രത്തന്‍ ടാറ്റ ഉപയോഗിച്ചിരുന്ന കാര്‍ വില്‍പ്പനയ്ക്ക്
ടാറ്റ മോട്ടോഴ്‌സ് തലവന്‍ രത്തന്‍ ടാറ്റ ഉപയോഗിച്ചിരുന്ന കാര്‍ വില്‍പ്പനക്ക്. ടാറ്റ വര്‍ഷങ്ങള്‍ക്ക് മുമ്പ് വിറ്റ 1976 മോഡല്‍ ബ്യൂക്ക് സ്‌കൈലാര്‍ക്ക് എസ്ആര്‍ കാറിന്റെ ഇപ്പോഴത്തെ ഉടമയാണ് വാഹനം വില്‍പ്പനക്ക് വച്ചിരിക്കുന്നത്. ഇപ്പോഴും റണ്ണിങ് കണ്ടീഷനിലുള്ള കാറിന് 14 ലക്ഷം രൂപയാണ് ഉടമ ചോദിക്കുന്ന വില. 1899ല്‍ ഡിട്രോയിറ്റിലാണ് ഐക്കണിക്ക് ബ്രാന്‍ഡായ ബ്യൂക്കിന്റെ ആരംഭം. പിന്നീട് ബ്യൂക്കിനെ ഏറ്റെടുത്തുകൊണ്ടാണ് പ്രസിദ്ധരായ ജനറല്‍ മോട്ടോഴ്സ് തുടങ്ങുന്നത്. തുടര്‍ന്ന് അമേരിക്കന്‍ ആഡംബര വാഹന വിപണിയിലെ മിന്നുംതാരമായി മാറി ബ്യൂക്ക്.
സ്‌കൈലാര്‍ക്കിന്റെ ഏറ്റവും മുന്തിയ വകഭേദമാണ് എസ്ആര്‍. ഇറക്കുമതി വഴിയാണ് ബ്യൂക്ക് ഇന്ത്യയിലെത്തിയിരുന്നത്. രത്തന്‍ ടാറ്റ ഉപയോഗിച്ചിരുന്ന സ്‌കൈലാര്‍ക്കിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ എംഎംഎച്ച് 7474 ആണ്. 1953 മുതല്‍ 1998 വരെ പുറത്തിറങ്ങിയ സ്‌കൈലാര്‍ക്കിന്റെ മൂന്നാം തലമുറയാണിത്. വി 8 എന്‍ജിനാണ് കാറിന്റെ ഹൃദയം. 145 ബിഎച്ച്പി കരുത്തുള്ള 5 ലീറ്റര്‍ എന്‍ജിന്‍, 155 ബിഎച്ച്പി കരുത്തുള്ള 5.8 ലീറ്റര്‍ എന്‍ജിന്‍, 170 ബിഎച്ച്പി കരുത്തുള്ള 5.7 ലീറ്റര്‍ എന്‍ജിന്‍ എന്നിങ്ങനെ മൂന്നു വി8 എന്‍ജിന്‍ ഓപ്ഷനുകളിലാണ് മൂന്നാം തലമുറ സ്‌കൈലാര്‍ക് വിപണിയിലിറങ്ങിക്കൊണ്ടിരുന്നത്.