InternationalNews

താലിബാന്‍ ഭീകരസംഘടന; വിലക്കേര്‍പ്പെടുത്തി ഫെയ്‌സ്ബുക്ക്‌

ന്യൂയോർക്ക്:താലിബാനും താലിബാൻ അനുകൂല പോസ്റ്റുകൾക്കും ഫെയ്സ്ബുക്കിന്റെ വിലക്ക്. താലിബാനെ ഭീകരസംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയാണ് വിലക്കേർപ്പെടുത്തുന്നതെന്ന് ഫെയ്സ്ബുക്ക് തിങ്കളാഴ്ച അറിയിച്ചു. എന്നാൽ താലിബാൻ അശയവിനിമയത്തിനായി ഫെയ്സ്ബുക്കിന്റെ മെസേജിങ് ആപ്പായ വാട്സ് ആപ്പ് ഉപയോഗിക്കുന്നത് തുടരുന്നതായാണ് റിപ്പോർട്ട്.

അഫ്ഗാനിസ്താനിലെ സാഹചര്യം കമ്പനി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും വാട്സ് ആപ്പ് അക്കൗണ്ടുകൾ നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള നടപടികൾ ഉണ്ടാകുമെന്നും ഫെയ്സ്ബുക്ക് വക്താവ് അറിയിച്ചു. ട്വിറ്ററിലും ആയിരക്കണക്കിന് ഫോളോവേഴ്സ് ആണ് താലിബാനുള്ളത്. താലിബാൻ അഫ്ഗാനിൽ ആധിപത്യം നേടിയതുമായി ബന്ധപ്പെട്ട് പതിനായിരക്കണക്കിന് ട്വിറ്റർ അപ്ഡേറ്റുകളാണ് ഉണ്ടായത്.

സമാധാനപരമായ അന്താരാഷ്ട്ര ബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് താലിബാൻ വ്യക്തമാക്കുമ്പോഴും ജനങ്ങൾക്ക് എല്ലാവിധ സുരക്ഷിതത്വവും ഉറപ്പുനൽകുന്നുണ്ടെങ്കിലും രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം അഫ്ഗാനിൽ താലിബാൻ ആധിപത്യം തിരിച്ചുപിടിക്കുമ്പോൾ അഫ്ഗാൻ ജനതയുടെ മനുഷ്യവകാശങ്ങളേയും അഭിപ്രായപ്രകടനസ്വാതന്ത്ര്യത്തേയും സ്ത്രീകളുടെ സ്വാതന്ത്ര്യത്തേയും ബാധിക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്.

ലോകരാഷ്ട്രനേതാക്കളുടേയും അധികാരത്തിലുള്ള സംഘടനകളുടേയും അക്കൗണ്ടുകൾ സംബന്ധിച്ച് സാമൂഹികമാധ്യമകമ്പനികൾ ഈ വർഷം സുപ്രധാന തീരുമാനം കൈക്കൊണ്ടിരുന്നു. ക്യാപിറ്റോൾ കലാപത്തെ തുടർന്ന് മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു. ആഭ്യന്തരകലാപത്തെ തുടർന്ന് മ്യാൻമാർ സൈന്യത്തിനെതിരെയും സാമൂഹികമാധ്യമവിലക്കുണ്ടായിരുന്നു.

അതെ സമയം താലിബാൻ ഭരണത്തിൽ അസാസ്ഥമായ അഫ്ഗാനിലെ സ്ത്രീകളുടെ ദൈന്യത നിറഞ്ഞ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വരുന്നുണ്ട്.
‘നിങ്ങൾ ഞങ്ങളെ കണക്കിലെടുക്കില്ല, കാരണം ഞങ്ങൾ ജനിച്ചത് അഫ്ഗാനിസ്താനിലാണല്ലോ.. ഞങ്ങളെക്കുറിച്ച് ആർക്കും ഉത്കണ്ഠയുണ്ടാകില്ല. ഞങ്ങൾ ചരിത്രത്തിൽ നിന്ന് പതുക്കെ ഇല്ലാതെയാകും തമാശയായി തമാശയായി തോന്നുന്നുവല്ലേ”.. കണ്ണീരൊപ്പികൊണ്ടാണ് അവളുടെ ചോദ്യം. ലോകം അഫ്ഗാനിസ്താനിലെ സംഭവങ്ങളോട് കാണിക്കുന്ന നിസംഗതയെ കരഞ്ഞുകൊണ്ട് ചോദ്യം ചെയ്യുകയാണവൾ. ഇത് കേവലം ഒരു പെൺകുട്ടിയുടെ ചോദ്യം അല്ല. അഫ്ഗാനിസ്താൻ ജനത ലോകത്തോട് മുഴുവൻ ചോദിക്കുകയാണ് ഞങ്ങൾ നിങ്ങൾക്ക് ഒരു തമാശയല്ലേ എന്ന്.. അഫ്ഗാനിലെ നിസഹായവസ്ഥ ലോകത്തോട് വിളിച്ചുപറയുന്ന നിരവധി വീഡിയോ ലോകം കണ്ടുകഴിഞ്ഞു. പക്ഷേ ഈ വീഡിയോ ഉള്ളുപൊള്ളിക്കും കാരണം അവളുടെ ചോദ്യങ്ങൾ അഫ്ഗാന് പുറത്തുള്ള സുരക്ഷിതരായി സന്തോഷത്തോടെ ജീവിക്കുന്ന ലോകത്തോടാണ്.

താലിബാൻ കാബൂൾ പിടിച്ചെടുത്തതിന് പിന്നാലെയാണ് നിസഹായയായി കരയുന്ന ഈ പെൺകുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ഇറാനിയൻ ജേണലിസ്റ്റ് മാസിഹ് അലിനെജാദ് വെള്ളിയാഴ്ചയാണ് ഈ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.

താലിബാൻ രാജ്യത്ത് മുന്നേറ്റം നടത്തുമ്പോൾ ഭാവി തകർന്നുപോയ, പ്രതീക്ഷ നശിച്ച ഒരു അഫ്ഗാൻ പെൺകുട്ടിയുടെ കണ്ണുനീർ എന്ന അടിക്കുറിപ്പോടെയാണ് മാസിഹ് വീഡിയോ ഷെയർ ചെയ്തത്. അഫ്ഗാനിസ്താനിലെ സ്ത്രീകളെ ഓർത്ത് തന്റെ ഹൃദയം നുറുങ്ങുന്നു, ലോകം അവരെ പരാജയപ്പെടുത്തി, ഇത് ചരിത്രത്തിൽ കുറിച്ചുവയ്ക്കപ്പെടും മാസിഹ് കുറിച്ചു.

20 വർഷങ്ങൾക്ക് മുമ്പുള്ള താലിബാൻ ഭരണകാലത്ത് സ്ത്രീകൾക്ക് ജോലിക്ക് പോകാനോ സ്കൂളിൽ പോകാനൊ എന്തിന് പുറത്തിറങ്ങാൻ പോലും സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. ശരീരം മുഴുവൻ മൂടുന്ന ബുർഖ മാത്രം ധരിക്കാനെ അനുവാദമുണ്ടായിരുന്നുള്ളു. പുറത്തിറങ്ങണമെങ്കിൽ അടുത്ത ബന്ധുവായ പുരുഷൻ കൂടെ വേണം. ഇതൊക്കെ താലിബാൻ ഭരണകാലത്ത് സ്ത്രീകൾക്ക് മേൽ അടിച്ചേൽപ്പിച്ച നിബന്ധനകളിൽ ചിലത് മാത്രം.

കഴിഞ്ഞ 20 വർഷം അമേരിക്കൻ തണലിൽ അഫ്ഗാനികൾ അൽപ്പമെങ്കിലും സ്വാതന്ത്ര്യം അനുഭവിച്ചിരുന്നു. ഇഷ്ടമുള്ള വസ്ത്രം ധരിക്കുകയും സ്കൂളിൽപോകുകയും രാഷ്ട്രീയ പ്രവർത്തനം നടത്തുകയും ചെയ്തിരുന്നു. ലോകത്തെല്ലായിടത്തെയും പോലെ മൊബൈലിന്റെയും ഇന്റർനെറ്റിന്റെയും ലോകത്ത് വളർന്ന് വന്നൊരു തലമുറ അവിടെയും ഉണ്ട്. അവരെയാണ് ഇരുണ്ടകാലത്തേക്ക് താലിബാൻ തള്ളിയിടുന്നത്. അഫ്ഗാനിൽ ജനിച്ചു എന്നതുകൊണ്ട് മാത്രം കുറെ പാവം മനുഷ്യർ ഇല്ലാതെയാകുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker