തിരുവനന്തപുരം : സ്പ്രിങ്ക്‌ളര്‍ കരാറില്‍ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പ്രിന്‍ക്ലര്‍ കരാറില്‍ പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങള്‍ ഗൗരവമുള്ളതാണെന്ന് വ്യക്തമായി. ഹൈകോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നുവെന്നും. പ്രതിപക്ഷം ഉന്നയിച്ച അഞ്ച് കാര്യങ്ങളില്‍ കോടതിയില്‍ നിന്ന് ഇടപെടലുണ്ടായെന്നും ചെന്നിത്തല പറഞ്ഞു.
ഡേറ്റയുടെ സുരക്ഷിതത്വം, വ്യക്തിയുടെ സമ്മതപത്രം, കേരള സര്‍ക്കാറിന്റെ ചിഹ്‌നം ഉപയോഗിച്ചുള്ള പ്രചാരണം നിര്‍ത്തിവെക്കല്‍, വിവരങ്ങളുടെ രഹസ്യാത്മകത, ശേഖരിക്കുന്ന വിവരങ്ങള്‍ കൈമാറരുത് തുടങ്ങിയ കാര്യങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്. ഇതില്‍ 99 ശതമാനം ആവശ്യങ്ങളും ഇടക്കാല ഉത്തരവിലൂടെ പരിഹരിക്കപ്പെട്ടു. സര്‍ക്കാരിന് മാന്യതയുണ്ടെങ്കില്‍ കരാറില്‍ നിന്ന് പിന്‍മാറണം. കേന്ദ്രസര്‍ക്കാര്‍ ഡേറ്റ അനാലിസിസിനായി എല്ലാ സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കാമെന്ന് പറഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചില്ല. വ്യക്തികളുടെ സ്വാതന്ത്ര്യവും അവകാശവും സംരക്ഷിക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.
സ്പ്രിങ്ക്‌ളറില്‍ ഉപാധികളോടെ മുന്നോട്ട് പോകാമെന്നും വിവരശേഖരണത്തിന് മുന്‍പ് വ്യക്തികളുടെ അനുമതി തേടണമെന്നുമാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കരാര്‍ കാലാവധി കഴിഞ്ഞാല്‍ സര്‍ക്കാരിന് കൈമാറണം. കരാര്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത്. വിവരങ്ങളുടെ രഹസ്യാത്മകത സംരക്ഷിക്കണമെന്നും കോവിഡ് കാലമായതിനാലാണ് കരാര്‍ റദ്ദാക്കാത്തതെന്നും കോടതി വ്യക്തമാക്കി. ഹര്‍ജി വീണ്ടും മൂന്നാഴ്ചയ്ക്ക് ശേഷം പരിഗണിക്കും