ന്യൂഡല്‍ഹി: കൊവിഡ് 19 പശ്ചാത്തലത്തില്‍ റിസര്‍വ് ബാങ്ക് റിവേഴ്‌സ് റിപ്പോ നിരക്ക് 4 ശതമാനത്തില്‍ നിന്ന് 3.75 ശതമാനത്തിലേക്ക് കുറച്ചു. അതേസമയം റിപ്പോ നിരക്കില്‍ മാറ്റമില്ല.
സംസ്ഥാനങ്ങള്‍ക്ക് കൊവിഡ് പ്രതിരോധത്തിന് 60 ശതമാനം അധികം ഫണ്ട് അനുവദിക്കും. ചെറുകിട, ഇടത്തരം മേഖലകള്‍ക്ക് 50000 കോടി രൂപ, നബാര്‍ഡ്, സിഡ്ബി എന്നിവയ്ക്ക് 50000 കോടി രൂപ എന്നിങ്ങനെ അനുവദിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.
കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സാമ്പത്തിക മേഖലയില്‍ സ്ഥിതി അതീവ ഗുരുതരമാണെന്ന് ശക്തികാന്ത ദാസ് പറഞ്ഞു. കൊവിഡ് സാഹചര്യം ആര്‍.ബി.ഐ സൂക്ഷ്മമായി വിലയിരുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാര്‍ച്ചില്‍ വാഹന വിപണി കുത്തനെ ഇടിഞ്ഞു. അടിയന്തര നടപടികള്‍ എടുക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഈ സാഹചര്യം വിലയിരുത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു.
വിപണിയില്‍ പണലഭ്യത ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യാനുസരണം പണം എടിഎമ്മുകളില്‍ നിറയ്ക്കുന്നുണ്ട്. ഇന്ത്യ 1.9 ശതമാനം സാമ്പത്തിക വളര്‍ച്ച നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷ. ജി 20 രാജ്യങ്ങളില്‍ ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് ഇന്ത്യക്ക് ആയിരിക്കുമെന്നും ശക്തികാന്ത ദാസ് കൂട്ടിച്ചേര്‍ത്തു. ലോക്ക് ഡൗണ്‍ കാലത്ത് ഇത് രണ്ടാം തവണയാണ് ആര്‍.ബി.ഐ. ഗവര്‍ണര്‍ മാധ്യമങ്ങളെ കാണുന്നത്.