മുംബൈ: ട്വിറ്ററിലെ കുത്തിപ്പൊക്കലിനെ തുടര്‍ന്ന് ദേശീയ വനിത കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ അവരുടെ പഴയ ട്വീറ്റുകള്‍ നീക്കം ചെയ്തു. അവര്‍ മുന്‍പ് ട്വിറ്ററില്‍ പങ്കുവച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിക്കുന്നതും ലൈംഗീക ചുവയുള്ള തമാശകളും ഉള്‍പ്പെടുന്ന ട്വീറ്റുകളാണ് ആളുകള്‍ റീ ട്വീറ്റ് ചെയ്യാന്‍ തുടങ്ങിയത്. ഇതോടെ രേഖാ ശര്‍മ അവരുടെ പഴയ ട്വീറ്റുകളെല്ലാം നീക്കം ചെയ്യുകയായിരുന്നു. രേഖ ശര്‍മയുടെ ട്വിറ്റര്‍ പ്രൊഫൈല്‍ ഇപ്പോള്‍ ലോക്ക് ചെയ്തിരിക്കുകയാണ്.
രേഖ ശര്‍മയുടെ 2012 മുതല്‍ 2014 വരെയുള്ള ട്വീറ്റുകളാണ് എതിരാളികള്‍ ഷെയര്‍ ചെയ്തത്. ഈ ട്വീറ്റുകള്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗീക ചുവയുള്ള പരിഹാസങ്ങളും പ്രധാനമന്ത്രി മോദി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തുടങ്ങിയ രാഷ്ട്രീയക്കാര്‍ക്കു നേരെയുള്ള പരിഹാസങ്ങളും നിറഞ്ഞവയായിരുന്നു.
‘ലൗ ജിഹാദ്’ വിഷയവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയുമായി രേഖ ശര്‍മ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് ട്വിറ്ററില്‍ കുത്തിപ്പൊക്കല്‍ ആരംഭിച്ചത്. മഹാരാഷ്ട്രയില്‍ ലൗ ജിഹാദ് കേസുകള്‍ വര്‍ധിക്കുന്നതായി കൂടിക്കാഴ്ചയില്‍ വനിത കമ്മീഷന്‍ മേധാവി പറഞ്ഞു. സംഭവത്തില്‍ വ്യാപക വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളിലടക്കം ഉയര്‍ന്നത്.