തിരുപ്പതി: 20 പേരുടെ ജീവന്‍ അപഹരിച്ച അവിനാശിയിലെ അപകടത്തിന് കാരണം കണ്ടെയ്‌നര്‍ ലോറി ഡ്രൈവര്‍ ഉറങ്ങിയതാണെന്ന് പ്രാഥമിക നിഗമനം. തമിഴ്‌നാട്-കേരള പോലീസ് സംയുക്തമായി ഡ്രൈവറില്‍ നിന്നു മൊഴിയെടുത്തു. കണ്ടെയ്‌നറിന്റെ ഡ്രൈവറായ മലയാളി ഹേമരാജ് അപകടത്തിന് പിന്നാലെ പോലീസില്‍ കീഴടങ്ങിയിരുന്നു. കണ്ടെയ്‌നര്‍ ലോറി നിയന്ത്രണം വിട്ട് ദേശീയപാതയുടെ മീഡിയനിലൂടെ 50 മീറ്റര്‍ സഞ്ചരിച്ച ശേഷമാണ് എതിര്‍ ദിശയില്‍ വന്ന ബസിലിടിച്ചതെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ പ്രാഥമിക പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.
മീഡിയനില്‍ കയറിയതിന് പിന്നാലെ കണ്ടെയ്‌നറിന്റെ ടയര്‍ പൊട്ടി. ഇതോടെ വശത്തേക്ക് ചെരിഞ്ഞ് ബസിന്റെ വലത് വശത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. തമിഴ്‌നാട് പോലീസ് ലോറി ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കാകും ഇയാള്‍ക്കെതിരേ കേസെടുക്കുക.