മലപ്പുറത്ത് മദ്യപാനത്തിനിടെ വാക്കുതര്‍ക്കം; സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചു
മലപ്പുറം: താനൂരില്‍ മദ്യപിച്ച് സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. അരീക്കോട് സ്വദേശി ഷിഹാബുദ്ദീനാണ് കൊല്ലപ്പെട്ടത്. നെഞ്ചിലും വാരിയെല്ലിലുമാണ് കുത്തേറ്റത്. കുത്തേറ്റ് സുഹൃത്തുക്കളിലൊരാള്‍ ആശുപത്രിയിലായി. ഇന്നലെ അര്‍ദ്ധരാത്രിയാണ് സംഭവം.
പുതിയങ്ങാടി സ്വദേശി അസലിന് പരിക്കേറ്റു. നാലു സുഹൃത്തുക്കള്‍ തമ്മില്‍ ആളൊഴിഞ്ഞ കെട്ടിടത്തില്‍ മദ്യപിക്കുന്നതിനിടെയാണ് വാക്കുതര്‍ക്കമുണ്ടായത്. ഇവരുടെ സുഹുത്തുക്കളായ രണ്ടു പേരാണ് കുത്തിയത്. ചെറിയ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു. ഇവരെ കുത്തിയ രാഹുല്‍, സുഫിയാന്‍ എന്നിവര്‍ക്കെതിരെ താനൂര്‍ പോലീസ് കേസെടുത്തു.
കുത്തേറ്റ ശിഹാബുദ്ദീനെ താനൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷമാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുത്തേറ്റ സുഹൃത്ത് താനൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
അതിനിടെ, കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ കയ്യേറ്റം ചെയ്തു. ഇഖ്റ കമ്യുണിറ്റി ക്ലിനിക്കിലെ ആശുപത്രിയിലെ ഡോ.മിറാഷിനെയാണ് മദ്യപസംഘം ആക്രമിച്ചത്. ഡോക്ടര്‍ക്ക് പരിക്കേറ്റു.