KeralaNews

കൊല്ലത്തെ റാപ്പിഡ് ടെസ്റ്റ് ഫലങ്ങൾ പുറത്ത്

കൊല്ലം:കോവിഡ് 19 നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ ഇന്നലെ(ജൂണ്‍ 8) നടത്തിയ റാപിഡ് ആന്റിബോഡി ടെസ്റ്റില്‍ എല്ലാ ഫലങ്ങളും നെഗറ്റീവായത് ആശ്വാസമായി.

കോവിഡ് വ്യാപനത്തിന്റെ രീതി പരിശോധിക്കുന്നതിന് എളുപ്പത്തില്‍ റിസള്‍ട്ട് ലഭിക്കുന്ന നൂതന ടെസ്റ്റാണ് ഇന്നലെ ജില്ലയില്‍ തുടങ്ങിയ റാപ്പിഡ് ആന്റിബോഡി ടെസ്റ്റ്. രക്ത സാമ്പിളുകള്‍ ഉപയോഗിച്ച് നടത്തുന്ന ടെസ്റ്റില്‍ 20 മിനിറ്റിനുള്ളില്‍ തന്നെ ഫലം ലഭിക്കും. മേക്ക് ക്യുവര്‍ എന്ന കിറ്റ് കാര്‍ഡില്‍ ശേഖരിച്ച രക്തസീറം വീഴ്ത്തി ബഫര്‍ സൊലൂഷന്‍ ചേര്‍ത്താണ് ടെസ്റ്റ് നടത്തുന്നത്. ഡെങ്കു, എലിപ്പനി എന്നിവയുടെ പരിശോധനയ്ക്ക് സമാനമായ കാര്‍ഡാണ് ഇവിടെയും ഉപയോഗിക്കുന്നത്.

സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ രക്ത സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കുക വഴി ജനങ്ങളുടെ ഹെര്‍ഡ് ഇമ്മ്യൂണിറ്റി തിരിച്ചറിയുന്നതിന് ആന്റിബോഡി ടെസ്റ്റിങ് വഴി കഴിയും.

ഇന്നലെ ജില്ലാ ആശുപത്രിയില്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, ആശുപത്രി സൂപ്രണ്ട് വസന്തദാസ്, ഡെപ്യൂട്ടി സൂപ്രണ്ട് അജിത എന്നിവരുടെ സാന്നിധ്യത്തിലാണ് ജില്ലയിലെ ആദ്യ പരിശോധന നടത്തിയത്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവരെ കൂടാതെ ഓഫീസ് സ്റ്റാഫും ഉള്‍പ്പടെ 20 പേരെയാണ് ജില്ലാ ആശുപത്രിയില്‍ ടെസ്റ്റ് നടത്തിയത്. കോവിഡ് രോഗികളുമായി സമ്പര്‍ത്തില്‍ ഇല്ലാത്തവരെയും ഉള്‍പ്പടെ വിവിധ വിഭാഗങ്ങളില്‍പ്പെട്ട 121 പേരുടെ രക്ത പരിശോധനയാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഇന്നലെ നടന്നത്.

പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്, ജില്ലാ ആശുപത്രി, പത്തനാപുരം, കുണ്ടറ താലൂക്ക് ആശുപത്രികള്‍, ശൂരനാട് ബ്ലോക്ക് ആരോഗ്യ കേന്ദ്രം, പാലത്തറ, ഓച്ചിറ, ചവറ, തെക്കുംഭാഗം, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലായാണ് റാപിഡ് ആന്റിബോഡി ടെസ്റ്റ് നടന്നത്. മറ്റു കേന്ദ്രങ്ങളില്‍ വരും ദിവസങ്ങളില്‍ പരിശോധന നടത്തുമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത എന്നിവര്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button