തിരുവനന്തപുരം: സംസ്ഥാനത്ത് ഈ കാലവര്‍ഷത്തില്‍ ഉണ്ടായത് റെക്കോഡ് ഉരുള്‍പ്പൊട്ടലുകളെന്ന് ദുരന്ത നിവാരണ അതോറിറ്റി. ഏറ്റവും കൂടുതല്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത് പാലക്കാട് ജില്ലയിലാണെന്നും ദുരന്ത നിവാരണ അതോറിറ്റി പുറത്ത് വിട്ട കണക്കുകളില്‍ പറയുന്നു. കാലവര്‍ഷക്കെടുതിയില്‍ സംസ്ഥാനത്ത് ഉണ്ടായത് ചെറുതും വലുതുമായ 65 ഉരുള്‍പൊട്ടലുകളാണ്.
കേരള ദുരന്തനിവാരണ അതോറിറ്റിയുടെ പ്രാഥമിക വിവരശേഖരമുപയോഗിച്ച് കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയണ്‍മെന്റ് സെന്റര്‍ (കെഎസ്ആര്‍ഇസി) തയ്യാറാക്കിയ ഭൂപടമാണ് ദുരന്തത്തിന്റെ ഭീകരത വ്യക്തമാക്കുന്നത്. ആദ്യ കണക്കെടുപ്പനുസരിച്ച് പാലക്കാട് ജില്ലയിലാണ് ഏറ്റവുമധികം ഉരുള്‍പൊട്ടലുകളുണ്ടായത്, 18 എണ്ണം. മലപ്പുറമാണ് രണ്ടാമത് 11 ഉരുള്‍പൊട്ടലുകളാണ് ഇവിടെ ഉണ്ടായത്.
ദേശീയ ഭൗമശാസ്ത്ര ഗവേഷണ കേന്ദ്രത്തിന്റെ 2010ലെ പഠനപ്രകാരം സംസ്ഥാനത്തെ 14.4 % മേഖലകളാണ് ഉരുള്‍പൊട്ടലിനു സാധ്യതയുള്ളതെന്നു വിലയിരുത്തിയിട്ടുള്ളത്. ഇത്തവണ ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങള്‍ അതേ പ്രദേശങ്ങളില്‍ തന്നെയാണോ എന്ന് വിലയിരുത്താന്‍ ഐടി മിഷനിലെ മാപ്പിങ് വിദഗ്ധരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രളയം ബാധിച്ച സ്ഥലങ്ങളുടെയും മാപ്പിങ് കെഎസ്ആര്‍ഇസി വഴി നടത്തുന്നുണ്ട്.