30.6 C
Kottayam
Friday, April 26, 2024

പോപ്പുലറിന് പിന്നാലെ അടുത്ത വൻമരവും വീണു? നികുതി വെട്ടിപ്പിൽ കസ്റ്റഡിയില്‍ എടുത്ത മിനി മുത്തൂറ്റ് എംഡി റോയ് മാത്യുവിനെ കസ്റ്റംസ് വിട്ടയച്ചത് കർശന ഉപാധികളോടെ

Must read

കൊച്ചി: കസ്റ്റഡിയില്‍ എടുത്ത മിനി മുത്തൂറ്റ് എംഡി റോയ് മാത്യുവിനെ കസ്റ്റംസ് കർശന ഉപാധികളോടെ വിട്ടയച്ചു. കസ്റ്റംസ് തീരുവയായി വെട്ടിച്ച 30 കോടി രൂപ അടക്കുന്നത് സംബന്ധിച്ച് വരുന്ന ബുധനാഴ്‍ച്ചയ്ക്കകം തീരുമാനം അറിയിക്കണമെന്ന ഉപാധിയിലാണ് ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചത്. വിവിധ ബാങ്കുകളിൽ നിന്ന് വായ്പയെടുത്ത 25 കോടി രൂപ തിരിച്ചടയ്ക്കുന്നതിലും തീരുമാനം അറിയിക്കണം. ആലപ്പുഴയിലെ കാപ്പിക്കോ റിസോർട്ടിലേയ്ക്കായി വിദേശത്ത് നിന്ന് 14 കോടി രൂപയുടെ സാധനങ്ങൾ കസ്റ്റംസ് തീരുവ വെട്ടിച്ച് ഇറക്കിയതിലാണ് കസ്റ്റംസ് അന്വേഷണം നടക്കുന്നത്.

തീരദേശ പരിപാലന നിയമം ലംഘിച്ചാണ് നിർമ്മാണമെന്ന് കണ്ടെത്തിയതോടെ 2013 ൽ കാപ്പിക്കോ റിസോർട്ട് പൊളിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. കഴിഞ്ഞ ജനുവരിയിൽ സുപ്രീംകോടതിയും ഇത് ശരിവെച്ചു. ആലപ്പുഴ ചേർത്തലയിലെ നെടിയംതുരുത്തിൽ മുത്തൂറ്റ് മിനി ഗ്രൂപ്പും കാപ്പിക്കോ കുവൈറ്റ് കമ്പനിയും ചേർന്ന് കെട്ടിപ്പൊക്കിയ റിസോർട്ടിലേക്കായി വിദേശത്ത് നിന്ന് എത്തിച്ചത് കോടിക്കണക്കിന് രൂപയുടെ ആഡംബര വസ്തുക്കളാണ്. 2009 മുതൽ തുടങ്ങിയ ഇറക്കുമതിയിൽ 14 കോടി രൂപ കസ്റ്റംസ് തീരുവ വെട്ടിച്ചതായി നേരത്തെ കണ്ടെത്തിയിരുന്നു.

ഇക്കാര്യം ചൂണ്ടിക്കാണിച്ച് കസ്റ്റംസ് നിരവധി തവണ നോട്ടീസ് നൽകിയെങ്കിലും റോയ് മാത്യു നികുതി തുക അടച്ചില്ല. തുടർന്നാണ് റോയ് മാത്യുവിനെ തിരുവല്ലയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് ഉച്ചയോടെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ എത്തിച്ചത്. കേന്ദ്ര പരോക്ഷ നികുതി വകുപ്പിന്‍റയെും അന്വേഷണം ഇക്കാര്യത്തിൽ പുരോഗമിക്കുകയാണ്. എന്നാൽ റോയ് മാത്യുവിന്‍റെ ചോദ്യം ചെയ്യലിന് മുത്തൂറ്റ് ഗ്രൂപ്പുമായി യാതൊരു ബന്ധമില്ലെന്ന് മിനി മുത്തൂറ്റ് ഗ്രൂപ്പ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. കാപ്പിക്കോ കേരള റിസോർട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയിൽ റോയ് മാത്യുവിന് നാമമാത്രമായ ഓഹരി മാത്രമേ ഉള്ളുവെന്നും കമ്പനി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week