Entertainment

കല്യാണവീടുകളിലൊക്കെ പോയി എച്ചില്‍ പെറുക്കി കഴിച്ചാണ് ജീവിച്ചത്, സമ്പന്നരുടെ വീട്ടുമുറ്റത്ത് പോലും പ്രവേശനമില്ല; നീറുന്ന അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് ആര്‍.എല്‍.വി രാമകൃഷ്ണന്‍

സംഗീത നാടക അക്കാദമിയുടേയും സമൂഹത്തിന്റേയും വിവേചനങ്ങളില്‍ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച ആര്‍.എല്‍.വി രാമകൃഷ്ണന്‍ ഇപ്പോള്‍ ജീവിതത്തിലേക്ക് തിരിച്ചുവരവിന്റെ പാതയിലാണ്. സമൂഹത്തില്‍ നിന്ന് നേരിടേണ്ടി വന്ന വിവേചനങ്ങള്‍ തുറന്ന് പറയുകയാണ് രാമകൃഷ്ണന്‍. അവഗണനകള്‍ മാത്രമാണ് കുട്ടിക്കാലം തൊട്ടേ നേരിട്ടതെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍ പറയുന്നു.

പഠനത്തില്‍ ഏറെ മുന്നിലായതിനാല്‍ തന്നെ ഡോക്ടറാക്കണമെന്നായിരുന്നു സഹോദരനായ മണിയുടെ ആഗ്രഹമെന്ന് രാമകൃഷ്ണന്‍ ഓര്‍ത്തെടുക്കുന്നു. എന്നാല്‍ കുട്ടിക്കാലം തൊട്ടേ നൃത്തത്തില്‍ തല്‍പ്പരനായതിനാല്‍ പ്രിഡിഗ്രി പാതിയില്‍ ഉപേക്ഷിച്ച് മോഹിനിയാട്ടം ഡിപ്ലോമയ്ക്ക് ചേരുകയായിരുന്നു. പിന്നീട് മോഹിനിയാട്ടത്തില്‍ പോസ്റ്റ് ഡിപ്ലോമ നേടുകയും ശേഷം ഒന്നാംറാങ്കോടെ എംഎ ബിരുദവും 2018ല്‍ മോഹിനിയാട്ടത്തിലെ ആണ്‍സ്വാധീനത്തെ കുറിച്ച് പഠനം നടത്തി ഡോക്ടറേറ്റും നേടി. പിന്നീട് കാലടിശ്രീശങ്കര യൂണിവേഴ്സിറ്റിയിലും താല്‍കാലിക അധ്യാപകനായി.

കലാഭവന്‍ മണി മുമ്പ് തന്റെ കഷ്ടപ്പാടുകളെ കുറിച്ച് പറഞ്ഞതിനും അപ്പുറമായിരുന്നു തങ്ങളുടെ കുടുംബത്തിന്റെ കഷ്ടപ്പാടെന്ന് ആര്‍എല്‍വി പറയുന്നുണ്ട്. സമീപത്തെ സമ്പന്നരുടെ കല്യാണവീടുകളിലൊക്കെ എച്ചിലു പെറുക്കാന്‍ പോകുമായിരുന്നു. ഭക്ഷണം കഴിച്ചതിനുശേഷം ആള്‍ക്കാര്‍ കൊണ്ടിടുന്ന ഇലയില്‍ നിന്നു പഴവും കറികളുമൊക്കെ പാത്രത്തിലാക്കി വീട്ടില്‍ കൊണ്ടുപോകും. ആ ചോറും കറിയും ചൂടാക്കിയാണ് കുറച്ചു ദിവസം കഴിച്ചിരുന്നത്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ആര്‍എല്‍വിയുടെ തുറന്നു പറച്ചില്‍.

സമ്പന്നരായവര്‍ വിശേഷദിവസങ്ങളില്‍ ആഹാരം തരും. ഇഡ്ഡലിയും സാമ്പാറും ചോറും കറികളുമെല്ലാം കൂടി ഒരു കൂടയിലാക്കി ഗേറ്റിനടുത്തു കൊണ്ടുവയ്ക്കും. ഞാനും ചേട്ടനും അതെടുത്തു കൊണ്ടുപോരും. മുറ്റത്തേക്കു പോലും പ്രവേശനമില്ല. ഞങ്ങള്‍ക്ക് അറിയാമായിരുന്നു ഏതു വീട്ടിലാണ് പോകാവുന്നത്, എവിടെയാണ് പോകാന്‍ പാടില്ലാത്തത്, ഏതൊക്കെ വീടുകളുടെ മുന്നില്‍ നിന്ന് എത്ര അടി മാറിനില്‍ക്കണം എന്നൊക്കെ.- ഹൃദയം നുറുങ്ങുന്ന അനുഭവങ്ങളെ കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ.

കുട്ടിക്കാലത്ത് മാത്രമല്ല. കോളജ് പഠനകാലത്തും അയിത്തം ഉണ്ടായിട്ടുണ്ട്. പല മോഹിനിയാട്ടം ക്ലാസുകളില്‍ നിന്നും ശില്‍പശാലകളില്‍ നിന്നും ഇറക്കിവിട്ടിട്ടുണ്ട്. അങ്ങനെ ജാതിവിവേചനവും ലിംഗവിവേചനവും നേരിട്ടിട്ടുണ്ട്. പക്ഷേ, അന്നൊക്കെ ചേട്ടന്‍ ഉണ്ടായിരുന്നതുകൊണ്ട് ഒരു താങ്ങുണ്ടായിരുന്നു. ഇന്ന് അതില്ല. അതുകൊണ്ടാണ് ആത്മഹത്യാശ്രമം വരെ ഉണ്ടായിപ്പോയതെന്നും ആര്‍എല്‍വി രാമകൃഷ്ണന്‍ കണ്ണീരോടെ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker