മലപ്പുറത്ത് കള്ളക്കടത്തുകാരെ കൊള്ളയടിച്ച് കൊള്ളസംഘം; നഷ്ടമായത് 35 ലക്ഷം രൂപയുടെ സ്വര്‍ണ്ണം
മലപ്പുറം: വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കള്ളക്കടത്തുകാരെ കൊള്ളയടിച്ച് കൊള്ളസംഘം. 35 ലക്ഷത്തോളം വിലമതിക്കുന്ന സ്വര്‍ണവുമായി കൊള്ളസംഘം കടന്നു. മലപ്പുറത്ത് കൊണ്ടോട്ടി മുസ്ല്യാര്‍ അങ്ങാടിയിലാണ് സംഭവം. ഇന്ന് പുലര്‍ച്ചയാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ 900 ഗ്രാം സ്വര്‍ണവുമായി കോഴിക്കോട് അത്തോളി സ്വദേശി എത്തിയത്. വിമാനത്താവളത്തില്‍ നിന്ന് പുറത്തെത്തിയ ഉടന്‍ സ്വര്‍ണം പെരിന്തല്‍മണ്ണ സ്വദേശികളായ രണ്ടുപേര്‍ക്ക് കൈമാറി.
തുടര്‍ന്ന് ഇവര്‍ മറ്റൊരു കാറില്‍ പുറപ്പെട്ടു. കൊണ്ടോട്ടി മുസ്‌ല്യാര്‍ അങ്ങാടിയില്‍ എത്തിയപ്പോള്‍ ഇന്നോവ കാറിലെത്തിയ സംഘം ഇവരെ ആക്രമിക്കുകയായിരുന്നു. കാറിന് വിലങ്ങനെ ഇന്നോവയിട്ട സംഘം സിനിമാസ്‌റ്റൈലില്‍ ആക്രണം നടത്തി യാത്രക്കാരെ കാറില്‍ നിന്ന് വലിച്ചിറക്കി കാറുമായി കടന്നു. ഒരു കിലോമീറ്റര്‍ അകലെ കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയെങ്കിലും സ്വര്‍ണം നഷ്ടമായി. തുടര്‍ന്ന് ഇവര്‍ പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.