മുംബൈ: സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ നടി റിയ ചക്രവര്‍ത്തി അറസ്റ്റില്‍. നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മൂന്നുദിവസമായി നീണ്ട ചോദ്യം ചെയ്യലിനുശേഷമാണ് അറസ്റ്റ്. റിയ ചക്രവര്‍ത്തി കുറ്റം സമ്മതിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സഹോദരന്‍ ഷൊവിക് ചക്രവര്‍ത്തി, സുഷാന്തിന്റെ മുന്‍ മാനേജര്‍, വീട്ടുജോലിക്കാര്‍ എന്നിവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തിരുന്നു.
ഇന്ന് രാവിലെ 10.30 ഓടെയാണ് റിയ ചക്രബര്‍ത്തി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഓഫീസിലെത്തിയത്. ഞായറാഴ്ച ആറ് മണിക്കൂറും, ഇന്നലെ എട്ട് മണിക്കൂറും ചോദ്യം ചെയ്തിരുന്നു. എന്‍സിബി കസ്റ്റഡിയില്‍ കഴിയുന്ന റിയയുടെ സഹോദരന്‍ ഷൊവിക് ചക്രവര്‍ത്തി, നടന്റെ മുന്‍ മാനേജര്‍ സാമുവേല്‍ മിരാന്റ, വീട്ടു ജോലിക്കാരന്‍ ദീപേഷ് സാവന്ത് എന്നിവരെ ഇന്ന് വീണ്ടും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഓഫീസിലെത്തിച്ചിരുന്നു.
അതേസമയം, സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടന്റെ സഹോദരി പ്രിയങ്ക സിംഗിനെതിരെ മുംബൈ പൊലീസ് കേസെടുത്തു. പ്രിയങ്ക സുശാന്തിന് തെറ്റായ മരുന്ന് നല്‍കിയെന്ന റിയയുടെ പരാതിയിലാണ് മുംബൈ പൊലീസിന്റെ നടപടി. എഫ്ഐആര്‍ സിബിഐയ്ക്ക് കൈമാറി.