യു.പിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ നിയമ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു; പോലീസ് പീഡന പരാതി അന്വേഷിച്ചില്ലെന്ന് മാതാവ്
ലക്‌നോ: ഉത്തര്‍പ്രദേശിലെ ബറാബാങ്കില്‍ കൂട്ടബലാത്സംഗത്തിനിരയായ നിയമ വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പീഡനത്തിനെതിരേ വിദ്യാര്‍ഥിനി നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം നടത്താതിരുന്നതില്‍ മനംനൊന്താണ് യുവതി മരിച്ചത്. ബാരാദരി എന്ന 22 വയസുകാരിയാണ് മരിച്ചത്. ബരാദരിയുടെ മരണവും യുപി പോലീസ് സാധാരണ ഒരു ആത്മഹത്യയായാണ് വ്യാഖ്യാനിച്ചത്. എന്നാല്‍ മകള്‍ കൂട്ടബലാത്സംഗത്തിനിരയായിരുന്നുവെന്നും അവള്‍ നല്‍കിയ പരാതി പോലീസ് കണക്കിലെടുത്തില്ലെന്നും അമ്മ വെളിപ്പെടുത്തിയതോടെയാണ് സംഭവം വിവാദമായത്. പെണ്‍കുട്ടിയുടേതായി ആത്മഹത്യാക്കുറിപ്പൊന്നും പോലീസിന് ലഭിച്ചിട്ടില്ല.
രണ്ടു മാസം മുന്‍പ് മരിച്ച വിദ്യാര്‍ഥിനി സര്‍ക്കാര്‍ ഉദ്യോഗസ്ഥന് എതിരേ ബലാത്സംഗ പരാതി നല്‍കിയിരുന്നു. വില്ലേജ് റവന്യൂ ക്ലാര്‍ക്കിന് എതിരേയായിരുന്നു പരാതി. ഇയാളും സുഹൃത്തും ചേര്‍ന്ന് ബലാത്സംഗം ചെയ്തുവെന്നാണ് വിദ്യാര്‍ഥിനി പോലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നത്. പോലീസ് കേസെടുക്കാതിരുന്നതോടെ കോടതിയെ സമീപിച്ച പെണ്‍കുട്ടിയെ ആരോപണ വിധേയര്‍ ഭീഷണിപ്പെടുത്തിയിരുന്നെന്നും അമ്മ ആരോപിക്കുന്നുണ്ട്. എന്നാല്‍ പരാതിയില്‍ അന്വേഷണം നടത്തിയില്ലെന്ന വാദം പോലീസ് തള്ളുകയാണ്. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയിരുന്നെന്നും റിപ്പോര്‍ട്ട് അടുത്ത ദിവസങ്ങളില്‍ തന്നെ കോടതിയില്‍ സമര്‍പ്പിക്കാനിരിക്കുകയായിരുന്നുവെന്നും ബറാബാങ്കി എസ്പി പ്രതികരിച്ചു.