ഡല്‍ഹി കലാപം: മരണം 14 ആയി,24 മണിക്കൂറിനുള്ളില്‍ മൂന്നാം യോഗം വിളിച്ച് അമിത് ഷാ,ഒരു മാസത്തേക്ക് നിരോധനാജ്ഞ,കലാപകാരികളെ കണ്ടാല്‍ വെടിവെയ്ക്കാന്‍ ഉത്തരവ്
ന്യൂഡല്‍ഹി:പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ പുറപ്പെട്ട കലാപം നിയന്ത്രിയ്ക്കാനാവാതെ സര്‍ക്കാര്‍.കലാപത്തിവ്# ഇതുവരെ 14 പേര്‍ കൊല്ലപ്പെട്ടതായി ഗുരു തേജ് ബഹാദൂര്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു.
സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായതോടെ വീണ്ടും ഉന്നതതല യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 24 മണിക്കൂറിനുള്ളില്‍ മൂന്നാമത്തെ യോഗമാണ് അമിത് ഷാ വിളിച്ച് ചേര്‍ത്തത്. മൂന്ന് മണിക്കൂറോളം യോഗം നീണ്ടു. പുതിയതായി നിയമിച്ച സ്‌പെഷ്യല്‍ ദില്ലി കമ്മീഷണര്‍ എസ് എന്‍ ശ്രീവാസ്തവയും യോഗത്തില്‍ പങ്കെടുത്തു.
ആവശ്യത്തിന് സേനയെ കലാപബാധിത പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ടെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അമിത് ഷാ പറഞ്ഞു.
അക്രമികളെ കണ്ടാല്‍ ഉടനെ വെടിവയ്ക്കാനുള്ള ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡര്‍ ഇപ്പോഴും ദില്ലിയില്‍ നിലനില്‍ക്കുന്നുണ്ടെന്ന് ദില്ലി പൊലീസ് വ്യക്തമാക്കി. ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡര്‍ പിന്‍വലിച്ചതായി ചില മാധ്യമങ്ങള്‍ വാര്‍ത്ത പുറത്തു വിട്ടതിന് പിന്നാലെയാണ് ഇക്കാര്യത്തില്‍ ദില്ലി പൊലീസ് നിലപാട് വ്യക്തമാക്കിയത്.
സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വടക്കുകിഴക്കന്‍ ദില്ലിയില്‍ അടുത്ത മുപ്പത് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ അശോക് നഗറില്‍ ഒരു മുസ്‌ലീം പള്ളി അക്രമിച്ചു തകര്‍ത്തതായി പുറത്തു വന്ന വാര്‍ത്തകള്‍ വ്യാജമാണെന്നാണ് ഡല്‍ഹി പോലീസിന്റെ വാദം.പൗരത്വ നിയമത്തിനെതിരായി സമരം നടത്തുന്നവരെ നേരിടാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെയാണ് സ്ഥിതിഗതികള്‍ സംഘര്‍ഷത്തിലേക്ക് തിരിഞ്ഞത്.