ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാജി ആവശ്യപ്പെട്ടുള്ള റിസൈന്‍ മോദി ഹാഷ്ടാഗ് പുനസ്ഥാപിച്ചെന്ന് ഫേസ്ബുക്ക്. ഹാഷ്ടാഗ് നീക്കിയതിനെക്കുറിച്ച് അന്വേഷിക്കുമെന്നും ഫേസ്ബുക്ക് അധികൃതര്‍ വ്യക്തമാക്കി.
കൊവിഡ് വ്യാപനം രൂക്ഷമായ രാജ്യത്ത് ഓക്സിജന്‍ ലഭിക്കാതെ മരിക്കുന്നവരുടെ എണ്ണം വ്യാപകമായതിന് പിന്നാലെ ‘പ്രധാനമന്ത്രി രാജിവയ്ക്കൂ’ എന്ന പ്രചാരണം സാമൂഹിക മാധ്യമങ്ങളില്‍ തുടങ്ങിയിരുന്നു. തുടര്‍ന്ന് ഫേസ്ബുക്ക് ഈ ഹാഷ്ടാഗിലുള്ള പോസ്റ്റുകള്‍ നീക്കിയിരുന്നു.
തങ്ങളുടെ കമ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡിന് വിരുദ്ധമാണ് ഇത്തരം പോസ്റ്റുകളെന്നായിരുന്നു ഫേസ്ബുക്കിന്റെ വിശദീകരണം. ഫേസ്ബുക്കിന്റെ വിലക്ക് അന്താരാഷ്ട്ര തലത്തിലും ചര്‍ച്ചയായി. ഇതിനുപിന്നാലെയാണ് ഇപ്പോള്‍ ഹാഷ്ടാഗ് പുന:സ്ഥാപിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന പോസ്റ്റുകള്‍ ഫേസ്ബുക്ക് വിലക്കുന്നുവെന്ന് നേരത്തേയും ആരോപണം ഉയര്‍ന്നിട്ടുണ്ട്.