കീവ്: യുക്രൈന്‍ തലസ്ഥാനമായ കീവിന്റെ (Kiev) വടക്കിന് സമീപം 64 കിലോമീറ്റര്‍ നീളത്തില്‍ സൈന്യത്തെ (Russian militry) വിന്യസിച്ച് റഷ്യ (Russia). സാറ്റ്‌ലൈറ്റ് ചിത്രങ്ങളിലൂടെയാണ് റഷ്യന്‍ സൈന്യം 64 കിലോമീറ്റര്‍ നീളത്തില്‍ നഗരത്തെ വളയാനൊരുങ്ങി നില്‍ക്കുന്നത് പുറത്തുവന്നത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 27 കിലോമീറ്റര്‍ അധികമാണ് ഇന്ന് സൈന്യത്തെ വിന്യസിച്ചത്. അന്റനോവ് വിമാനത്താവളം മുതല്‍ പ്രിബിര്‍സ്‌ക് നഗരം വരെയാണ് സൈനിക വാഹന വ്യൂഹം എത്തിയത്. വാഹനവ്യൂഹം കടന്നുപോകുന്ന റോഡരികിലെ കെട്ടിടങ്ങളും മരങ്ങളും കത്തുന്നതും ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണെന്ന് ചിത്രങ്ങള്‍ ശേഖരിച്ച മാക്‌സര്‍ ടെക്‌നോളജീസ് പറയുന്നു.
യുക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് 32 കിലോമീറ്ററില്‍ താഴെ വടക്ക് ബെലാറൂസിന്റെ തെക്കന്‍ ഭാഗത്ത് അധിക കരസേന വിന്യാസങ്ങളും ഹെലികോപ്റ്റര്‍ യൂണിറ്റുകളും കണ്ടതായും മാക്സര്‍ ടെക്നോളജീസ് പറഞ്ഞു. യുക്രൈന്‍ തലസ്ഥാനമായ കീവ് പിടിച്ചെടുക്കാന്‍ ആക്രമണം കനപ്പിച്ചിരിക്കുകയാണ് റഷ്യ. കീവ് വിടാന്‍ ജനങ്ങളോട് റഷ്യ ആവശ്യപ്പെട്ടിരുന്നു. ഇന്നും കീവിന് നേരെ ആക്രമണം കടുപ്പിച്ചു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്യന്‍ രാജ്യത്തിന് നേരെയുള്ള ഏറ്റവും വലിയ ആക്രമണമാണ് യുക്രെയ്നിനെതിരെ നടക്കുന്നതെന്നാണ് വിലയിരുത്തല്‍. വ്യാഴാഴ്ച റഷ്യ ആക്രമണം ആരംഭിച്ചതു മുതല്‍ 350-ലധികം സിവിലിയന്മാര്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍ പറഞ്ഞു. ഇന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥിയും കൊല്ലപ്പെട്ടിരുന്നു.
യുക്രൈന് പിന്തുണയുമായി യുറോപ്യൻ യൂണിയന്റെ പ്രത്യേക പാർലമെന്റ് ഇന്ന് ചേർന്നു. അതേസമയം സമാധാന ചർച്ചകളും സമാന്തരമായി നടക്കുന്നുണ്ട്. രണ്ടാം വട്ട ചർച്ച നാളെ നടക്കും.
യുദ്ധം കനത്തതോടെ ഇന്ത്യക്കാർ ഇന്ന് തന്നെ കീവ് വിടണമെന്ന് എംബസി ആവശ്യപ്പെട്ടു. ട്രെയിനോ മറ്റ് മാർഗ്ഗങ്ങളോ തേടാൻ നിർദ്ദേശം നൽകിയിരിക്കുകയാണ് എംബസി. ബങ്കറുകളിൽ നിന്ന് പുറത്തിറങ്ങുന്നത് സുരക്ഷിതമല്ലെന്നാണ് ഇവിടെയുള്ള വിദ്യാർത്ഥികൾ പറയുന്നത്. രക്ഷാദൗത്യത്തിന് വ്യോമസേനാ വിമാനങ്ങളും ഭാഗമാകുമെന്നാണ് വിവരം. കർണാടക സ്വദേശി നവീന്റെ കൊലപാതകത്തിന് പിന്നാലെ ദില്ലിയിലെ റഷ്യ, യുക്രൈൻ അംബാസഡർമാരെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി.
ഭക്ഷണം വാങ്ങാനായി പുറത്തിറങ്ങിയപ്പോഴാണ് നവീൻ റഷ്യയുടെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് നവീനൊപ്പം ഉണ്ടായിരുന്ന വിദ്യാർത്ഥികൾ പറഞ്ഞു. നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്നു നവീൻ എസ് ജ്ഞാനഗൗഡർ. പ്രദേശത്ത് കർഫ്യൂ തുടരുന്നുണ്ടെങ്കിലും കരുതിയിരുന്ന ഭക്ഷണവും വെള്ളവും തീരാറായതോടെയാണ്, ഇത് വാങ്ങാനായി നവീൻ ബങ്കറിൽ നിന്ന് പുറത്തിറങ്ങിയത്. സാധനങ്ങള്‍ വാങ്ങാൻ രാവിലെ കടയിൽ ക്യൂ നില്‍ക്കുമ്പോഴായിരുന്നു ഷെല്ലാക്രമണം.
തൊട്ടുസമീപത്തുള്ള ഗവർണർ ഹൗസ് ലക്ഷ്യമിട്ടായിരുന്നു റഷ്യയുടെ ആക്രമണം. സുരക്ഷിതനാണെന്നും ഇന്ന് തന്നെ അതിര്‍ത്തിയിലേക്ക് തിരിക്കുമെന്നും പറഞ്ഞ് രാവിലെ നവീൻ വീട്ടിലേക്ക് ഫോൺ ചെയ്തിരുന്നു. മകന്‍റെ തിരിച്ചുവരവിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നതിനിടെയാണ് വിദേശകാര്യമന്ത്രാലയത്തിൽ നിന്ന് മരണവാർത്ത അറിയിച്ചത്. സാഹചര്യം അനുകൂലമാകുന്നതനുസരിച്ച് നവീന്‍റെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. 5000 ത്തോളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് കാർകീവ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ പഠിക്കുന്നത്.
ഓപ്പറേഷൻ ഗംഗ ഊർജ്ജിതമാക്കി കേന്ദ്രസർക്കാർ. മിഷന്റെ ഭാഗമാകാൻ വ്യോമസേന വിമാനങ്ങൾക്ക് പ്രധാനമന്ത്രി നിർദ്ദേശം നൽകി. നാല് സി 17 വിമാനങ്ങൾ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാകും. യുക്രൈയിനിലേക്ക് മരുന്നുമായി പുറപ്പെടുന്ന സി 17 വ്യോമസേന വിമാനത്തിൽ പരാമവധി വിദ്യാർത്ഥികളെ തിരികെ എത്തിക്കാനാണ് നീക്കം. സർക്കാരിന്റെ അവസാന നിർദ്ദേശത്തിനായി കാത്തിരിക്കുകയാണെന്ന് വ്യോമസേന വൃത്തങ്ങൾ വ്യക്തമാക്കി. കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുമായി പോളണ്ടിൽ നിന്നടക്കം കൂടുതൽ വിമാനങ്ങൾ ഇന്ന് ഇന്ത്യയിലേക്ക് തിരികെ എത്തും.