തിരുവനന്തപുരം: കര്‍ശന കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ശബരിമല തീര്‍ത്ഥാടനം നടത്താന്‍ തീരുമാനിച്ചതായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തീര്‍ത്ഥാടകര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്നും ശബരിമല ദര്‍ശനം വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ നിയന്ത്രിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നവംബര്‍ 16 ന് ആരംഭിക്കുന്ന ശബരിമല തീര്‍ത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങള്‍ക്കായി മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈന്‍ വഴി ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
കൊവിഡ് വ്യാപകമായതിനെ തുടര്‍ന്നാണ് ശബരിമലയില്‍ ഭക്തര്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നത്. എന്നാല്‍ നവംബറില്‍ തുടങ്ങുന്ന തീര്‍ത്ഥാടന കാലത്ത് ഭക്തര്‍ക്ക് പ്രവേശനം നല്‍കാമെന്നാണ് തീരുമാനം. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. വെര്‍ച്വല്‍ ക്യൂ വഴി മാത്രമാകും ശബരിമലയിലേക്ക് പ്രവേശിപ്പിക്കുക. പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.