
കൊച്ചി:കൈക്കൂലിക്കേസിൽ അറസ്റ്റിലായ എറണാകുളം ആർ.ടി.ഒ ജെർസസന്‍ നടത്തിയത് വമ്പന്‍ അഴിമതിയെന്ന് വിവരങ്ങള്‍ പുറത്തുവരുന്നു വിജിലൻസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായും സൂചന ലഭിച്ചിട്ടുണ്ട്. ജെർസനെ ചോദ്യംചെയ്തപ്പോഴും ഇതുമായി ബന്ധപ്പെട്ട് ചില വിവരങ്ങൾ കിട്ടിയിട്ടുണ്ട്. ഇയാളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കം വിശദമായി വിജിലൻസ് പരിശോധിക്കും.
മുൻപും നിരവധിതവണ ജെർസൻ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ ബോധ്യമായിട്ടുണ്ട്. പിടിക്കപ്പെടാതിരിക്കാൻ ഏജന്റുമാരെ നിയോഗിച്ചാണ് ഇയാളുടെ നേതൃത്വത്തിലുള്ള സംഘം കൈക്കൂലി വാങ്ങിയിരുന്നത്. വിജിലൻസ് ഓഫീസിൽ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്ന ജെർസനെ വൈകീട്ടോടെ കോടതിയിൽ ഹാജരാക്കും.
ഫോർട്ട്‌കൊച്ചി – ചെല്ലാനം റൂട്ടിൽ സർവീസ് നടത്തുന്ന ബസിന്റെ താത്കാലിക പെർമിറ്റ് പുതുക്കുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ആർ.ടി.ഒ പിടിയിലായത്. കൈക്കൂലിയായി 5,000 രൂപയും മദ്യക്കുപ്പിയും വാങ്ങാനെത്തിയ ഏജന്റ് സജിയെയും രാമ പടിയാറിനെയും ബുധനാഴ്ച ഉച്ചയ്ക്ക് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിനു മുന്നിൽവെച്ച് വിജിലൻസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിനെ തുടർന്നാണ് ആർ.ടി.ഒ. ജെർസനെ അറസ്റ്റ് ചെയ്തത്.
പരാതിക്കാരന്റെ സുഹൃത്തിന്റെ പേരിലുള്ള പ്രൈവറ്റ് ബസിന്റെ റൂട്ട് പെർമിറ്റ് കഴിഞ്ഞ മൂന്നിന് അവസാനിച്ചിരുന്നു. ഇതേ ബസ്സുടമയുടെ മറ്റൊരു ബസിന് പെർമിറ്റ് അനുവദിക്കുന്നതിന് ആർ.ടി. ഓഫീസിൽ അപേക്ഷ നൽകിയിരുന്നു. തുടർന്ന് ആർ.ടി.ഒ. ജെർസൻ ആറാം തീയതി വരെ താത്‌കാലിക പെർമിറ്റ് അനുവദിച്ചു. ശേഷം പെർമിറ്റ് അനുവദിക്കുന്നത് വൈകിപ്പിച്ചു.
പിന്നീട് ജെർസന്റെ നിർദേശപ്രകാരം ഏജന്റായ രാമ പടിയാർ പരാതിക്കാരനെ സമീപിച്ചു. പെർമിറ്റ് അനുവദിക്കുന്നതിന് മറ്റൊരു ഏജന്റായ സജിയുടെ കൈയിൽ 5,000 രൂപ കൈക്കൂലി നൽകണമെന്ന് ആർ.ടി.ഒ. ജെർസൻ പറഞ്ഞതായി അറിയിച്ചു. പരാതിക്കാരൻ ഇത് വിജിലൻസിനെ അറിയിച്ചു.
ബുധനാഴ്ച ഉച്ചയ്ക്ക് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിനു മുന്നിൽ വെച്ച് പരാതിക്കാരനിൽനിന്ന് സജി 5,000 രൂപയും ഒരു കുപ്പി വിദേശമദ്യവും കൈക്കൂലിയായി വാങ്ങുമ്പോഴാണ് വിജിലൻസ് പിടികൂടിയത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു ഏജന്റായ രാമ പടിയാരെയും പിടികൂടി. തുടർന്ന് ഏജന്റുമാരുടെ മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ആർ.ടി.ഒ. ജെർസനെ അറസ്റ്റ് ചെയ്തത്. ജെർസന്റെ ഇടപ്പള്ളിയിലുള്ള വീട്ടിൽ നടന്ന പരിശോധനയിൽ 49 കുപ്പി വിദേശമദ്യവും വിജിലൻസ് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രത്യേകം കേസ് രജിസ്റ്റർ ചെയ്യാൻ റിപ്പോർട്ട് നൽകുമെന്നാണ് വിജിലൻസ് അറിയിക്കുന്നത്.
ആർ ടി ഒ പ്രതിയായ കൈക്കൂലി കേസില്‍ ബസ് പെർമിറ്റ് അനുവദിക്കാൻ ഏജന്റുമാരെ വച്ച് ആര്‍ടിഒ പണം പിരിച്ചെന്ന് റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നു. മൂന്നാം പ്രതിയായ രാമപടിയാർ വഴിയാണ് പരാതിക്കാരനോട് കൈക്കൂലി ആവശ്യപ്പെട്ടത്. ജർസൻ, രണ്ടാം പ്രതി സജേഷ്, മൂന്നാം പ്രതി രാമപടിയാർ എന്നിവർ പരസ്പരം ബന്ധപ്പെട്ടിരുന്നത് വാട്ട്സ്ആപ്പ് കോളുകൾ വഴിയെന്നും കണ്ടെത്തല്‍. ഇതിന്റെ തെളിവ് ഇവരുടെ ഫോണിൽ നിന്ന് കിട്ടിയെന്നും വിജിലൻസ് റിപ്പോര്‍ട്ട്.
മൂവരും ചേർന്ന് സമാന രീതിയിലുള്ള അഴിമതി നേരെത്തെ നടത്തിയതായും സംശയം. എറണാകുളം ആര്‍ടിഒ ഓഫീസിലെ ഉദ്യോഗസ്ഥരിൽ നിന്ന് മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്നും മറ്റേതെങ്കിലും ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനു വേണ്ടി മൂന്ന് പ്രതികൾക്കായി നാളെ അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നൽകും.