മുംബൈ:മുന്‍നിര സ്മാർട് ഫോൺ ബ്രാൻഡ് റിയൽമിയുടെ പുതിയ ഹാൻഡ്സെറ്റ് നാർസോ 50ഐ പ്രൈം (Realme Narzo 50i Prime) ഇന്ത്യയിലെത്തി. കുറഞ്ഞ വിലയ്ക്ക് കൂടുതൽ ഫീച്ചറുകൾ ലഭിക്കുന്ന ഹാൻഡ്സെറ്റ് കൂടിയാണിത്. ദിവസങ്ങൾക്ക് മുൻപാണ് മറ്റൊരു ഹാൻഡ്സെറ്റ് റിയൽമി സി33 അവതരിപ്പിച്ചത്. രണ്ട് ഫോണുകൾക്കും ഏതാണ്ട് സമാനമായ ഫീച്ചറുകളുണ്ട്. പ്രധാന വ്യത്യാസം ക്യാമറയിലാണ്. പുതിയ റിയൽമി നാർസോ 50ഐ പ്രൈമിന്റെ വില 7,999 രൂപയാണ്. റിയൽമി സി33 ന്റെ വില 8,999 രൂപയുമാണ്.
റിയൽമി നാർസോ 50ഐ പ്രൈമിന്റെ 3 ജിബി റാം + 32 ജിബി സ്റ്റോറേജ് മോഡലിന് 7,999 രൂപയാണ് പ്രാരംഭ വില. 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റ് 8,999 രൂപയ്ക്കും വിൽപനയ്‌ക്കെത്തും. പുതിയ എൻട്രി ലെവൽ ഫോൺ ഡാർക്ക് ബ്ലൂ, മിന്റ് ഗ്രീൻ എന്നീ നിറങ്ങളിൽ ലഭ്യമാകും. ആമസോൺ, റിയൽമിയുടെ ഓൺലൈൻ സൈറ്റ്, ഓഫ്‌ലൈൻ സ്റ്റോറുകൾ വഴിയാണ് ഇത് വിൽക്കുന്നത്.
എച്ച്ഡി+ റെസലൂഷനിൽ പ്രവർത്തിക്കുന്ന 6.5 ഇഞ്ച് എൽസിഡി സ്ക്രീനുമായാണ് റിയൽമി നാർസോ 50ഐ പ്രൈം വരുന്നത്. 60Hz ആണ് റിഫ്രഷ് റേറ്റ്. വാട്ടർഡ്രോപ്പ്-സ്റ്റൈൽ നോച്ച് ഡിസ്പ്ലേയാണ് ഇതിൽ അവതരിപ്പിക്കുന്നത്. ഇതിന് 88.7 ശതമാനം സ്‌ക്രീൻ-ടു-ബോഡി അനുപാതമുണ്ട്. എൻട്രി ലെവൽ ചിപ്പ് ആയ യുനിസോക് ടി612 ചിപ്‌സെറ്റാണ് ഇത് നൽകുന്നത്. ഇതേ പ്രോസസർ തന്നെയാണ് റിയൽമി സി33 സ്മാർട്ട്ഫോണിനും കരുത്ത് പകരുന്നത്. ഇതിന് മാലി-ജി57 ജിപിയു പിന്തുണയുണ്ട്. റിയൽമി നാർസോ 50ഐ പ്രൈമിൽ മൈക്രോ എസ്ഡി കാർഡ് (1ടിബി) വഴി സ്റ്റോറേജ് വിപുലീകരിക്കാം.
ആൻഡ്രോയിഡ് 11 ഒഎസിലാണ് പുതിയ റിയൽമി ഫോൺ പ്രവർത്തിക്കുന്നത്. ഇപ്പോൾ പുറത്തിറങ്ങുന്ന മിക്ക ഹാൻഡ്സെറ്റുകളും ആൻഡ്രോയിഡ് 13 ലാണ് പ്രവർത്തിക്കുന്നത് എന്നത് പരിഗണിക്കുമ്പോൾ ഉപയോക്താക്കളെ നിരാശപ്പെടുത്തിയേക്കാം. 10W ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി. രണ്ട് ക്യാമറകളാണ് ഉള്ളത്. ഒന്ന് മുന്നിലും ഒന്ന് പിന്നിലും. പിൻ ക്യാമറ മൊഡ്യൂളിൽ 8 മെഗാപിക്സൽ സെൻസറും മുന്നിൽ 5 മെഗാപിക്സൽ ഷൂട്ടറും ഉൾപ്പെടുന്നു.