സഹ സംവിധായകനായി മുന്‍ ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ്; ചിത്രം വൈറൽ
കൊച്ചി:സത്യന്‍ അന്തിക്കാടിന്റെ സഹ സംവിധായകനായി മുന്‍ ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ്. ജയറാമും മീരാ ജാസ്മിനും മുഖ്യവേഷങ്ങളില്‍ അഭിനയിക്കുന്ന പുതിയ ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറില്‍ ഒരാളാണ് ഋഷിരാജ് സിംഗ്. ലൊക്കേഷനില്‍ ഓരോ ഷോട്ടിനെ കുറിച്ചും തന്റെ പേപ്പറില്‍ എഴുതിവെക്കുന്ന ഒരു തുടക്കകാരനാവുകയാണ് മുന്‍ ജയില്‍ ഡി.ജി.പി കൂടിയായ ഋഷിരാജ് സിംഗ്.
സിനിമ ഗൗരവമായി പഠിക്കാനുള്ള സമയം കിട്ടിയെന്നും നടന്‍ ശ്രീനിവാസനാണ് സത്യന്‍ അന്തികാടിനെ നിര്‍ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. പരിചയസമ്പന്നനായ ഒരാളുടെ കൂടെ പഠിക്കണമെന്നും സത്യനാണ് അതിന് പറ്റിയ ആളെന്നും ശ്രീനിവാസനാണ് പറഞ്ഞത്. സംവിധാനം നന്നായി പഠിച്ച ശേഷം മാത്രമെ ആദ്യ സിനിമ ചെയ്യുകയുള്ളൂവെന്നും അത് മലയാളത്തില്‍ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഈയിടെയാണ് ഋഷിരാജ് സിംഗ് സര്‍വീസില്‍ നിന്ന് വിരമിക്കുന്നത്.1985 ഐ.പി.എസ് ബാച്ചുകാരനാണ് ഋഷിരാജ് സിംഗ്.
സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ജയറാം നായകനും മീരാ ജാസ്മിൻ നായികയുമാവുന്ന ചിത്രം ഇക്കഴിഞ്ഞ വിഷു ദിനത്തിലാണ് പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ച വിവരം സത്യൻ അന്തിക്കാട് ഫേസ്ബുക്ക് പോസ്റ്റിലെ കുറിപ്പിലൂടെ അറിയിച്ചു.
“വിജയദശമി ദിനത്തിൽ മീര ജാസ്മിൻ വീണ്ടും ക്യാമറക്കു മുന്നിലെത്തി. പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദമാണ് സെറ്റിലാകെ. എത്രയെത്ര ഓർമ്മകളാണ്. രസതന്ത്രത്തിൽ ആൺകുട്ടിയായി വന്ന ‘കൺമണി’. അമ്മയെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തിയ ‘അച്ചു’. ഒരു കിലോ അരിക്കെന്താണ് വിലയെന്ന് ചോദിച്ച് വിനോദയാത്രയിലെ ദിലീപിനെ ഉത്തരം മുട്ടിച്ച മിടുക്കി.
മീര ഇവിടെ ജൂലിയറ്റാണ്. കൂടെ ജയറാമും, ദേവികയും, ഇന്നസെന്റും, സിദ്ദിഖും, കെ പി എ സി ലളിതയും, ശ്രീനിവാസനുമൊക്കെയുണ്ട്. കേരളത്തിലെ തിയ്യേറ്ററുകളിലൂടെത്തന്നെ ഞങ്ങളിവരെ പ്രേക്ഷകരുടെ മുന്നിലേക്കെത്തിക്കാനുള്ള ഒരുക്കത്തിലാണ്,” സത്യൻ അന്തിക്കാട് കുറിച്ചു.
ഇഖ്ബാൽ കുറ്റിപ്പുറം രചന നിർവഹിക്കും. നിർമ്മാണം സെൻട്രൽ പ്രൊഡക്ഷൻസ്. ഛായാഗ്രഹണം: എസ്. കുമാർ. സംഗീതം: വിഷ്ണു വിജയ്, വരികൾ: ഹരിനാരായണൻ.
ഇക്കഴിഞ്ഞ വിഷു ദിനത്തിലാണ് ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ സത്യൻ അന്തിക്കാട് ചിത്രം പ്രഖ്യാപിച്ചത്.
“ചിന്താവിഷ്ടയായ ശ്യാമള’ക്ക് ലഭിച്ച രാമു കാര്യാട്ട് പുരസ്‌കാരം സ്വീകരിക്കാൻ തൃശ്ശൂർ റീജ്യണൽ തീയേറ്ററിലെത്തിയപ്പോൾ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി ശ്രീനിവാസൻ പറഞ്ഞു – “ഇനി ഞാനൊരു രഹസ്യം പറയാം. ഈ സിനിമയുടെ കഥ ഞാൻ മോഷ്ടിച്ചതാണ്.”
എല്ലാവരും അമ്പരന്നു. സിനിമ റിലീസ് ചെയ്ത് നൂറു ദിവസം കഴിഞ്ഞിരിക്കുന്നു. ഇതു വരെ അങ്ങനെയൊരു ആരോപണം ഒരിടത്തു നിന്നും കേട്ടിട്ടില്ല.
ചെറിയൊരു നിശ്ശബ്ദതക്ക് ശേഷം ശ്രീനി പറഞ്ഞു – “ഈ കഥ, നിങ്ങളുടെ ജീവിതത്തിൽ നിന്നും ഞാൻ മോഷ്ടിച്ചതാണ്.”അമ്പരപ്പു മാറി സദസ്സിൽ നീണ്ട കരഘോഷം ഉയർന്നു.
ശരിയാണ്. നമ്മുടെ ചുറ്റുപാടുമുള്ള ജീവിതത്തിൽ നിന്ന് അടർത്തിയെടുക്കുന്ന കഥകളാണ് എന്നുമെന്നും ഓർമ്മിക്കുന്ന സിനിമകളായി മാറുക. ഞാനെപ്പോഴും ആഗ്രഹിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് അത്തരം കഥകൾക്ക് വേണ്ടിയാണ്.
ഇതാ – ഈ വിഷുവിന് പുതിയ സിനിമയുടെ വിശേഷങ്ങൾ നിങ്ങളുമായി പങ്കുവെക്കുന്നു.” എന്നായിരുന്നു പോസ്റ്റിന്റെ തുടക്കം.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിൽ നായികയായി വേഷമിട്ട മീര ജാസ്മിൻ സൂത്രധാരൻ എന്ന സിനിമയിലൂടെയാണാണ് അഭിനയരംഗത്തെത്തുന്നത്. 2014 ൽ വിവാഹം കഴിഞ്ഞ ശേഷം സിനിമാ രംഗത്തുനിന്നും വിട്ടുനിന്ന മീര, പത്തുകല്പനകൾ, പൂമരം സിനിമകളിൽ പ്രത്യക്ഷപ്പെട്ടു.