കേരളത്തില്‍ നിയന്ത്രണങ്ങളോടെ മത്സബന്ധനത്തിന് അനുമതി; ഇളവുകള്‍ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് മത്സ്യബന്ധനത്തിന് ഇളവുകള്‍ നല്‍കികൊണ്ട് മത്സ്യബന്ധന തുറമുഖ വകുപ്പ് ഉത്തരവിറക്കി. രണ്ടുഘട്ടങ്ങളിലായിട്ടാണ് യന്ത്രവത്കൃത ബോട്ടുകള്‍ക്ക് മത്സ്യബന്ധനത്തിനുളള അനുമതി നല്‍കിയിട്ടുള്ളത്.
ചെറിയ യന്ത്രവത്കൃത വള്ളങ്ങള്‍ക്ക് ഇന്നുമുതല്‍ കടലില്‍ പോയി മത്സ്യബന്ധനം നടത്താനുള്ള അനുമതിയാണ് നല്‍കിയിട്ടുള്ളത്. വലിയ ബോട്ടുകള്‍ക്ക് നാലാം തീയതി മുതല്‍ മത്സ്യബന്ധനത്തിന് പോകാം എന്നാണ് ഫിഷറീസ് വകുപ്പ് നല്‍കിയിട്ടുള്ള നിര്‍ദേശം. എല്ലാ മത്സ്യബന്ധന ബോട്ടുകളും പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പ് ബന്ധപ്പെട്ട ഓഫീസില്‍ വിശദവിവരങ്ങള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് ഉത്തരവില്‍ പറയുന്നത്.
കേരള രജിസ്ട്രേഷനുള്ള ബോട്ടുകള്‍ക്ക് 10 തൊഴിലാളികളെ നിയോഗിക്കാം. രജിസട്രേഷന്‍ നമ്പര്‍ ഒറ്റ അക്കത്തില്‍ അവസാനിക്കുന്ന ബോട്ടുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലും ഇരട്ട അക്കത്തില്‍ അവസാനിക്കുന്നവ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടാവുന്നതാണെന്നാണ് ഉത്തരവില്‍ പറയുന്നത്.
32 മുതല്‍ 45 അടിവരെയുള്ള യന്ത്രവത്കൃത ബോട്ടുകളില്‍ പരമാവധി ഏഴുമത്സ്യതൊഴിലാളികള്‍ മാത്രമേ പാടുള്ളൂ എന്ന കര്‍ശന നിര്‍ദേശം ഫിഷറീസ് വകുപ്പ് നല്‍കിയിട്ടുണ്ട്. റിംഗ് സീനര്‍ ഉള്‍പ്പെടെ പരമ്ബരാഗത വള്ളങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ഏകദിന മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടാമെന്ന് അറിയിച്ചിട്ടുണ്ട്. റിംഗ് സീനര്‍ ബോട്ടുകളില്‍ പരമാവധി 20 മത്സ്യത്തൊഴിലാളികള്‍ മാത്രമേ പാടുള്ളൂവെന്നും പറയുന്നു.