മുംബൈ:ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ജനപ്രിയ മെസേജിങ് ആപ്ലിക്കേഷനായ വാട്സ്ആപ്പിന്റെ സുരക്ഷയെ കുറിച്ച് ഏറെ നാളായി ചര്‍ച്ചകള്‍ തുടരുകയാണ്.ആപ്ലിക്കേഷന്‍ ‘എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍’ ആണെന്നും ആളുകളുടെ സ്വകാര്യതക്ക് യാതൊരു വെല്ലുവിളിയും ഇല്ലെന്നുമായിരുന്നു കമ്ബനിയുടെ വാദം. എന്നാല്‍ വാട്സ്ആപ്പിലെ ചാറ്റുകള്‍ അത്ര സ്വകാര്യമല്ലെന്നാണ് പുറത്ത് വരുന്ന വിവരം. ‘പ്രോപബ്ലിക്ക’ ചൊവ്വാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ട് വാട്സ്ആപ്പിന്റെ മാതൃകമ്പനിയായ ഫേസ്ബുക്ക് ഉപയോക്താക്കള്‍ അയക്കുന്ന സന്ദേശങ്ങള്‍ വായിക്കുന്നതായി ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്
വാട്ട്‌സ്‌ആപ്പ് സന്ദേശങ്ങള്‍ വായിക്കാനും നിയന്ത്രിക്കാനുമായി ലോകമെമ്പാടും ആയിരത്തിലധികം കരാര്‍ തൊഴിലാളികളെ ഫേസ്ബുക്ക് നിയമിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.യു.എസ് നിയമ വിഭാഗത്തിന്‍റെ ചില സ്വകാര്യ ഡേറ്റ കമ്പനി പങ്കുവെച്ചതായും ആക്ഷേപമുണ്ട്. വാട്ട്‌സ്‌ആപ്പ് സന്ദേശങ്ങള്‍ കമ്പനി കാണുന്നില്ലെന്ന് ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് ആവര്‍ത്തിച്ച് പറഞ്ഞതിന് പിന്നാലെയാണ് വെളിപ്പെടുത്തല്‍.
‘ഓസ്റ്റിന്‍, ടെക്സാസ്, ഡബ്ലിന്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളിലെ ഓഫീസുകളിലായി ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ ഉള്ളടക്കം പരിശോധിക്കുന്നതിനായി ആയിരത്തിലധികം കരാര്‍ തൊഴിലാളികളെ ഫേസ്ബുക്കിനായി ജോലി ചെയ്യുന്നു’-പ്രോപബ്ലിക്ക പറയുന്നു.
തട്ടിപ്പ്കേസുകള്‍, കുട്ടികളുടെ അശ്ലീലം, തീവ്രവാദ ഗൂഢാലോചന എന്നിവ തടയാനായി ആ ജോലിക്കാര്‍ അല്‍ഗോരിതവും ഉള്ളടക്കവും ഉപയോഗപ്പെടുത്തുന്നതായി കമ്പനി സമ്മതിച്ചിട്ടുണ്ട്. ഉപയോക്താക്കള്‍ ആപ്പിലെ ‘റിപ്പോര്‍ട്ട്’ ബട്ടണ്‍ അമര്‍ത്തുമ്ബോള്‍ വാട്ട്‌സ്‌ആപ്പ് ജീവനക്കാര്‍ക്ക് സ്വകാര്യ ഉള്ളടക്കം ലഭ്യമാകുമെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തലുണ്ട്. ഇത് സേവന നിബന്ധനകളുടെ ലംഘനമാണ്.
സന്ദേശങ്ങള്‍ക്ക് പുറമെ, ഒരു ഉപയോക്താവിന്റെ വാട്ട്‌സ്‌ആപ്പ് പ്രൊഫൈല്‍, ഗ്രൂപ്പുകള്‍ എന്നിവയുടെ പേരുകളും പ്രൊഫൈല്‍ ചിത്രങ്ങള്‍, ഫോണ്‍ നമ്പർ, സ്റ്റാറ്റസ് സന്ദേശം, ഫോണ്‍ ബാറ്ററി നില, ഭാഷ, ബന്ധപ്പെട്ട ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ എന്നിവയടക്കമുള്ള എന്‍ക്രിപ്റ്റ് ചെയ്യാത്ത വിവരങ്ങള്‍ ഈ കരാര്‍ തൊഴിലാളികള്‍ക്ക് കാണാനാകും.
ഓരോ കരാര്‍ ജീവനക്കാരനും പ്രതിദിനം 600 പരാതികളാണ് കൈകാര്യം ചെയ്യുന്നത്. ഒരു കേസിന് ഒരു മിനിറ്റില്‍ താഴെ സമയമാണ് ലഭിക്കുക. ഒന്നുകില്‍ ഒന്നും ചെയ്യാതെയിരിക്കാം അല്ലെങ്കില്‍ കൂടുതല്‍ പരിശോധനക്കായി ഉപയോക്താവിനെ നിരീക്ഷണത്തില്‍ വെക്കാം അതുമല്ലെങ്കില്‍ അക്കൗണ്ട് നിരോധിക്കാം.
യു.എസ് ബാങ്കുകളിലൂടെ കള്ളപ്പണം എങ്ങനെ ഒഴുകുന്നുവെന്ന് വെളിപ്പെടുത്തുന്ന രഹസ്യ രേഖകള്‍ ബസ്ഫീഡ് ന്യൂസിന് ചോര്‍ത്തിയ ട്രഷറി വിഭാഗം ജീവനക്കാരനെ കുടുക്കാന്‍ വാട്ട്‌സ്‌ആപ്പ് ഡേറ്റ പ്രോസിക്യൂട്ടര്‍മാരെ സഹായിച്ചതായി റിപ്പോര്‍ട്ട് അവകാശപ്പെട്ടു.