കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഞെട്ടിക്കുന്ന വര്‍ധനവ്. സര്‍വകാല റെക്കോര്‍ഡിലേക്ക് കുതിച്ച സ്വര്‍ണം സാധാരണക്കാര്‍ക്ക് അപ്രാപ്യമായ നിരക്കിലെത്തി. ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങുന്നതിനുള്ള മൊത്തം ചെലവ് അര ലക്ഷത്തില്‍ എത്തുമെന്നാണ് ജ്വല്ലറി വ്യാപാരികള്‍ പറയുന്നത്. വരും ദിവസങ്ങളിലും വില വര്‍ധിക്കാന്‍ തന്നെയാണ് സാധ്യത.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് 1520 രൂപയുടെ വര്‍ധനവാണ് ഇന്ന് സ്വര്‍ണവിലയിലുള്ളത്. വലിയ കുറവിലേക്ക് പോയിരുന്ന സ്വര്‍ണം പശ്ചിമേഷ്യന്‍ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് തിരിച്ചുകയറാന്‍ തുടങ്ങിയത്. ഇപ്പോള്‍ റെക്കോര്‍ഡ് വിലയിലേക്ക് എത്തിയിരിക്കുന്നു. ഡോളറിന്റെ മൂല്യം തകരുന്നതും സ്വര്‍ണത്തിന്റെ വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്.
കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 45880 രൂപയാണ്. കഴിഞ്ഞ ദിവസത്തെ വിലയേക്കാള്‍ 200 രൂപയാണ് ഉയര്‍ന്നത്. ഗ്രാമിന് 25 രൂപ ഉയര്‍ന്ന് 5735 രൂപയിലെത്തി. ഈ മാസം ഏറ്റവും കുറഞ്ഞ സ്വര്‍ണവില രേഖപ്പെടുത്തിയത് 13നായിരുന്നു. 44360 രൂപയാണ് അന്ന് ഒരു പവന് ഈടാക്കിയിരുന്നത്. പിന്നീട് ഘട്ടങ്ങളായി ഉയര്‍ന്ന് ഏറ്റവും കൂടിയ വിലയിലെത്തിയിരിക്കുകയാണ്.
ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയാണ് 45880 രൂപ. ഈ വിലയ്ക്ക് ഒരു പവന്‍ ആഭരണം കിട്ടില്ല. പണിക്കൂലി ചുരുങ്ങിയത് 2000 രൂപയ്ക്ക് മുകളില്‍ വരും. സ്വര്‍ണവിലയും പണിക്കൂലിയും ചേര്‍ത്തുള്ള സഖ്യയുടെ മൂന്ന് ശതമാനം ജിഎസ്ടിയും നല്‍കണം. ഇതെല്ലാം ചേരുമ്പോള്‍ ഒരു പവന്‍ സ്വര്‍ണാഭരണത്തിന് അര ലക്ഷം രൂപ ചെലവ് വരും.
ഈ വേളയില്‍ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് വലിയ ലാഭം കിട്ടും. എന്നാല്‍ ഇനിയും കൂടുമെന്ന പ്രതീക്ഷയില്‍ വില്‍ക്കാതെ സ്വര്‍ണം സൂക്ഷിച്ചുവയ്ക്കുന്നവരുമുണ്ടാകും. പത്ത് വര്‍ഷം മുമ്പ് സ്വര്‍ണം ഒരു പവന് 23000 രൂപയായിരുന്നു വില. അന്നത്തെ സ്വര്‍ണം ഇപ്പോള്‍ വില്‍ക്കുന്നവര്‍ക്ക് ഇരട്ടിയിലധികം ലാഭം കിട്ടും. സ്വര്‍ണവില ഇനിയും കൂടാനാണ് സാധ്യതയെന്ന് വിപണി നിരീക്ഷകര്‍ പറയുന്നു.
അമേരിക്കന്‍ വിപണിയിലെ പ്രതിസന്ധിയാണ് സ്വര്‍ണവില ഉയരാന്‍ കാരണമായി പറയപ്പെടുന്നത്. അമേരിക്കയില്‍ പണപ്പെരുപ്പം വര്‍ധിക്കുകയാണ്. ഡോളര്‍ ഇന്‍ഡക്‌സ് 103ലേക്ക് ഇടിഞ്ഞിരിക്കുന്നു. ഡോളര്‍ മൂല്യം കുറയുമ്പോള്‍ സ്വര്‍ണവില ഉയരുകയാണ് ചെയ്യുക. ഇന്ത്യന്‍ രൂപയുടെ മൂല്യവും ഇടിഞ്ഞിട്ടുണ്ട്. ഡോളറിനെതിരെ 83.36 എന്ന നിരക്കിലാണ് രൂപ.
സ്വര്‍ണവില ദേശീയ വിപണിയിലും വര്‍ധിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ ഒരു പവന് 46000 രൂപയാണ് നല്‍കേണ്ടത്. ഗ്രാമിന് 5750 രൂപയും. എണ്ണവില പക്ഷേ കുറഞ്ഞുവരികയാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 79.90 ഡോളറിലാണ് വ്യാപാരം. പശ്ചിമേഷ്യയിലെ യുദ്ധത്തിന് താല്‍ക്കാലിക വിരാമമായതോടെ വിപണിയില്‍ നേരിയ പ്രതീക്ഷയുണ്ട്. എണ്ണവില വര്‍ധിപ്പിക്കാന്‍ സൗദി അറേബ്യയും റഷ്യയും ആലോചിച്ചുവരികയാണ്.