BusinessNationalNews

ഗുരുതര നിയമം ലംഘനം: ഐസിഐസിഐ ബാങ്കിനും യെസ് ബാങ്കിനും പിഴ ചുമത്തി ആർബിഐ

മുംബൈ: ഐസിഐസിഐ ബാങ്കിനും യെസ് ബാങ്കിനും പണ പിഴ ചുമത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ആർബിഐയുടെ മാർഗനിർദേശങ്ങൾ പാലിക്കാത്തതാണ് കാരണം. ഐസിഐസിഐ ബാങ്കിന് ഒരു കോടി രൂപയും യെസ് ബാങ്കിന് 91 ലക്ഷം രൂപയും പിഴ ചുമത്തിയതായി ആർബിഐയുടെ പ്രസ്താവനയിൽ പറയുന്നു. 

ഐസിഐസിഐ ബാങ്ക്, ചില പ്രോജക്ടുകൾക്കായി നൽകേണ്ട തുകകൾ മാറ്റി ചില സ്ഥാപനങ്ങൾക്ക് ടേം ലോൺ അനുവദിച്ചതിനാലും വരുമാന സ്രോതസ്സുകൾ ഉറപ്പാക്കുന്നതിന് പ്രോജക്റ്റുകളുടെ പ്രവർത്തനക്ഷമതയും ബാങ്കിബിലിറ്റിയും സംബന്ധിച്ച് വേണ്ടത്ര ശ്രദ്ധ നൽകാത്തതും ചൂണ്ടിക്കാട്ടിയാണ് പിഴ. 

പൂജ്യം ബാലൻസ് ഇല്ലാത്ത ചില സേവിംഗ്‌സ് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്തതിന് ബാങ്ക് ചാർജുകൾ ഈടാക്കുകയും പാർക്കിംഗ് ഫണ്ടുകൾ, ഉപഭോക്തൃ ഇടപാടുകൾ വഴിതിരിച്ചുവിടൽ തുടങ്ങിയ അനധികൃത ആവശ്യങ്ങൾക്കായി ഉപഭോക്താക്കളുടെ പേരിൽ ചില ആന്തരിക അക്കൗണ്ടുകൾ തുറക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്തതിനാലാണ് യെസ് ബാങ്കിന് പിഴ ചുമത്തിയത് എന്ന ആർബിഐ വ്യക്തമാക്കി. 

കഴിഞ്ഞ ആഴ്ച, സ്വകാര്യമേഖല ബാങ്കായ കർണാടക ബാങ്കിനെതിരെ ആർബിഐ നടപടി എടുത്തിരുന്നു. കർണാടക ബാങ്കിന്റെ നിയമ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി  59 ലക്ഷത്തിലധികം രൂപ ആർബിഐ പിഴ ചുമത്തിയിട്ടുണ്ട്. 1949ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ട് പ്രകാരമാണ് കർണാടക ബാങ്കിനെതിരെ ആർബിഐ നടപടിയെടുത്തത്. 

കർണാടക ബാങ്ക് പലിശ നിരക്ക്, ആസ്തി വർഗ്ഗീകരണം, നിക്ഷേപങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ ശരിയായി പാലിച്ചിരുന്നില്ല. 2022 മാർച്ച് 31 വരെയുള്ള കർണാടക ബാങ്കിൻ്റെ സാമ്പത്തിക ഫലങ്ങളെ അടിസ്ഥാനമാക്കിയാണ് സെൻട്രൽ ബാങ്ക് അന്വേഷണം ആരംഭിച്ചത്. ബാങ്ക് പല നിർദ്ദേശങ്ങളും കൃത്യമായി പാലിക്കുന്നില്ലെന്ന് കണ്ടെത്തി.

അനർഹരായ പല കമ്പനികളുടെയും പേരിൽ ബാങ്ക് അക്കൗണ്ട് തുറന്നിരുന്നു. കൂടാതെ, നിശ്ചിത സമയപരിധിക്കുള്ളിൽ ചില വായ്പാ അക്കൗണ്ടുകൾ പുതുക്കാനും അവലോകനം ചെയ്യാനും ബാങ്കിന് സാധിച്ചിട്ടില്ല. ബാങ്ക് അവയെ നിഷ്‌ക്രിയ ആസ്തിയായി (എൻപിഎ) പ്രഖ്യാപിച്ചിട്ടുമില്ല. ഇതിന് പിന്നാലെ ബാങ്കിന് ആർബിഐ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. നോട്ടീസിന് മറുപടിയായി ബാങ്കിൽ നിന്ന് ലഭിച്ച മറുപടി വിശകലനം ചെയ്ത ശേഷമാണ് പിഴ ഈടാക്കാൻ തീരുമാനിച്ചത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button