പാരീസ്: ഒളിമ്പിക്‌സ് രണ്ടാം ദിനം ഷൂട്ടിങ് റേഞ്ചില്‍ നിന്ന് ഇന്ത്യയ്ക്ക് സന്തോഷ വാര്‍ത്ത. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫില്‍ ഇനത്തില്‍ രമിത ജിന്‍ഡാള്‍ ഫൈനലില്‍ കടന്നു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഷൂട്ടിങ്ങില്‍ മെഡല്‍ റൗണ്ടിലെത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ വനിതാ താരമാണ് രമിത. 631.5 പോയന്റോടെയാണ് രമിതയുടെ ഫൈനല്‍ പ്രവേശനം.
ഇന്ത്യയുടെ മറ്റൊരു മെഡല്‍ പ്രതീക്ഷയായിരുന്ന ഇളവേണില്‍ വാളറിവന്‍ ഫൈനല്‍ കാണാതെ പുറത്തായി. 630.7 പോയന്റ് നേടിയ ഇളവേണില്‍ പത്താം സ്ഥാനത്തായി.
ഇന്ത്യയുടെ മെഡല്‍മോഹങ്ങളെ ജ്വലിപ്പിച്ച് ഷൂട്ടിങ്ങില്‍ വനിതാ താരം മനു ഭാക്കര്‍ മെഡലിനരികെ. ഞായറാഴ്ച ഉന്നം പിഴച്ചില്ലെങ്കില്‍ ഷൂട്ടിങ് റേഞ്ചില്‍നിന്ന് ഇന്ത്യക്ക് ആദ്യമെഡല്‍ ലഭിക്കും. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗം യോഗ്യതാറൗണ്ടില്‍ മൂന്നാംസ്ഥാനത്തോടെയാണ് മനു ഫൈനലിലേക്ക് യോഗ്യതനേടിയത്. ഞായറാഴ്ച 3.30-നാണ് മെഡല്‍മത്സരം.
മനു ഭാക്കറെ മാറ്റിനിര്‍ത്തിയാല്‍ ഷൂട്ടിങ്റേഞ്ചില്‍ ഇന്ത്യന്‍ താരങ്ങളുടെ ആദ്യദിനത്തിലെ പ്രകടനം നിരാശപകരുന്നതാണ്. 10 മീറ്റര്‍ എയര്‍പിസ്റ്റള്‍ വിഭാഗത്തില്‍ മെഡല്‍പ്രതീക്ഷയുണ്ടായിരുന്ന റിഥം സ്വാങ്വാന് ഫൈനലില്‍ കടക്കാനായില്ല.
പുരുഷവിഭാഗത്തില്‍ സരബ്ജോത് സിങ്ങും അര്‍ജൂന്‍ ചീമയും ഫൈനല്‍ കാണാതെ പുറത്തായി. 10 മീറ്റര്‍ എയര്‍റൈഫിള്‍ മിക്സഡ് വിഭാഗത്തില്‍ ഇന്ത്യന്‍ സഖ്യങ്ങളും ഫൈനലിലെത്തിയില്ല.