ബ്രസീലിൽ കലാപം; പാർലമെന്റും സുപ്രീം കോടതിയും പ്രസിഡന്റിന്റെ കൊട്ടാരവും ആക്രമിച്ചു,പിന്നില്‍ തീവ്രവലതുപക്ഷം
ബ്രസീലിയ: ബ്രസീലിൽ കലാപത്തിന് തിരികൊളുത്തി മുൻ പ്രസിഡന്റ് ജൈർ ബൊൽസൊനാരോ അനുകൂലികൾ. പാർലമെന്റും സുപ്രീം കോടതിയും ആക്രമിച്ചു. പ്രസിഡന്റ് ലുല ഡസിൽവയുടെ കൊട്ടാരത്തിനു നേരെയും ആക്രമണം ഉണ്ടായി. ബ്രസീൽ പതാകയുടെ നിറമായ പച്ചയും മഞ്ഞയും വസ്ത്രങ്ങൾ ധരിച്ച് ആയിരക്കണക്കിന് തീവ്ര വലതുപക്ഷ അനുകൂലികളാണ് തെരുവിലിറങ്ങിയത്.
ഇവർ പാർലമെന്റ് കെട്ടിടത്തിനും സുപ്രീം കോടതിക്കും നേരെ വ്യാപക ആക്രമണം അഴിച്ചുവിട്ടു. പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് ഇരച്ചുകയറാനും ശ്രമം നടത്തി. അക്രമികളെ നിയന്ത്രിക്കുന്നതിനായി സൈന്യം രംഗത്തിറങ്ങി. തിരഞ്ഞെടുപ്പിൽ ക്രമക്കേടുകൾ നടന്നെന്നും അത് പുനപ്പരിശോധിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യമെന്നാണ് വിവരം.
ഫാഷിസ്റ്റ് ആക്രമണമെന്ന് രാജ്യത്ത് അരങ്ങേറിയതെന്ന് പ്രസിഡന്റ് ലുലു ഡസിൽവ പ്രതികരിച്ചു. അക്രമികൾക്കെതിരെ കടുത്ത നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനുവരി ഒന്നിനാണ് ഇടതുപക്ഷ നേതാവായ ലുല ബ്രസീലിന്റെ പുതിയ പ്രസിഡന്റായി ചുമതലയേറ്റത്. 2003–10 ൽ പ്രസിഡന്റായിരുന്ന ലുലയുടെ രണ്ടാം വരവാണിത്.
മുൻ പ്രസിഡന്റ് ജൈർ ബൊൽസൊനാരോ തോൽവി അംഗീകരിക്കാതെ രാജ്യം വിട്ടിരുന്നു. ലുലയ്ക്ക് 50.9 % വോട്ട് ലഭിച്ചപ്പോൾ ബൊൽസൊനാരോ 49.1 % നേടി. രണ്ടു ഘട്ടമായി നടന്ന തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ ബൊൽസൊനാരോ ഒപ്പത്തിനൊപ്പമെത്തിയിരുന്നു. 20 ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷമാണു ലുല നേടിയത്.