3 മാസത്തിനുള്ളിൽ ആയിട്ടുള്ളവർക്കും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതുകൊണ്ട് കഴിവതും ശബരിമല ദർശനം ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.

പമ്പ മുതൽ സന്നിധാനം വരെയുളള കാൽനട യാത്രയിൽ തീർഥാടകർക്ക് അമിതമായ നെഞ്ചിടിപ്പ്, ശ്വാസംമുട്ടൽ, നെഞ്ചുവേദന തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളോ ചിലപ്പോൾ ഹൃദയാഘാതം വരെയോ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത്തരം പ്രശ്നങ്ങൾ ഫലപ്രദമായി നേരിടാൻ ആരോഗ്യവകുപ്പ് ഈ വഴികളിൽ അടിയന്തര ചികിത്സാ കേന്ദ്രങ്ങൾ ഏർപ്പെടുത്തും.

എമർജൻസി മെഡിക്കൽ സെന്ററുകൾ, ഓക്സിജൻ പാർലറുകൾ എന്നിവ പമ്പ മുതൽ സന്നിധാനം വരെയുള്ള യാത്രക്കിടയിൽ 5 സ്ഥലങ്ങളിലായി സ്ഥാപിക്കും. തളർച്ച അനുഭവപ്പെടുന്ന തീർഥാടകർക്ക് വിശ്രമിക്കുവാനും ഓക്സിജൻ ശ്വസിക്കുവാനും പ്രഥമശുശ്രൂഷയ്ക്കും രക്തസമ്മർദം നോക്കുവാനുമുള്ള സംവിധാനം ഇവിടെയുണ്ടാകും. ഹൃദയാഘാതം വരുന്ന തീർഥാടകർക്കായി ഓട്ടോമേറ്റഡ് എക്സറ്റേണൽ ഡിബ്രിഫ്രിലേറ്റർ ഉൾപ്പെടെ പരിശീലനം ലഭിച്ച സ്റ്റാഫ് നഴ്സുമാർ 24 മണിക്കൂറും ഈ കേന്ദ്രങ്ങളിൽ ലഭ്യമാക്കും.

സന്നിധാനം, പമ്പ, നിലയ്ക്കൽ, ചരൽമേട് (അയ്യപ്പൻ റോഡ്), എരുമേലി, എന്നീ സ്ഥലങ്ങളിൽ വിദഗ്ധ സംവിധാനങ്ങളോടു കൂടിയ ഡിസ്പെൻസറികൾ പ്രവർത്തിക്കും. സന്നിധാനത്ത് ഒരു അടിയന്തര ഓപ്പറേഷൻ തീയേറ്ററും പ്രവർത്തിക്കും. ഇതുകൂടാതെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും എരുമേലി സി.എച്ച്.സി.യിലും കാഞ്ഞിരപ്പള്ളി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സിലും സൗകര്യങ്ങളൊരുക്കി വരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ തീർഥാടകർക്കായി മികച്ച സൗകര്യമൊരുക്കും.

തീർഥാടകർക്ക് പ്രത്യേക ചികിത്സ ഉറപ്പാക്കാൻ സ്റ്റേറ്റ് ഹെൽത്ത് ഏജൻസി കോട്ടയം, പത്തനംതിട്ട ജില്ലകളിലായി സർക്കാർ, സ്വകാര്യ ആശുപത്രികളെ എംപാനൽ ചെയ്തിട്ടുണ്ട്. കാസ്പ് കാർഡുള്ള തീർഥാടകർക്ക് എംപാനൽ ചെയ്ത സർക്കാർ, സ്വകാര്യ ആശുപത്രികളിൽ നിന്നും സൗജന്യ ചികിത്സ ലഭ്യമാണ്. കാർഡില്ലാത്തവർക്ക് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടാവുന്നതാണ്.

വിവിധ ജില്ലകളിൽ നിന്നും ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ അവശ്യ ചികിത്സാ സേവനത്തിനായ് ഇവിടെ വിന്യസിക്കും. കാർഡിയോളജി, ജനറൽ മെഡിസിൻ, ഓർത്തോപീഡിക്സ്, പൾമണോളജി, സർജറി, അനസ്തീഷ്യ എന്നീ വിഭാഗങ്ങളിലെ സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനങ്ങൾ ശബരിമലയിലെ വിവിധ കേന്ദ്രങ്ങളിൽ ലഭ്യമാക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

ആരോഗ്യവകുപ്പ് ഡയറക്ടർക്കാണ് ശബരിമലയിലെ എല്ലാ പ്രവർത്തനങ്ങളുടേയും സംസ്ഥാനതല മേൽനോട്ടം. കൂടാതെ ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ, നോഡൽ ഓഫീസർ, ഒരു അസി. നോഡൽ ഓഫീസർ തുടങ്ങിയവർ അവിടെ നടത്തുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. പത്തനംതിട്ട ജില്ലയിലെ മെഡിക്കൽ ഓഫീസർ ജില്ലയുടെ ചുമതലയുള്ള നോഡൽ ഓഫീസർമാരായി പ്രവർത്തിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker