KeralaNews

കുട്ടികള്‍ കളിക്കാനിറങ്ങിയാല്‍ രക്ഷിതാക്കള്‍ക്കെതിരെ കേസ്, പച്ചക്കറി വാഹനങ്ങള്‍ക്ക് പാസ് നിര്‍ബന്ധം; കാസര്‍ഗോഡ് കര്‍ശന നിയന്ത്രണം

കാസര്‍ഗോഡ്: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍ഗോഡ് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ജില്ലയില്‍ നിന്ന് മംഗളൂരുവില്‍ പച്ചക്കറിയെടുക്കാന്‍ ദിവസവും പോകുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി ജില്ലാ ഭരണകൂടം. കാസര്‍ഗോഡ് ജില്ലയില്‍ സമ്പര്‍ക്കം വഴി കൊവിഡ് സ്ഥിരീകരിച്ചവരില്‍ പച്ചക്കറി കടകളില്‍ ജോലി ചെയ്തിരുന്നവരും ഉള്‍പ്പെട്ടതിനനെ തുടര്‍ന്നാണു ജില്ലാ ഭരണകൂടത്തിന്റെ നടപടി. ഏതെല്ലാം വാഹനങ്ങളാണു പച്ചക്കറിയെടുക്കാന്‍ മംഗളൂരുവിലേക്കു പോകുന്നതെന്ന് മനസിലാക്കി അത്തരം വാഹനങ്ങളിലെ ജീവനക്കാര്‍ക്ക് (ഡ്രൈവര്‍, ക്ലീനര്‍) പ്രത്യേക പാസ് അനുവദിക്കും. ആര്‍ടിഒ ആണ് പാസ് അനുവദിക്കുക. പാസ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് മംഗളൂരുവിലേക്ക് പോകാന്‍ അനുമതി ലഭിക്കില്ല.

ഇങ്ങനെ പാസ് ലഭിച്ചു മംഗളൂരുവിലേക്ക് പോകുന്നവര്‍ക്ക് ജില്ലയിലെ പിഎച്ച്സികളില്‍ ആഴ്ചയിലൊരിക്കല്‍ ആരോഗ്യ പരിശോധന ഒരുക്കിയിട്ടുണ്ടെന്നും ജില്ലയിലെ വ്യാപാരികള്‍ ഈ തിരുമാനവുമായി സഹകരിക്കണമെന്നും ജില്ലാ കളക്ടര്‍ ഡി. സജിത് ബാബു പറഞ്ഞു. ജില്ലയിലെ അതിര്‍ത്തികളിലെ പിഎച്ച്സികളില്‍ ചികിത്സയ്‌ക്കെത്തുന്ന ഇതര സംസ്ഥാനങ്ങളിലെ ആളുകളിലും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പാണത്തൂര്‍ പോലുള്ള അതിര്‍ത്തി പ്രദേശങ്ങളിലെ പിഎച്ച്സികളില്‍ ചികിത്സയ്‌ക്കെത്തുന്നവര്‍ മേല്‍വിലാസം തെളിയിക്കുന്ന തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമായും കരുതണം. കൃത്യമായ മേല്‍വിലാസം തെളിയിക്കുന്ന രേഖകള്‍ ഇല്ലാത്തവര്‍ക്ക് ചികിത്സ അനുവദിക്കില്ല.

ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പുതിയതായി ജൂലൈ 31 വരെ പാസ് അനുവദിക്കില്ല. നിലവില്‍ പാസ് അനുവദിച്ചവരില്‍ അഞ്ചു പേര്‍ക്കു മാത്രമാണ് അനുമതി നല്‍കുക. 65 വയസില്‍ കൂടുതല്‍ ഉള്ളവര്‍, 10 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും പൊതുഗതാഗത സംവിധാനം അനുവദിക്കില്ല.

പ്രായമായവരില്‍ കൊവിഡ് വ്യാപന സാധ്യത കൂടുതലുള്ളതിനാല്‍ പൊതു ഗതതാഗതം സംവിധാനമായ കെഎസ്ആര്‍ടിസി,പ്രൈവറ്റ് ബസുകളിലും പൊതു ഇടങ്ങളിലും 65 വയസിന് മുകളില്‍ പ്രായമുള്ളവരെയും 10 വയസില്‍ താഴെയുള്ളവരെയും കയറ്റാന്‍ പാടില്ലെന്ന് ജില്ലാ കോറോണ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.

ജില്ലയിലെ പൊതുപരിപാടികളില്‍ 10 പേരില്‍ കൂടുതല്‍ പങ്കെടുക്കരുത്. സുഭിക്ഷ കേരളം പോലുള്ള പരിപാടികളില്‍ ഉദ്ഘാടനചടങ്ങുകള്‍ ഉള്‍പ്പെടെയുള്ളവ ജൂലൈ 31 വരെ ഒഴിവാക്കണം. കൊവിഡ് മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി ആളുകള്‍ കൂട്ടം കൂടുന്നത് തടയാനാണിത്. ഫുട്‌ബോള്‍, ക്രിക്കറ്റ് തുടങ്ങിയ കായിക മത്സരങ്ങള്‍ ജൂലൈ 31 വരെ അനുവദിക്കില്ല. ഇത് സംബന്ധിച്ച് ജില്ലയിലെ ക്ലബ്ബുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിര്‍ദ്ദേശം ലംഘിച്ച് കായിക മത്സരങ്ങള്‍ നടത്തുന്ന ക്ലബുകള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും. മത്സരങ്ങളില്‍ പങ്കെടുക്കുന്നത് 18 വയസില്‍ താഴെയുള്ളവരാണെങ്കില്‍ അവരുടെ രക്ഷിതാക്കള്‍ക്കെതിരെയും 18 വയസിന് മുകളിലുള്ളവരാണെങ്കില്‍ അവര്‍ക്കെതിരെയും കേസെടുക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker