ലണ്ടന്‍: ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ ടീം ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ത്യന്‍ താരങ്ങളില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ രാവിലെ പുറത്തുവന്നിരുന്നു. പിന്നാലെയാണ് പന്തിനാണ് കൊവിഡ് എന്ന വിവരം ബിസിസിഐ വൃത്തങ്ങള്‍ തന്നെ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ പന്തിനെ നിരീക്ഷണത്തിലേക്ക് മാറ്റി. അടുത്ത എട്ട് ദിവസം താരം നിരീക്ഷണത്തിലായിരിക്കും. പ്രകടമായ ലക്ഷണങ്ങളൊന്നും പന്തിന് ഉണ്ടായിരുന്നില്ല. ടീമിലെ മറ്റ് താരങ്ങളുമായി സമ്പര്‍ക്കമില്ലാതിരുന്നതും ആശ്വാസമായി.
പന്തിനെ ഒഴിവാക്കി ടീം ദര്‍ഹാമിലേക്ക് പോകും. കൊവിഡ് നെഗറ്റീവായ ശേഷം ആരോഗ്യസ്ഥിതി പരിശോധിച്ചാവും പന്തിനെ ടീമിനൊപ്പം ചേര്‍ക്കുന്നത്. കൊവിഡ് പ്രോട്ടോക്കോള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് ചൂണ്ടിക്കാട്ടി കളിക്കാര്‍ക്ക് ബിസിസിഐ സെക്രട്ടറി ജയ് ഷാ കത്തയച്ചിട്ടുണ്ട്.
ന്യൂസിലന്‍ഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ഇന്ത്യന്‍ താരങ്ങള്‍ ഇംഗ്ലണ്ടില്‍ അവധി ആഘോഷിക്കുകയായിരുന്നു. പന്ത് ഇതിനിടെ യൂറോ കപ്പ് മത്സരങ്ങള്‍ കാണാന്‍ പോയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് ടീമിനൊപ്പം ചേരുന്നതിനായി കൊവിഡ് പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. കൗണ്ടി ഇലവനെതിരേ ടീം ഇന്ത്യ ജൂലൈ 20ന് പരിശീലന മത്സരത്തിനിറങ്ങുന്നുണ്ട്. ഓഗസ്റ്റ് നാലിനാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റ്.