രൂപയുടെ മൂല്യം 80 കടന്നു; ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്
മുംബൈ: ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിൽ രൂപ(Rupee). യുഎസ് ഡോളറുമായുള്ള (US Dollar) രൂപയുടെ വിനിമയ നിരക്ക് 80 എന്ന നിലവാരം പിന്നിട്ടു. കഴിഞ്ഞ ദിവസം 79.97 എന്ന നിലയിലേക്ക് രൂപയുടെ മൂല്യം ഇടിഞ്ഞിരുന്നു, എങ്കിലും 80 തൊട്ടിരുന്നില്ല. ഇന്ന് 79.98 എന്ന നിലയിലാണ് പ്രാദേശിക കറൻസി വ്യാപാരം ആരംഭിച്ചത്. തുടർന്ന് 80.0175 എന്ന റെക്കോർഡ് താഴ്ചയിലേക്ക് രൂപ കൂപ്പുകുത്തി.
ഡോളറിന്റെ മൂല്യം ഉയരുന്നതും രാജ്യത്തെ വ്യാപാരക്കമ്മിയും രൂപയുടെ മൂല്യത്തെ തളർത്തി. വിദേശ നിക്ഷേപം വലിയ തോതിൽ പിൻവലിഞ്ഞതും രൂപയെ കുറച്ചുകാലമായി സമ്മർദ്ദത്തിലാക്കുന്നു. ഈ വർഷം യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഏകദേശം 7 ശതമാനം ഇടിഞ്ഞു.
ഇന്ത്യയുടെ ചരക്ക് വ്യാപാര കമ്മി ജൂണിൽ റെക്കോർഡിട്ടുകൊണ്ട് 26.18 ബില്യൺ ഡോളറായി ഉയർന്നു. മേയിൽ വ്യാപാരക്കമ്മി 24.3 ബില്യൺ ഡോളറായിരുന്നു. ജൂലൈ 26-27 തീയതികളിൽ യുഎസ് ഫെഡ് ചേരാനിരിക്കെ പലിശ നിരക്കുകൾ ഉയർന്നേക്കും എന്ന അഭ്യൂഹമുണ്ട്. പലിശ നിരക്ക് 100 ബേസിസ് പോയിന്റുകൾ ഉയർന്നേക്കുമെന്നാണ് സൂചന. യുഎസ് ഫെഡ് നിരക്കുകൾ വർധിപ്പിക്കുമെന്നും ഇത് രൂപയെ കൂടുതൽ ദോഷകരമായി ബാധിക്കുമെന്നും റിപ്പോർട്ടുകളുണ്ട്
ഓഹരി വിപണി ഇന്ന് നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചു. സെൻസെക്‌സ് (sensex) 180.14 പോയിന്റ് അഥവാ 0.33 ശതമാനം താഴ്ന്ന് 54341.01ലും നിഫ്റ്റി (Nifty) 51.60 പോയിന്റ് അഥവാ 0.32 ശതമാനം താഴ്ന്ന് 16226.90ലുമാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ ഓഹരി സൂചികകളിൽ മുന്നേറ്റം ഉണ്ടായിരുന്നു.
എന്തുകൊണ്ടാണ് രൂപയുടെ മൂല്യം ഇടിയുന്നത്? എളുപ്പം പറയാവുന്ന കാരണം ഡോളർ കരുത്താർജിച്ചു എന്നതാണ്. ഡോളറിന് ആവശ്യക്കാരേറി എന്നതാണ്. എന്നാൽ അതിന് പല ഘടകങ്ങളുണ്ട്.
- ഉക്രൈൻ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഒയിലിനും ഭക്ഷ്യ എണ്ണ, ഗോതമ്പ് അടക്കമുള്ള മറ്റു കമ്പോള വസ്തുക്കൾക്കും വില കുത്തനെ കൂടി. അമേരിക്കൻ സമ്പദ് വ്യവസ്ഥയിൽ നേരത്തെ തന്നെ ഉയർന്നു നിന്നിരുന്ന പണപ്പെരുപ്പം ഇതോടെ രൂക്ഷമായി. 40 വർഷത്തിനിടെ അമേരിക്ക കണ്ട ഏറ്റവും വലിയ പണപ്പെരുപ്പം! ചരിത്രത്തിലാദ്യമായി അവിടെ പണപ്പെരുപ്പം രണ്ടക്കത്തിലേക്ക് പോവുമോ എന്ന് തോന്നിച്ച ഘട്ടത്തിൽ അവരുടെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ നിരക്ക് കൂട്ടി. നിക്ഷേപകർ ഇത് അവസരമായി കണ്ടു. ലോകത്ത് വിവിധയിടങ്ങളിൽ നിക്ഷേപം നടത്തിയവർ അമേരിക്കൻ വിപണിയിലേക്ക് ഡോളർ എത്തിച്ചു. ഇന്ത്യൻ ഓഹരി വിപണിയിൽ നിന്നും ഫോറിൻ പോർട്ഫോളിയോ ഇൻവെസ്റ്റ്മെന്‍റ്സ് അഥവാ വിദേശ നിക്ഷേപം കൂട്ടത്തോടെ പിൻവലിക്കപ്പെട്ടു. 15.8 ബില്ലൺ ഡോളർ നിക്ഷേപമാണ് മെയ് മാസം മുതൽ ഇന്ത്യയിൽ നിന്ന് പോയത്. ഇന്ത്യൻ രൂപയ്ക്ക് അങ്ങനെ ഇരട്ട പ്രഹരം കിട്ടി. ക്രൂഡിന് കൂടുതൽ വില. നമ്മുടെ ഓഹരി വിപണിയിൽ നിന്നും ഡോളർ നിക്ഷേപത്തിന്‍റെ പിൻവലിക്കൽ. ഇന്ത്യപോലുള്ള വികസ്വര രാജ്യങ്ങളെയെല്ലാം ഈ ട്രെന്‍റ് പിടിച്ചുലച്ചു.
- ഉക്രൈൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്ന് എണ്ണവാങ്ങുന്നതിന് രാജ്യങ്ങൾ വിലക്കേർപ്പെടുത്തിയതോടെ ഇന്ധനവില കൂടി. ക്രൂഡോയിൽ വാങ്ങാനായി ചെലവിടേണ്ട ഡോളർ അധികമായി. ഇന്ത്യയെ നേരിട്ട് ക്രൂഡ് വില സാരമായി ബാധിച്ചെന്ന് പറയാനാകില്ല. കാരണം വിലക്ക് നോക്കാതെ റഷ്യയിൽ നിന്ന് നമുക്കത് കുറഞ്ഞ വിലയ്ക്ക് കിട്ടുന്നുണ്ട്.
- കയറ്റുമതി കുറയുകയും ഇറക്കുമതി കൂടിയതുമാണ് അടുത്ത പ്രശ്നം. ഡോളർ കൊടുത്താണല്ലോ ഇപ്പോൾ ഇറക്കുമതി ചെയ്യുന്നത്. സാധനങ്ങൾ കയറ്റുമതി ചെയ്യുമ്പോൾ നമുക്ക് ഡോളർ ഇങ്ങോട്ടും കിട്ടും. പക്ഷെ ഇറക്കുമതി വല്ലാതങ്ങ് കൂടിയാലോ. നമ്മുടെ വിദേശ നാണ്യ ശേഖരം കുറയും.ഒപ്പം ഡോളറിന് ഡിമാൻഡ് കൂടും.
രൂപയുടെ മൂല്യം കുറഞ്ഞാൽ എന്തൊക്കെ സംഭവിക്കും?
- ഇറക്കുമതി ചിലവേറും. വിദേശത്ത് നിന്ന് എത്തുന്ന സാധനങ്ങൾക്കെല്ലാം വിലകൂടും. രാജ്യത്ത് വിലക്കയറ്റം ഉണ്ടാവുന്നത് ഈ സാഹചര്യത്തിൽ കൂടിയാണ്. റിസർവ് ബാങ്ക് വിലക്കയറ്റത്തെ പിടിച്ച് നിർത്താൻ ഉദ്ദേശിക്കുന്ന പരിധി 2 ശതമാനം മുതൽ 6 ശതമാനം വരെയാണ്. പക്ഷെ ഇന്ത്യയിൽ അത് കുറേ നാളായി 6 ശതമാനത്തിന് മുകളിലാണ്. ഒരു ഘട്ടത്തിൽ അത് 7.8 ശതമാനം വരെയെത്തി.
- വിദേശ യാത്രകൾ, വിദേശ വിദ്യാഭ്യാസം എന്നിവയെല്ലാം ചെലവേറും. നേരത്തെ 1000 ഡോളർ ചെലവുള്ള യാത്രയാണെങ്കിൽ 70000 രൂപ മതിയാവുമായിരുന്നങ്കിൽ ഇപ്പോൾ അത് 80000 രൂപയിലേക്ക് എത്തി.
- കയറ്റുമതിക്കാർക്ക് ഇത് നല്ലകാലമാണ്. നേരത്തെ കിട്ടിയതിനേക്കാൾ അധിക വില ഇപ്പോൾ ലഭിക്കും.
രൂപയുടെ മൂല്യതകർച്ച തടയാൻ എന്തുണ്ട് മാർഗം?
- റിസർവ് ബാങ്കിന് നേരിട്ട് രൂപയുടെ മൂല്യം നിശ്ചയിക്കാൻ ആവില്ലല്ലോ. പിന്നെ ചില ഇടപെടൽ നടത്താം. അതിലൊന്ന് അന്താരാഷ്ട്ര തലത്തിലെ ഇടപാടുകൾ രൂപയിൽ നടത്താനുള്ള അനുമതി നൽകലാണ്. നിലവിൽ നമ്മുടെ അയൽ രാജ്യങ്ങളിൽ ചിലതുമായി മാത്രമാണ് രൂപയിലുള്ള ഇടപാട്. അത് പൊതു രീതിയാക്കാനുള്ള നടപടി തുടങ്ങി കഴിഞ്ഞു.
- നിലവിൽ നമ്മുടെ വിദേശ വ്യാപാരം 80 ശതമാനവും ഡോളറിലാണ്. റിസർവ് ബാങ്ക് ജൂലൈ 11ന് കൊണ്ടുവന്ന പ്രധാന മാറ്റം കയറ്റുമതി/ഇറക്കുമതി അടങ്ങുന്ന എല്ലാ ഇടപാടുകൾക്കും ഇന്ത്യൻ രൂപയിൽ ഇൻവോയ്‌സ് അഥവാ ബില്ല് ചെയ്യാമെന്നതാണ്. ആദ്യഘട്ടത്തിൽ റഷ്യയുമായ് ഈ രീതിയിൽ കച്ചവടം തുടങ്ങാനാണ് നീക്കം. രൂപയിൽ റഷ്യയിൽ നിന്ന് ഇറക്കുമതി. റൂബിളിൽ കയറ്റുമതി. ഇതാവും രീതി. ഡോളറിനോളം വരില്ലെങ്കിലും അന്താരാഷ്ട്ര തലത്തിൽ രൂപയെ ഈ നീക്കം ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
- രൂപയുടെ ഇപ്പോഴത്തെ വീഴ്ച സമ്പൂർണമെന്ന് പറയാനാകില്ല. ടർക്കിഷ് കറൻസിയായ ലിറയെ പോലെ മറ്റ് പല കറൻസികളും രൂപയെക്കാൾ തകർച്ച നേരിടുന്നുണ്ട്. എന്തിന് പറയണം. യൂറോയുമായുള്ള വിനിമയ നിരക്കിൽ രൂപ മെച്ചപ്പെട്ടിട്ടുണ്ട്.
- കയറ്റുമതി വർധിപ്പിക്കേണ്ടത് ഈ അവസരത്തിൽ നമ്മുടെ സമ്പദ് വ്യവസ്ഥയ്ക്ക് പ്രധാനമാണ്. ഇറക്കുമതി നിലവിലെ സാഹചര്യത്തിൽ പിടിച്ച് നിർത്തുക എളുപ്പമല്ല
- വിപണിയിലെ വിലക്കയറ്റം തടയാൻ അമേരിക്കൻ ഫെഡറൽ റിസർവിനെ പോലെ നമ്മുടെ റിസർവ് ബാങ്കും പലിശ നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. രണ്ട് മാസത്തെ ഇടവേളയിൽ 90 ബേസിക് പോയന്‍റിന്‍റെ വർധനവാണ് വരുത്തിയത്. മാത്രമല്ല വിപണയിലേക്ക് കൂടുതൽ ഡോളർ ചെലവിടാനുള്ള നീക്കങ്ങളും നടത്തുന്നുണ്ട്.