ഗുജറാത്തി ചിത്രവുമായി നയൻസും വിഘ്‌നേഷും; റൗഡി പിക്ചേഴ്സിന്റെ പുതിയ സിനിമ പ്രഖ്യാപിച്ചു
ചെന്നൈ:വ്യത്യസ്തവും പുതുമയാർന്നതുമായ സിനിമകളിലൂടെ ശ്രദ്ധ നേടിയ നിർമ്മാണ കമ്പനിയാണ് നയൻതാരയുടെയും സംവിധായകൻ വിഘ്നേഷ് ശിവന്റെയും റൗഡി പിക്ചേഴ്സ്. തമിഴ് സിനിമകൾ മാത്രം ഒരുക്കിയിട്ടുള്ള നിർമ്മാണ കമ്പനി ആദ്യമായി ഗുജറാത്തി ചിത്രമൊരുക്കാൻ പോവുകയാണ്. ‘ശുഭ് യാത്ര’ എന്ന ചിത്രത്തിലൂടെയാണ് റൗഡി പിക്ചേഴ്സിന്റെ ഗുജറാത്തി സിനിമാലോകത്തേക്കുള്ള അരങ്ങേറ്റം.
മനീഷ് സൈനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ശുഭ് യാത്രയിൽ മൽഹർ തക്കർ, മോണാൽ ഗുജ്ജാർ, ദർശൻ ജരിവല്ല, ഹിതു കനോഡിയ, അർച്ചൻ ത്രിവേദി, ഹെമിൻ ത്രിവേദി, മഗൻ ലുഹാർ, സുനിൽ വിശ്രാണി, ജയ് ഭട്ട് എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ചിത്രം ഏപ്രിൽ 28 ന് തിയേറ്ററുകളിൽ എത്തും.
നെട്രിക്കണ്ണ്, പെബിൾസ് , റോക്കി തുടങ്ങിയ ചിത്രങ്ങൾ ആണ് റൗഡി പിക്ചേഴ്സ് നിർമ്മിച്ചിരിക്കുന്നത്. ഈ സിനിമകളെല്ലാം ഏറെ പ്രശംസയും നിരൂപക ശ്രദ്ധയും നേടിയിരുന്നു. വിജയ് സേതുപതിയും നയൻതാരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വിഘ്‌നേഷ് ശിവൻ ചിത്രം ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിന്റെ വൻ വിജയത്തെ തുടർന്നാണ് ഈ സംരംഭത്തിന് റൗഡി പിക്‌ചേഴ്‌സ് എന്ന് പേരിട്ടത്.