ജനപ്രിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമി ഇന്ത്യൻ വിപണിയിൽ രണ്ട് പുതിയ സ്മാർട്ട്ഫോണുകൾ പുറത്തിറക്കാൻ പോകുന്നു. റിയൽമി 11 5ജി (Realme 11 5G), റിയൽമി 11എക്സ് 5ജി (Realme 11x 5G) എന്നീ രണ്ട് ഫോണുകളാണ് കമ്പനി ലോഞ്ച് ചെയ്യാൻ ഒരുങ്ങുന്നത്. രണ്ട് പുതിയ സ്മാർട്ട്‌ഫോണുകളും ആഗസ്റ്റ് 23ന് ലോഞ്ച് ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കി. ലോഞ്ച് ഇവന്റ് റിയൽമിയുടെ വെബ്‌സൈറ്റിലും യൂട്യൂബ് ചാനലിലും തത്സമയം സ്ട്രീം ചെയ്യും. ഉച്ചയ്ക്ക് 12 മണിക്കാണ് ലോഞ്ച് ഇവന്റ് നടക്കുന്നത്. ഈ ഇവന്റിൽ റിയൽമി ബഡ്‌സ് എയർ 5 പ്രോയും പുറത്തിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു.
ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി റിയൽമി 11എക്സ് സ്മാർട്ട്ഫോണിന്റെ ചില പ്രധാന സവിശേഷതകൾ കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. ഈ സ്മാർട്ട്ഫോണിൽ 64 മെഗാപിക്സൽ പ്രൈമറി റിയർ ക്യാമറയായിരിക്കും ഉണ്ടായിരിക്കു എന്ന് റിയൽമി സ്ഥിരീകരിച്ചു. ഈ ക്യാമറ എഐയുമായിട്ടായിരിക്കും വരുന്നത്. ഇതോടൊപ്പം 33W വരെ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള ബാറ്ററിയും ഫോണിൽ ഉണ്ടായിരിക്കും. റീട്ടെയിൽ ബോക്സിൽ ചാർജറും നൽകാൻ സാധ്യതയുണ്ട്. ഈ സവിശേഷതകൾ കണക്കിലെടുത്താൽ, തായ്‌വാനിൽ ഇതിനകം ലോഞ്ച് ചെയ്ത റിയൽമി 11ന്റെ ടോൺ-ഡൗൺ പതിപ്പായിരിക്കും റിയൽമി 11എക്സ് എന്ന് കരുതാം
റിയൽമി 11 5ജി സ്മാർട്ട്ഫോണിന്റെ ഇന്ത്യൻ പതിപ്പിലുള്ള സവിശേഷതകൾ ആഗോള മോഡലിന് സമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ശരിയാണെങ്കിൽ റിയൽമി 11 5ജി സ്മാർട്ട്ഫോൺ 6.72-ഇഞ്ച് എഫ്എച്ച്ഡി+ ഡിസ്‌പ്ലേയുമായി പുറത്തിറങ്ങും. 120Hz റിഫ്രഷ് റേറ്റും 240Hz ടച്ച് സാംപ്ലിങ് റേറ്റുമുള്ള ഡിസ്പ്ലെയായിരിക്കും ഈ ഡിവൈസിൽ ഉണ്ടാവുക. ഫോണിൽ 8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും ഉണ്ടായിരിക്കും. മീഡിയടെക് ഡൈമെൻസിറ്റി 6100+ എസ്ഒസിയായിരിക്കും ഫോണിന് കരുത്ത് നൽകുന്നത്.
റിയൽമി 11 സ്മാർട്ട്‌ഫോണിൽ 108 മെഗാപിക്സൽ പ്രൈമറി ക്യാമറയുണ്ടായിരിക്കും. 2 മെഗാപിക്സൽ പോർട്രെയ്റ്റ് ക്യാമറയും ഫോണിലുണ്ടാകും. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഈ ഫോണിൽ 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫോണിന്റെ ബോക്സിൽ 67W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5,000mAh ബാറ്ററിയും ഉണ്ടായിരിക്കും. റിയൽമി 11 ആൻഡ്രോയിഡ് 13 ബേസ്ഡ് റിയൽമി യുഐ 4.0ൽ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
റിയൽമി 11എക്സ് സ്മാർട്ട്ഫോണുമായി താരതമ്യപ്പെടുത്തുമ്പോൾ റിയൽമി 11 5ജി ഫോണിൽ മികച്ച ക്യാമറകളായിരിക്കും ഉണ്ടായിരിക്കുക. വിലയെ സംബന്ധിച്ച സൂചനകൾ കമ്പനി നൽകിയിട്ടില്ലെങ്കിലും റിയൽമി 11, റിയൽമി 11എക്സ് എന്നീ ഫോണുകൾ 20,000 രൂപയിൽ താഴെ വിലയിൽ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. റിയൽമി 11 ആയിരിക്കും ഇതിൽ വില കൂടിയ സ്മാർട്ട്ഫോൺ. ഈ ഫോണുകൾ റെഡ്മി 12 സീരീസിനും സാംസങ് ഗാലക്‌സി എം 14 നും എതിരാളിയായി വരുമെന്ന് പ്രതീക്ഷിക്കുന്നു.
റിയൽമി 11 സീരീസിലെ രണ്ട് സ്മാർട്ട്ഫോണുകളും ആകർഷകമായ സവിശേഷതകളോടെയാണ് ഇന്ത്യൻ വിപണിയിലെത്തുക. 20,000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് മികച്ച ചോയിസായിരിക്കും റിയൽമി 11, റിയൽമി 11എക്സ് എന്നീ ഡിവൈസുകൾ. ലോഞ്ച് കഴിഞ്ഞാൽ വൈകാതെ ഈ ഫോണുകൾ വിൽപ്പനയ്ക്കെത്തും.
കഴിഞ്ഞയാഴ്ച പുറത്തിറക്കിയ റെഡ്മി 12 സീരീസ്, വില്‍പനയ്ക്ക് എത്തിച്ച ആദ്യ ദിവസം തന്നെ 300,000 യൂണിറ്റുകള്‍ വിറ്റഴിച്ച് ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരുന്നു. ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളില്‍ ഫോണ്‍ ലഭ്യമല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.റെഡ്മി 12 5 ജി, റെഡ്മി 12 എന്നിങ്ങനെ രണ്ടു വേരിയന്‍റുകളാണുള്ളത്.
ഇടത്തരക്കാർക്ക് പ്രീമിയം സ്മാർട്ട്ഫോൺ അനുഭവം എന്ന വാഗ്ദാനവുമായാണ് റെഡ്മി 12 സീരീസ് എത്തുന്നത്. മുൻനിര ഗ്രേഡ് ക്രിസ്റ്റൽ ഗ്ലാസ് ബാക്ക് ഡിസൈനും അസാധാരണമായ പ്രകടനവും താങ്ങാനാകുന്ന വിലയുമാണ് റെഡ്മി 12 സീരീസിനെ ജനപ്രിയമാക്കുന്നത്.
സ്നാപ്ഡ്രാഗൺ നാലാം തലമുറ പ്രോസസർ ഉൾപ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സ്‌മാർട്ട്‌ഫോണാണിത് എന്നതാണ് റെഡ്മി 12 5G യുടെ മുഖ്യ സവിശേഷത. വേഗതയേറിയ കണക്റ്റിവിറ്റി ലഭ്യമാക്കുകയും 5ജി അനുഭവം ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കാനും ഈ ഫോണിൽ സാധിക്കും.
വിലയും ലഭ്യതയും
റെഡ്മി 12 4ജി, റെഡ്മി 12 5ജി എന്നിങ്ങനെ രണ്ടു വേരിയന്‍റുകളിൽ ഇത് ലഭ്യമാകും. റെഡ്മി 12 4ജിയുടെ 4ജിബി+128ജിബി വേരിയന്റിന് 8,999 രൂപയും 6ജിബി+128ജിബി വേരിയന്റിന് 10,499 രൂപയുമാണ് വില. Mi.com, Flipkart.com, Mi Home, Mi Studio, അംഗീകൃത റീട്ടെയിൽ പങ്കാളികൾ എന്നിവയിൽ നിന്ന് ഈ വിലയ്ക്ക് റെഡ്മി12 4ജി ഫോൺ വാങ്ങാനാകും.
5G അനുഭവം ആഗ്രഹിക്കുന്നവർക്ക്, Redmi 12 5G 4GB+128GB വേരിയന്റിന് 10,999 രൂപയ്ക്കും 6GB+128GB വേരിയന്റിന് 12,499 രൂപയ്ക്കും 8GB+256GB വേരിയന്റിന് 14,499 രൂപയ്ക്കും ലഭ്യമാണ്. ഈ മികച്ച ഓഫറുകൾ Mi.com, Amazon.com, Mi Home, Mi Studio, അംഗീകൃത റീട്ടെയിൽ പങ്കാളികൾ എന്നിവയിൽ ലഭ്യമാണ്.
ഐസിഐസിഐ ക്രെഡിറ്റ് ഡെബിറ്റ് കാർഡുള്ളവർക്ക് കൂടുതൽ മികച്ച ഓഫറിൽ ഈ ഫോണുകൾ വാങ്ങാനാകും. ICICI ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉണ്ടെങ്കിൽ, Redmi 12 4G അല്ലെങ്കിൽ Redmi 12 5G യുടെ 4GB വേരിയന്റ് വാങ്ങുമ്പോൾ 1000 രൂപ അധികമായി കിഴിവ് ലഭിക്കും. നിലവിലുള്ള Xiaomi ഉപയോക്താക്കൾക്ക് Redmi 12 4G യുടെ 4GB വേരിയന്റിൽ 1000 രൂപ എക്‌സ്‌ചേഞ്ച് ബോണസ് ലഭിക്കും.