വയനാട് തിരുനെല്ലിയിൽ സ്വകാര്യ ബസ് തടഞ്ഞു നിർത്തി യാത്രക്കാരനിൽ നിന്നും ഒന്നരക്കോടിയോളം രൂപ കവർച്ച ചെയ്ത കേസിലെ പ്രതികളെ പിടികൂടി. കർണാടക മാണ്ഡ്യയിൽ നിന്നും 4 പേരെയാണ് മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വയനാട് സ്വദേശികളായ സുജിത്ത്, ജോബിഷ്, എറണാകുളം സ്വദേശി ശ്രീജിത്ത് വിജയൻ, കണ്ണൂർ സ്വദേശി സക്കീർ ഹുസൈൻ എന്നിവരാണ് പിടിയിലായത്. ക്രിമിനൽ സംഘത്തെ സാഹസികമായി കീഴടക്കുന്നതിനിടെ തിരുനെല്ലി സി.ഐ പി.എൽ ഷൈജുവിന് നേരെ കാർ കയറ്റിയിറക്കാൻ ശ്രമമുണ്ടായി.
ഒക്ടോബർ 5 ന് പുലർച്ചെ നാല് മണിയോടെയാണ് സംഘം കവർച്ച നടത്തിയത്. പൊലീസ് എന്നെഴുതിയ സ്റ്റിക്കറൊട്ടിച്ച കാറിലെത്തിയ ഏഴംഗ സംഘം ബസ് യാത്രക്കാരനായ തിരൂർ സ്വദേശിയിൽ നിന്നും ഒരു കോടി നാൽപ്പത് ലക്ഷം രൂപ കവർന്നതായാണ് പരാതി. കാറിൽ വന്നവര്‍ കഞ്ചാവ് പിടികൂടാൻ വന്ന ഉദ്യോഗസ്ഥരാണെന്നാണ് മറ്റുള്ളവരോട് പറഞ്ഞത്.
ബെഗലുരുവില്‍ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരന്‍റെ പണമാണ് നഷ്ടമായത്. ഇന്നോവ കാറില്‍ ഏഴംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. തിരുനെല്ലി തെറ്റ് റോഡിന് സമീപത്ത് വെച്ച് വെളുത്ത ഇന്നോവ കാറിലെത്തിയ സംഘം ബസ് തടഞ്ഞ് നിര്‍ത്തുകയായിരുന്നു.
നേരത്തെ തോൽപ്പെട്ടി ചെക്പോസ്റ്റിൽ നിന്ന് എക്സൈസ് വകുപ്പ് പിടിച്ചെടുത്ത 50 ലക്ഷം രൂപയിൽ 10 ലക്ഷം രൂപ അപ്രത്യക്ഷമായതായി പരാതി ഉയര്‍ന്നിരുന്നു. എക്സൈസ് വകുപ്പ് പിടിച്ചെടുത്ത കള്ളപ്പണം ദുരൂഹ സാഹചര്യത്തിൽ കാണാതായ സംഭവത്തിൽ സ്പെഷൽ ബ്രാഞ്ചും എക്സൈസും അന്വേഷണം തുടങ്ങി. ഈ മാസം 8 ന് രാവിലെ തോൽപെട്ടി ചെക്പോസ്റ്റില്‍ വച്ചാണ് എക്സൈസ് ഉദ്യോഗസ്ഥർ മധുര സ്വദേശിയിൽ നിന്ന് കണക്കിൽപ്പെടാത്ത അരക്കോടി രൂപ പിടിച്ചെടുത്തത്.