മധുര: കൊടൈക്കനാലില്‍ രഹസ്യമായി നടത്തിയ റേവ് പാര്‍ട്ടിക്കിടെ പോലീസ് നടത്തിയ റെയ്ഡില്‍ മദ്യവും കഞ്ചാവും ലഹരിഗുളികകളും മാജിക് മഷ്റൂമും പിടികൂടി. കൊടൈക്കനാല്‍ കുണ്ടുപട്ടിയിലെ ഒരു സ്വകാര്യ ഫാംഹൗസില്‍ നടന്ന റേവ് പാര്‍ട്ടിയിലാണ് പോലീസ് സംഘം പരിശോധന നടത്തിയത്. സംഭവത്തില്‍ ഫാംഹൗസ് ഉടമയടക്കം മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഡിണ്ടിഗല്‍ സ്വദേശിയായ തരുണ്‍കുമാറായിരുന്നു റേവ് പാര്‍ട്ടിയുടെ മുഖ്യസംഘാടകന്‍. വാട്സാപ്പ് ഗ്രൂപ്പുകള്‍ വഴിയായിരുന്നു ഇയാള്‍ പാര്‍ട്ടിയിലേക്ക് യുവാക്കളെ സംഘടിപ്പിച്ചത്. പോലീസ് പരിശോധനയ്ക്ക് എത്തിയപ്പോള്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ഏകദേശം ഇരുന്നൂറിലേറെ പേര്‍ ലഹരിയുപയോഗിച്ച് പാര്‍ട്ടിയില്‍ ആഘോഷത്തിമിര്‍പ്പിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ മലയാളികളും മറ്റ് അന്യസംസ്ഥാനക്കാരും ഉണ്ടായിരുന്നതായും വിവരങ്ങളുണ്ട്.
പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് ഫാംഹൗസില്‍ പരിശോധന നടത്തിയത്. ഡിഎസ്പി കാര്‍ത്തികേയന്‍, നാല് ഇന്‍സ്പെക്ടര്‍മാര്‍, നൂറോളം പോലീസുകാര്‍ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു. പാര്‍ട്ടിയിലുണ്ടായിരുന്ന എല്ലാവരെയും പിന്നീട് കൊടൈക്കനാല്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇവരെ താക്കീത് നല്‍കിയശേഷം പിന്നീട് വിട്ടയച്ചു. അതേസമയം, അറസ്റ്റിലായ മൂന്നുപേരെയും പോലീസ് വിശദമായി ചോദ്യംചെയ്ത് വരികയാണ്. ഇവര്‍ക്ക് വന്‍തോതില്‍ മദ്യവും നിരോധിത ലഹരിമരുന്നുകളും എങ്ങനെ ലഭിച്ചുവെന്നതാണ് പ്രധാനമായും അന്വേഷിക്കുന്നത്.