17 സ്ത്രീകള്‍ വൈരമുത്തുവിനെതിരെ ലൈംഗിക അതിക്രമത്തിന് പരാതി നല്‍കിയിരുന്നു,; ഒഎൻവി പുരസ്‌കാരത്തിൽ പ്രതിഷേധവുമായി റിമാ കല്ലിങ്കൽ ; ഇതോ ഒഎൻവി പുരസ്‌കാര യോഗ്യതയെന്ന് ആരാധകരും ?
കൊച്ചി:നിരവധി പേര്‍ മി ടൂ ഉന്നയിച്ച ഗാനരചയിതാവ് വൈരമുത്തുവിനെ ഒഎന്‍വി സാഹിത്യ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതില്‍ പ്രതിഷേധമറിയിച്ച് കൂടുതല്‍ പേര്‍ രംഗത്തെത്തിയിരിക്കുകയാണ് . പതിനേഴു സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണമുള്ള വ്യക്തിയാണ് വൈരമുത്തുവെന്ന് നടി റിമ കല്ലിങ്കല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഓ എൻ വി കൾച്ചറൽ അക്കാദമി ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ ഒപ്പുവച്ച പ്രസ്ഥാവന പങ്കുവച്ചുകൊണ്ടായിരുന്നു റിമയുടെ പോസ്റ്റ്.
ട്വിറ്ററിലും പുരസ്‌കാര നിര്‍ണയത്തിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ഇതിനോടകം തന്നെ ഗായിക ചിന്‍മയി ശ്രീപദ, മീന കന്ദസ്വാമി, മാധ്യമപ്രവര്‍ത്തക ധന്യ രാജേന്ദ്രന്‍, പാര്‍വതി തിരുവോത്ത് എന്നിവര്‍ അവാര്‍ഡ് നിര്‍ണയത്തിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ രംഗത്ത് വന്നിട്ടുണ്ട്.
കമല സുരയ്യയുള്‍പ്പടെയുള്ള ശക്തരായ സ്ത്രീപക്ഷ എഴുത്തുകാരികളാല്‍ അറിയപ്പെടുന്ന നാടാണ് കേരളം. വൈരമുത്തുവിനെ പോലെയുള്ള സ്ത്രീവിരുദ്ധന് ഒ.എന്‍. വി സാംസ്‌കാരിക അക്കാദമി അവാര്‍ഡ് നല്‍കുന്നതിലൂടെ മലയാള സാഹിത്യലോകത്തെ സ്ത്രീപക്ഷപാരമ്പര്യങ്ങളേയും എഴുത്തുകാരെയും അപമാനിച്ചിരിക്കുകയാണ് അധികൃതര്‍. എന്ന് മീന കന്ദസ്വാമി ട്വീറ്ററിൽ കുറിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനാണ് ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമിയുടെ രക്ഷാധികാരി. അടൂര്‍ ഗോപാലകൃഷ്ണനാണ് ചെയര്‍മാന്‍. സിപിഎം പി.ബി അംഗം എം.എ.ബേബി, പ്രഭാവര്‍മ്മ, ബിനോയ് വിശ്വം, എം.കെ മുനീര്‍, സി.രാധകൃഷ്ണന്‍ എന്നിവരും അക്കാദമിയുടെ ഭാഗമാണ്.
പുരസ്‌കാരം പിന്‍വലിക്കണമെന്ന് അക്കാദമി പാട്രണ്‍ ആയ മുഖ്യമന്ത്രി പിണറായി വിജയനോടും ചെയര്‍മാര്‍ അടൂരിനോടും ട്വിറ്ററില്‍ നിരവധി പേര്‍ ആവശ്യപ്പെടുന്നുണ്ട്.മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ ഒഎന്‍വി അക്കാദമിയുടെ ഭാഗമായവര്‍ക്ക് ജൂറിയുടെ തീരുമാനം അംഗീകരിക്കാനാകുന്നതാണോ എന്നാണ് മാധ്യമ പ്രവർത്തക ധന്യ രാജേന്ദ്രന്‍ ട്വീറ്റ് ചെയ്തത്.
അതേസമയം റിമ കല്ലിങ്കൽ പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പിനെതിരെ നിരവധി പ്രതിഷേധ കമെന്റുകളും വരുന്നുണ്ട്. അങ്ങേർക്ക് സ്വഭാവ സർട്ടിഫിക്കറ്റ് അല്ല കൊടുക്കുന്നത് എന്ന് തുടങ്ങി റിമയ്‌ക്കെതിരെ വ്യക്തിപരമായ അധിക്ഷേപങ്ങളും ഉയരുന്നുണ്ട്. എന്നാൽ, റിമിയെ പിന്തുണച്ചും വൈരമുത്തുവിനെ പരിഹസിച്ചതും കമന്റുകൾ ഉണ്ട്.
നേരത്തെ അവാർഡ് നിർണ്ണയ സമിതിയുടെ തീരുമാനത്തിനെതിരെ സാഹിത്യകാരി കെ.ആർ.മീരയും ഫേസ് ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തിയിരുന്നു ..
പതിനേഴോളം സ്ത്രീകളുടെ #Metoo ആരോപണങ്ങള്‍ക്കു വിധേയനായ തമിഴ് ഗാനരചയിതാവിന് ജ്ഞാനപീഠ ജേതാവും മലയാളത്തിന്‍റെ അഭിമാനവും വിശ്വമാനവികതയുടെ കവിയുമായ യശ:ശരീരനായ ഒ.എന്‍.വി. കുറുപ്പിന്‍റെ പേരിലുള്ള പുരസ്കാരം നല്‍കിയതിലുള്ള വിമര്‍ശനങ്ങളോട് ഒ.എന്‍.വി. കള്‍ച്ചറല്‍ അക്കാദമി ചെയര്‍മാന്‍ ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍റെ ‘‘ ഒരാളുടെ സ്വഭാവഗുണം പരിശോധിച്ചിട്ടു കൊടുക്കാവുന്ന അവാര്‍ഡ് അല്ല ഒ. എന്‍. വി. സാഹിത്യ പുരസ്കാരം’ എന്ന പ്രതികരണത്തോടു ഞാന്‍ കഠിനമായി പ്രതിഷേധിക്കുന്നു.
കാരണം, ഞാനറിയുന്ന ഒ.എന്‍.വി. കുറുപ്പിന് സ്വഭാവഗുണം വളരെ പ്രധാനമായിരുന്നു. അരാജകത്വത്തിലാണു കവിത്വം എന്നു വിശ്വസിക്കപ്പെട്ടിരുന്ന ഒരു കാലത്ത് അങ്ങനെയല്ലാതെയും കവിയാകാം എന്നു തെളിയിച്ച കവിയായിരുന്നു ഒ.എന്‍.വി. കവിതയെന്നാല്‍ കവിയുടെ ജീവിതം കൂടി ചേര്‍ന്നതാണ് എന്നു ധ്വനിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്‍റെ വ്യക്തിത്വം. കവിതയിലെ പദങ്ങളിലും ഉപമകളിലും പോലും മനുഷ്യാന്തസ്സിനെ ഹനിക്കുന്നതൊന്നും കടന്നു വരരുതെന്ന് അദ്ദേഹം നിഷ്കര്‍ഷിച്ചിരുന്നു. ഏതെങ്കിലും സ്ത്രീയോടു മോശമായ ഒരു വാക്കെങ്കിലും ഉപയോഗിച്ചതായി അദ്ദേഹത്തെ കുറിച്ചു ശത്രുക്കള്‍ പോലും പറഞ്ഞു കേട്ടിട്ടില്ല. അത്തരം ആരോപണങ്ങള്‍ക്കു വിധേയരായവരെ അദ്ദേഹം അടുപ്പിച്ചിട്ടുമില്ല.
ഒ.എന്‍.വി. സാറിന്‍റെ പേരിലുള്ള അവാര്‍ഡുകള്‍ ഇതിനു മുമ്പു കിട്ടിയത് ആര്‍ക്കൊക്കെയാണ്? ആദ്യ അവാര്‍ഡ് സരസ്വതി സമ്മാന്‍ ജേതാവായ സുഗതകുമാരി ടീച്ചര്‍ക്ക്. പിന്നീട് ജ്ഞാനപീഠ ജേതാക്കളായ എം.ടി. വാസുദേവന്‍ നായരും അക്കിത്തവും തുടര്‍ന്ന് മലയാള നിരൂപണത്തിലെ ദീപസ്തംഭമായ എം. ലീലാവതി ടീച്ചറും. മലയാള ഭാഷയിലെ വഴിവിളക്കുകളായ നാല് എഴുത്തുകാര്‍.
‘‘അല്ലെങ്കില്‍പ്പിന്നെ സ്വഭാവഗുണത്തിനു പ്രത്യേക അവാര്‍ഡ് കൊടുക്കണം.’’ എന്നു കൂടി ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രസ്താവിച്ചിട്ടുണ്ട്.
ശ്രീ അടൂര്‍ ഗോപാലകൃഷ്ണനെ തിരുത്താന്‍ ഞാന്‍ ആരുമല്ല.
പക്ഷേ, സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗികാതിക്രമങ്ങള്‍ അദ്ദേഹം പറയുന്നതുപോലെ ‘സ്വഭാവഗുണമില്ലായ്മ’ അല്ല.
മനുഷ്യത്വമില്ലായ്മയാണ്.
കലയ്ക്കും മനുഷ്യത്വത്തിനും കൂടി വെവ്വേറെ അവാര്‍ഡ്‍ പരിഗണിക്കാന്‍ അപേക്ഷ.
മലയാള സിനിമയുടെ ശക്തമായ സ്ത്രീ ശബ്ദമായ റിമാ കല്ലിങ്കൽ ഒട്ടുമിക്ക എല്ലാ സാമൂഹിക വിഷയങ്ങളിലും പ്രതികരണവുമായി രംഗത്തുവരാറുണ്ട്, അടുത്തിടെ റൈസ് എന്ന സംഗീത നൃത്താവിഷ്‌കാരവുമായി റിമാ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരുന്നു. അതിജീവനത്തിന്റെ എഴുത്തുകാരി മായ ഏഞ്ചലോയുടെ ”And I still Rise’ എന്ന കവിതയുടെ ആത്മാവ് തൊട്ടറിയാനുള്ള ഒരു എളിയ ശ്രമമാണ് റൈസ് എന്ന സംഗീത നൃത്താവിഷ്‌കാരം എന്നുപറഞ്ഞാണ് റിമ എത്തിയത്.
എന്റെ കൃതികളും, എന്റെ ജീവിതവും എല്ലാം അതിജീവനമാണ്” -എന്ന മായാ ആഞ്ചലോയുടെ ഉദ്ധരണിക്കൊപ്പമായിരുന്നു റിമയുടെ നൃത്താവിഷ്കാരത്തെ കുറിച്ചുള്ള കുറിപ്പ്
വർണ്ണവിവേചനത്തിന്റെ ഇരുണ്ട നാളുകളിൽ, ആ വിവേചനത്തിലൂടെ കടന്ന് പോയ അനുഭവങ്ങൾ, ഒരു കറുത്ത വർഗ്ഗക്കാരിയായ സ്ത്രീക്ക് മാത്രം എഴുതാനാകുന്ന അസാമാന്യ ധൈര്യത്തോടെയും, തീക്കരുത്തോടെയും മായാ ആഞ്ചലോ സംസാരിക്കുന്നുണ്ട് ‘And Still I Rise’ എന്ന കവിതയിലൂടെ !
എങ്കിലും, ഒരു സ്ത്രീ എന്ന നിലയിലുള്ള മായാ ആഞ്ചലോയുടെ പ്രതിഷേധവും, എഴുത്തും, ജീവിതവും പലതരത്തിൽ വിവേചനങ്ങൾക്ക് വിധേയമാകുന്ന ലോകത്തെമ്പാടുമുള്ള സ്ത്രീകളുടെ ശബ്ദമാണ് എന്നതിൽ തർക്കമില്ല. അത് കറുത്ത വർഗ്ഗക്കാരായ സ്ത്രീകളുടെ പ്രതിഷേധങ്ങളിലും സമരങ്ങളിലും മാത്രം ഒതുങ്ങുന്ന ഒന്നല്ല.
നിഷേധത്തിന്റേയും, പ്രതിഷേധത്തിന്റേയും അഗ്നി എല്ലായിടത്തുമുള്ള സ്ത്രീകൾക്ക് പകർന്നു കൊടുക്കുന്നതിൽ അവർ വഹിച്ച പങ്കും ചെറുതല്ല. കാലങ്ങൾക്കിപ്പുറം, നാടുകൾക്കിപ്പുറം എന്നെപ്പോലെ ഒരാൾക്ക് തകർന്നു വീഴുമെന്ന് തോന്നുമ്പോഴൊക്കെ വീണ്ടും ഉണർവോടെ സ്വന്തം കാലിൽ നിൽക്കാൻ മായാ അഞ്ചലോയുടെ ജീവിതവും കവിതയും പ്രചോദനമായിട്ടുണ്ട് എന്ന് ഉറപ്പോടെ പറയാനാകും.
അതിജീവനത്തിന്റെ എഴുത്തുകാരി മായ ഏഞ്ചലോയുടെ ”And I still Rise” എന്ന കവിതയുടെ ആത്മാവ് തൊട്ടറിയാനുള്ള ഒരു എളിയ ശ്രമമാണിത്. ഈ കെട്ട കാലത്ത് കവിയുടെ വരികൾ എനിക്ക് നല്കിയ ഉണർവും ശക്തിയും പ്രതീക്ഷയും ഇത് കാണുന്നവർക്കും ഉണ്ടാവട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു, ആശംസിക്കുന്നു എന്നവസാനിക്കുന്നു റിമയുടെ കുറിപ്പ്.