NationalNewsPolitics

31 പേര്‍ കളംമാറിയാല്‍ സര്‍ക്കാര്‍ വീഴും; 37 പേരുണ്ടെങ്കില്‍ ശിവസേന തകരും, മഹാരാഷ്ട്ര ചിത്രം

മുംബൈ: മുതിര്‍ന്ന നേതാവ് ഏകനാഥ് ഷിന്‍ഡെ വിമത നീക്കം നടത്തിയതോടെ വെട്ടിലായിരിക്കുകയാണ് ശിവസേന. മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ വീഴാന്‍ ഇടയാക്കുന്ന നീക്കമാണ് ഷിന്‍ഡെ നടത്തുന്നത്. ബിജെപിക്കൊപ്പം പോയാല്‍ ഷിന്‍ഡെയെ കൂറുമാറ്റ നിരോധന നിയമത്തില്‍ തളയ്ക്കാമെന്നാണ് ആദ്യം ചില ശിവസേന നേതാക്കള്‍ പ്രതികരിച്ചത്. എന്നാല്‍ കാര്യങ്ങള്‍ മാറിമറിയുകയാണിപ്പോള്‍. കാരണം കൂടുതല്‍ എംഎല്‍എമാര്‍ ഷിന്‍ഡെക്കൊപ്പം ചേരുമെന്നാണ് പുതിയ വിവരങ്ങള്‍.

പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം ഷിന്‍ഡെക്കൊപ്പം ഗുജറാത്തിലെ സൂറത്തിലുള്ള ഹോട്ടലിലേക്ക് പോയത് 11 എംഎല്‍എമാരാണ്. ഉച്ചയാകുമ്പോള്‍ നമ്പര്‍ 26 ആയി എന്ന് കേള്‍ക്കുന്നു. ഇതിന് പുറമെ ഒമ്പത് ശിവസേന അംഗങ്ങള്‍ കൂടി വിമതപക്ഷം ചേരുമെന്നും വാര്‍ത്തകളുണ്ട്. അങ്ങനെയായാല്‍ 35 എംഎല്‍എമാരുടെ പിന്തുണ ഷിന്‍ഡെക്കായി മാറും.

288 അംഗ നിയമസഭയാണ് മഹാരാഷ്ട്രയിലേത്. ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. 144 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ ഭരണം നടത്താം. ശിവസേന, എന്‍സിപി, കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന മഹാവികാസ് അഗാഡി സഖ്യത്തിന് 168 അംഗങ്ങളുടെ പിന്തുണയുണ്ട്. ബിജെപിക്കും സഖ്യകക്ഷികള്‍ക്കും 113 അംഗങ്ങളും. ഇതുകൂടാതെ ആറ് അംഗങ്ങള്‍ വേറെയും സഭയിലുണ്ട്. 31 അംഗങ്ങളുടെ പിന്തുണ ലഭിച്ചാല്‍ ബിജെപിക്ക് ഭരണം നടത്താന്‍ സാധിക്കും. ഷിന്‍ഡെക്കൊപ്പം നിലവില്‍ 35 അംഗങ്ങളുണ്ടെന്ന് സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ട്. അത് ശരിയാണെങ്കില്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ വീഴുമെന്ന് ഉറപ്പാണ്.

ഷിന്‍ഡെയും മറ്റു വിമത എംഎല്‍എമാരും ബിജെപിക്കൊപ്പം പോയാല്‍ കൂറുമാറ്റ നിരോധന നിയമ പ്രകാരം അയോഗ്യരാക്കുകയാണ് ഉദ്ധവ് സര്‍ക്കാരിന് മുമ്പിലുള്ള ഒരുവഴി. എന്നാല്‍ ഇവിടെയും നിയമപരമായ ചില ഇളവുകളുണ്ട്. മൂന്നില്‍ രണ്ട് അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ കൂറുമാറ്റ നിരോധന നിയമം ബാധകമാകില്ല. പകരം മറ്റു പാര്‍ട്ടിയില്‍ ലയിക്കാന്‍ സാധിക്കുന്ന ശക്തി കിട്ടും. അതായത്, ശിവസേനയ്ക്ക് 55 എംഎല്‍എമാരാണുള്ളത്. മൂന്നില്‍ രണ്ട് അംഗങ്ങള്‍ എന്നാല്‍ 37 പേരാണ്. ഇത്രയും അംഗങ്ങളുടെ പിന്തുണ ഏകനാഥ് ഷിന്‍ഡെക്ക് ലഭിച്ചാല്‍ ശിവസേന തകരുമെന്ന് ഉറപ്പാണ്. പരമാവധി അംഗങ്ങളെ തനിക്കൊപ്പം നിര്‍ത്താനുള്ള ശ്രമത്തിലാണ് ഷിന്‍ഡെ.

അതേസമയം, ഷിന്‍ഡെയെ തിരിച്ച് ശിവസേനയുടെ പാളയത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഉദ്ധവ് താക്കറെ. രണ്ടു പ്രതിനിധികളെ സൂറത്തിലെ ഹോട്ടലിലേക്ക് അയക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പാര്‍ട്ടി. മിലിന്ദ് നര്‍വേക്കര്‍, രാജന്‍ വിചാരെ എംപി എന്നിവരെയാണ് ഗുജറാത്തിലേക്ക് അയക്കുക. സമവായ നീക്കത്തിലൂടെ നേരത്തെ ഉദ്ധവ് സര്‍ക്കാര്‍ രണ്ടു തവണ അതിജീവിച്ചിരുന്നു. ഈ വഴി തന്നെയാണ് ഇത്തവണയും ശിവസേന നോക്കുന്നത്. അതേസമയം, ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് അമിത് ഷായുമായി ഡല്‍ഹിയില്‍ ചര്‍ച്ചയിലാണ്. കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും നേതാക്കളും ഡല്‍ഹിയിലെത്തിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker