26.7 C
Kottayam
Saturday, August 20, 2022

ഡോളറുമായുള്ള വിനിമയ നിരക്കിൽ സർവ്വകാല ഇടിവിൽ ഇന്ത്യൻ രൂപ, ഓഹരി വിപണിയിലും തകർച്ച

Must read

മുംബൈ : റെക്കോർഡ് ഇടിവിൽ രൂപ. ഒരു ഡോളറിന്  79.37 രൂപ നിലവാരത്തിലാണ് ചൊവാഴ്ച രൂപ ക്ലോസ് ചെയ്തത്. ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് ഇത്രയും തകരുന്നത് ആദ്യമായാണ്.  വ്യാപാര കമ്മി കുത്തനെ കൂടുന്നതാണ് രൂപയുടെ മൂല്യം ഇടിയാൻ കാരണം. ഇന്ത്യന്‍ ഓഹരി സൂചികകൾ ഇന്ന് നേട്ടത്തിൽ തുടങ്ങിയെങ്കിലും നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു 

രൂപയുടെ കുത്തനെയുള്ള മൂല്യശോഷണം (ഡിപ്രീസിയേഷൻ) സാമ്പത്തികമായി മൊത്തത്തിൽ ഗുണം ചെയ്യില്ലെങ്കിലും കേരളത്തെ സംബന്ധിച്ച് ഇതിനു പ്രത്യേക പ്രാധാന്യമുണ്ട്. മറ്റൊരു സംസ്ഥാനത്തിനും ഇല്ലാത്ത നേട്ടമാണ് രൂപയുടെ മൂല്യശോഷണം കേരളത്തിനു സമ്മാനിക്കുന്നത്. ഇന്ത്യയിലേക്ക് എത്തുന്ന വിദേശനാണ്യ ഒഴുക്കിന്റെ 20 ശതമാനത്തോളം നമ്മുടെ സംസ്ഥാനത്തിലേക്കാണ്. മാത്രവുമല്ല സംസ്ഥാനത്തിന്റെ ആഭ്യന്തര ഉൽപാദനത്തിന്റെ (സ്റ്റേറ്റ് ഡൊമസ്റ്റിക് പ്രോഡക്റ്റ്) 15% പ്രവാസി മലയാളികൾ അയയ്ക്കുന്ന പണമാണെന്നും കണക്കുകളുണ്ട്.

ഡോളറുമായി രൂപയുടെ വില ഇടിയുമ്പോൾ പ്രവാസികൾക്കും അവരെ ആശ്രയിച്ചു കഴിയുന്ന നാട്ടുകാർക്കും ഗുണം കിട്ടും. അതുകൊണ്ടുതന്നെ മാർച്ചിൽ ഡോളർ– രൂപ നിരക്ക് 75.79 ആയിരുന്നത് 3 മാസം കൊണ്ട് 79ൽ എത്തിനിൽക്കുമ്പോൾ, പ്രവാസി മലയാളികൾക്കും കുടുംബങ്ങൾക്കും വരുമാനം വാർഷികാടിസ്ഥാനത്തിൽ 16% കൂടി എന്ന് നമുക്കു പറയാം.

അതേസമയം, രൂപയുടെ മൂല്യം പെട്ടെന്ന് ഡോളറിന് 80 രൂപ എന്ന നില കടക്കാൻ റിസർവ് ബാങ്ക് അനുവദിക്കില്ല. ഈയടുത്ത ദിവസം സ്വർണം അടക്കമുള്ള ചരക്കുകളുടെ ഇറക്കുമതിച്ചുങ്കത്തിൽ വരുത്തിയ മാറ്റങ്ങൾ ഈ സമീപനത്തെ പിന്താങ്ങുന്നു.ഇന്ത്യൻ രൂപ നിയന്ത്രണങ്ങൾ ഇല്ലാതെ വിനിമയം ചെയ്യാവുന്ന ഒരു കറൻസി അല്ല. നമ്മുടെ വിദേശ നാണ്യ വിനിമയത്തെ ഒരു ‘മാനേജ്‌ഡ്‌ ഫ്‌ളോട്ട്’ എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. അതായത് വിപണിയിൽ വ്യതിയാനങ്ങൾ ഉണ്ടാവും, പക്ഷേ അതിന്റെ സൂക്ഷ്മമായ നിയന്ത്രണം റിസർവ് ബാങ്ക് നടത്തും. അതിനുള്ള സുസജ്ജമായ വിദേശ നാണ്യ ശേഖരം റിസർവ് ബാങ്കിന്റെ കൈവശം ഉണ്ട്.

ഇതിനുമുൻപ് വളരെയധികം ആശങ്ക ഉണ്ടാക്കിയ മൂല്യ ശോഷണം രൂപയ്ക്കുണ്ടായത് 2013ൽ ആണ്. ആ വർഷം മേയിൽ ഡോളറിന് 55 രൂപ എന്ന നിരക്കിൽനിന്ന് ഓഗസ്റ്റ് എത്തിയപ്പോൾ ഡോളർ രൂപ നിരക്ക് 68ൽ എത്തി. ഏകദേശം 3 മാസം കൊണ്ട് 13 രൂപയുടെ ഇടിവ്. അന്നത്തെ നമ്മുടെ വിദേശ നാണ്യ ശേഖരം 207 ബില്യൻ ഡോളർ മാത്രമായിരുന്നു. ഇന്ന് നമ്മുടെ ശേഖരം 600 ബില്യൻ ഡോളർ ആണ് (1 ബില്യൻ ഡോളർ = 7900 കോടി രൂപ).

കൂടാതെ അന്നത്തെ വാർഷിക ഇറക്കുമതിച്ചെലവ് 466 ബില്യൻ ഡോളർ ആയിരുന്നപ്പോൾ, കഴിഞ്ഞ വർഷത്തെ ഇറക്കുമതി 610 ബില്യൻ ഡോളർ ആയിട്ടേയുള്ളൂ. അതായത് ഇന്നു നമുക്ക് ഒരു വർഷത്തെ ഇറക്കുമതിക്കു തുല്യമായ ഡോളർ കൈവശം ഉണ്ടെന്നർത്ഥം.ഇപ്പോൾ സംഭവിച്ചിട്ടുള്ള രൂപയുടെ മൂല്യശോഷണം ഇന്ത്യയ്ക്കു സമാനമായ മറ്റ് രാജ്യങ്ങളുടെ കറൻസികളെപ്പോലെ മാത്രമാണ്. ഇന്ത്യൻ രൂപയുടെ ശതാഭിഷേകം എന്തായാലും അകലെയാണ്.

ഡോളർ– രൂപ നിരക്ക് നിരീക്ഷിക്കാനും നിയന്ത്രിക്കാനും റിസർവ് ബാങ്ക് ഉപയോഗിക്കുന്ന സൂചികകളാണ് നോമിനൽ ഇഫക്ടീവ് എക്സ്ചേഞ്ച് റേറ്റും (NEER) റിയൽ ഇഫക്ടീവ് എക്സ്ചേഞ്ച് റേറ്റും (REER).ഇന്ത്യയുമായി കച്ചവടം നടത്തുന്ന 40 രാജ്യങ്ങളുടെ കറൻസി നിരക്കുകൾ (രൂപയുമായി ഈ 40 രാജ്യങ്ങളുടെ വിനിമയ നിരക്ക്) ദൈനംദിന അടിസ്ഥാനത്തിൽ വിപണിയിൽനിന്ന് എടുത്ത്, 2016ൽ (ബേസ്‌ ഇയർ) 100 എന്ന അനുമാനത്തിൽ ഇന്നത്തെ നിരക്കു കണക്കാക്കും. ഇതിനെ നോമിനൽ (വിപണിയിൽ യഥാതഥമായ) വിനിമയ നിരക്കായി (NEER) നിജപ്പെടുത്തും.

ഇതേ രാജ്യങ്ങളിലെ പണപ്പെരുപ്പത്തിന്റെ നിരക്കുകൾ കൂടി കണക്കാക്കി ഇന്ത്യയിലെ പണപ്പെരുപ്പവും ആയി തുലനം ചെയ്ത്, നേരത്തേ പറഞ്ഞ വിപണി നിരക്കിനെ ഗുണനം ചെയ്തു കിട്ടുന്ന നിരക്കാണ് ‘റിയൽ’ റേറ്റ്. ഉദാഹരണത്തിന് ഇന്ത്യയിലെ പണപ്പെരുപ്പം 6 ശതമാനവും അമേരിക്കയിലെ പണപ്പെരുപ്പം 8 ശതമാനവും ഇന്നത്തെ നോമിനൽ ഡോളർ– രൂപ നിരക്ക് 80രൂപയും ആണെങ്കിൽ, റിയൽ നിരക്ക് 80 X 102% = 81.60 ആയി കണക്കാക്കും (REER).

ഇറക്കുമതി/കയറ്റുമതി കച്ചവടങ്ങളിൽ ഇന്ത്യയുടെ മത്സരശേഷി നിലനിർത്തി മുന്നേറാൻ വേണ്ടിയാണ് ഈ സൂചികകൾ റിസർവ് ബാങ്ക് ഉപയോഗിക്കുന്നത്. റിസർവ് ബാങ്കിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഇപ്പോഴത്തെ വിനിമയ നിരക്ക് (ഡോളറിന് 79 രൂപ) ഏകദേശം വേണ്ട നിലവാരത്തിൽ തന്നെയാണു നിൽക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News

More articles

Popular this week