KeralaNews

മരം കൊള്ള: കോവിഡിന്റെ മറവില്‍ പിണറായി സര്‍ക്കാര്‍ ആസൂത്രണം ചെയ്ത  കൊള്ളകളില്‍ വിജയിച്ച ഒന്ന്: രമേശ് ചെന്നിത്തല

തിരുവനന്തപുരം:കോവിഡിന്റെ മറവില്‍ പിണറായി സര്‍ക്കാര്‍ വിജയകരമായി നടപ്പാക്കിയ കൊള്ളകളില്‍ ഒന്നാണ് മരംകൊള്ളയെന്ന് രമേശ് ചെന്നിത്തല.
ആഴക്കടല്‍ കൊള്ള, സ്പ്രിംഗ്‌ളര്‍, പമ്പാമണല്‍ കടത്ത് തുടങ്ങി കോവിഡ് കാലത്തെ പല കൊള്ളകളും പ്രതിപക്ഷം കയ്യോടെ പിടികൂടിയതു കൊണ്ടു മാത്രമാണ് നടക്കാതെ പോയത്. മരം കൊള്ള പോലെ ഇനിയും വേറെ എത്ര കൊള്ളകള്‍ കോവിഡിന്റെ മറവില്‍ നടത്തിയിട്ടുണ്ടെന്ന് പിന്നീടേ അറിയാനാവൂ.

ഇപ്പോള്‍ പുറത്തു വന്നിട്ടുള്ള മരം കൊള്ളയ്ക്ക്് പിന്നില്‍ ശക്തമായ ഗൂഢാലോചനയും കൃത്യമായ ആസൂത്രണവും നടന്നിട്ടുണ്ടെന്നത് പ്രഥമ ദൃഷ്ട്യാ തന്നെ വ്യക്തമാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള വന്‍മരങ്ങളാണ് കൊള്ളയടിക്കപ്പെട്ടത്. എന്നിട്ടും അതിനെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍  ന്യായീകരിച്ചത് പൊതു സമൂഹത്തെ അമ്പരപ്പിക്കുന്നു.

മരംമുറിക്കാന്‍ അനുമതി നല്‍കിയത് രാഷ്ട്രീയ തീരുമാനമായിരുന്നെന്നാണ് കാനം രാജേന്ദ്രന്‍ പറയുന്നത്. ഈ ഗൂഢാലോചനയില്‍ രാഷ്ട്രീയ നേതൃത്വത്തിനുള്ള പങ്ക് അദ്ദേഹം തുറന്ന് സമ്മതിച്ചിരിക്കുകയാണ്. യാതൊരു വിവേചനവുമില്ലാതെ പട്ടയ ഭൂമിയിലെ മരം മുറിച്ചു മാറ്റാന്‍ അനുമതി നല്‍കിയെന്ന് മാത്രമല്ല, തടയാന്‍ ചെല്ലുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ ഭീഷണിപ്പെടുത്തുകയും ചെയ്തിരിക്കുകയാണ്. മരം കൊള്ളയ്ക്ക്  ഒരു വിധ തടസ്സവും ഉണ്ടാകാതിരിക്കാനാണിത്. ഉന്നത രാഷ്ട്രീയ കേന്ദ്രങ്ങളുടെ നിര്‍ദ്ദേശമില്ലാതെ വിചിത്രമായ ഇത്തരം ഒരു ഉത്തരവ് ഇറങ്ങുകയില്ല.

ഇപ്പോള്‍ നടക്കുന്ന അന്വേഷണം വെറും പ്രഹസനമായി മാറുകയേ ഉള്ളൂ. കൊള്ളയുടെ പങ്കാളികളായ രാഷ്ട്രീയ നേതൃത്വത്തിന്റെ കീഴിലുള്ള ഉദ്യോഗസ്ഥ സംഘം നടത്തുന്ന അന്വേഷണം സത്യം പുറത്തു കൊണ്ടു വരില്ല. ജൂഡീഷ്യല്‍ കമ്മീഷന്‍ പോലുള്ള സ്വതന്ത്ര ഏജന്‍സിയുടെയോ, ഹൈക്കോടതി നിയന്ത്രണത്തിലുള്ള അന്വേഷണ സംവിധാനത്തിന്റെയോ അന്വേഷണം തന്നെ അതിന് അനിവാര്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button