‘മഹാ’ ചുഴലിക്കാറ്റ് ലക്ഷദ്വീപിന് തൊട്ടടുത്തെത്തി; റെഡ് അലര്‍ട്ട്
കവരത്തി: അറബിക്കടലില്‍ രൂപം പ്രാപിച്ച ‘മഹാ’ ചുഴലിക്കൊടുങ്കാറ്റ് ശക്തി പ്രാപിച്ചതോടെ ലക്ഷദ്വീപില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പലപ്രദേശങ്ങളില്‍നിന്നായി 214 പേരെ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. ദ്വീപില്‍ ശക്തമായ മഴയും കാറ്റും വീശുന്നതായാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. കവരത്തി, ആന്ത്രോത്ത്, കല്‍പേനി തുടങ്ങിയ സ്ഥലങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിരിക്കുകയാണ്. ബേപ്പൂരില്‍നിന്ന് ലക്ഷദ്വീപിലേക്കുള്ള കപ്പല്‍ ഗതാഗതം തിങ്കളാഴ്ചവരെ പൂര്‍ണമായും നിര്‍ത്തിവയ്ക്കുകയും ചെയ്തിട്ടുണ്ട്. അടുത്ത 48 മണിക്കൂറില്‍ കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാകുമെന്നും കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പുണ്ട്.
കോഴിക്കോടിന് 345 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റ് ഇപ്പോള്‍ ഉള്ളത്. അതേസമയം, സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്.