ഡൽഹിയെ ഇനി രേഖാഗുപ്ത നയിക്കും, സത്യപ്രതിജ്ഞാ ചടങ്ങിൽ മോദിയും അമിത് ഷായും

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി മഹിളാ മോർച്ച ദേശീയ ഉപാധ്യക്ഷ രേഖാഗുപ്ത സത്യപ്രതിജ്ഞ ചെയ്തു. രാംലീല മൈതാനിയിൽ നടന്ന ചടങ്ങിൽ ലെഫ്. ഗവർണർ വി.കെ. സക്‌സേന സത്യവാചകം ചൊല്ലിക്കൊടുത്തു. പതിനായിരങ്ങളെ സാക്ഷിനിർത്തി നടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുത്തു. എൻ.ഡി.എ. മുഖ്യമന്ത്രിമാരും മറ്റു കേന്ദ്രമന്ത്രിമാരും വിവിധ പാർട്ടി നേതാക്കളും ചടങ്ങിനെത്തി.
ഉപമുഖ്യമന്ത്രിയായി പർവേശ് വർമയും മന്ത്രിമാരായി മുൻ എഎപി നേതാവ് കപിൽ മിശ്ര, രവീന്ദർ ഇന്ദ്രജ്, പങ്കജ് കുമാർ സിങ്, ആശിഷ് സൂദ്, മഞ്ജീന്ദർ സിങ് സിർസ എന്നിവർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. സിനിമാ താരങ്ങളും വ്യവസായികളും ഉൾപ്പെടെ സമ്പന്നമായിരുന്നു ചടങ്ങ്.
ഡൽഹിയുടെ നാലാമത്തെ വനിതാമുഖ്യമന്ത്രിയാണ് 50-കാരിയായ രേഖ. ഷാലിമാർബാഗ് മണ്ഡലത്തിൽനിന്നാണ് ജയിച്ചത്. സുഷമാസ്വരാജിനുശേഷം ഡൽഹിയിലെ ബി.ജെ.പി.യുടെ രണ്ടാമത്തെ വനിതാമുഖ്യമന്ത്രിയാണ് രേഖ. ബി.ജെ.പി. സംസ്ഥാന ഓഫീസിൽ ബുധനാഴ്ച വൈകീട്ട് ചേർന്ന നിയമസഭാകക്ഷിയോഗമാണ് മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത്.