അക്കിത്തം എന്താണ് എഴുതാറുള്ളത് നോവലാണോയെന്ന് രശ്മി നായര്‍; തേച്ചൊട്ടിച്ച് സോഷ്യല്‍ മീഡിയ
കൊച്ചി: ജ്ഞാനപീഠ ജേതാവ് അക്കിത്തം അച്യുതന്‍ നമ്പൂതിരിയെ പരിഹസിച്ച കിസ് ഓഫ് ലവ് ഫെയിം രശ്മി നായര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. അക്കിത്തം എന്താണ് എഴുതാറുള്ളത് നോവല്‍ ആണോ എന്നാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ രശ്മി പരിഹസിച്ചത്. ഇതിനെതിരെ പ്രതികരണവുമായി നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്.
‘വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം” എന്ന് ഏതാണ്ട് 61 വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതിയ കവിയെ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസകാരന്‍ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. മനുഷ്യത്തിലൂന്നിയതായിരുന്നു അക്കിത്തത്തിന്റെ ആത്മീയത. മലയാളകവിതയുടെ ദാര്‍ശനികമുഖമായി അദ്ദേഹത്തിന്റെ കവിതകളും….
പാലക്കാട് ജില്ലയിലെ കുമരനെല്ലൂരില്‍ അമേറ്റൂര്‍ അക്കിത്തത്ത് മനയില്‍ 1926 മാര്‍ച്ച് 18-നാണ് അച്യുതന്‍ നമ്പൂതിരിയുടെ ജനനം.
വാസുദേവന്‍ നമ്പൂതിരിയുടെയും ചേകൂര്‍ മനയ്ക്കല്‍ പാര്‍വതി അന്തര്‍ജനത്തിന്റെയും മകന്‍. ചെറുപ്പത്തില്‍ത്തന്നെ സംസ്‌കൃതത്തിലും ജ്യോതിഷത്തിലും സംഗീതത്തിലും അവഗാഹം തേടി. വി ടി ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തില്‍ യോഗക്ഷേമസഭയില്‍ നിന്ന് പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായി. പിന്നീട് മംഗളോദയം, യോഗക്ഷേമം എന്നീ പ്രസിദ്ധീകരണങ്ങളുടെ സഹപത്രാധിപരുമായി.
1956 മുതല്‍ കോഴിക്കോട് ആകാശവാണിയില്‍ സ്‌ക്രിപ്റ്റ് എഴുത്തുകാരനായിരുന്നു. 1975-ല്‍ ആകാശവാണി തൃശ്ശൂര്‍ നിലയത്തിന്റെ എഡിറ്ററാണ്. 1985-ല്‍ അദ്ദേഹം ആകാശവാണിയില്‍ നിന്ന് വിരമിച്ചു…
തൃശൂരിലെ യോഗക്ഷേമസഭയിലെ അംഗമെന്ന നിലയില്‍ കേരളത്തിലെ നമ്പൂതിരി ബ്രാഹ്മണരില്‍ ചില സാമൂഹിക പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതില്‍ അക്കിത്തം പ്രധാന പങ്കുവഹിച്ചു. തിരുന്നാവായ , കടവല്ലൂര്‍, തൃശ്ശൂര്‍ എന്നിവിടങ്ങളിലെ പ്രശസ്തമായ വേദപഠന കേന്ദ്രങ്ങളുമായി സഹകരിച്ച് വേദപഠനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങളിലും അദ്ദേഹം വളരെ സജീവമായിരുന്നു. ബ്രാഹ്മണരല്ലാത്തവര്‍ക്കിടയില്‍ വേദപഠനത്തിന്റെ വ്യാപനത്തിനും അക്കിത്തം ശ്രമം നടത്തി. തൊട്ടുകൂടായ്മയ്ക്കെതിരെ ശബ്ദമുയര്‍ത്തിയ വക്താവ് അക്കിത്തം 1947 ല്‍ തൊട്ടുകൂടായ്മയ്ക്കെതിരായ പാലിയം സത്യാഗ്രഹത്തില്‍ (സമാധാനപരമായ പ്രതിഷേധം) പങ്കെടുത്തുകൊണ്ട് അചഞ്ചലമായ പിന്തുണ പ്രകടിപ്പിച്ചു.
കേരളത്തിലെ ഈ പ്രമുഖ കവിക്ക് രണ്ട് തവണ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, ആശാന്‍ പ്രൈസ്, വള്ളത്തോള്‍ അവാര്‍ഡ്, ഓടകുഴല്‍ അവാര്‍ഡ്, കൃഷ്ണഗീതി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, നാലാപ്പാട് അവാര്‍ഡ്, തുടങ്ങി നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്..ജ്ഞാനപീഠം ബഹുമതി നേടിയ ശ്രീ അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ഒരായിരം അഭിനന്ദനങ്ങള്‍ എന്നാണു ഒരാളുടെ കമന്റ്.