KeralaNews

എമ്പുരാന്‍ കണ്ടു, ഇഷ്ടപ്പെട്ടു; മോഹന്‍ലാലിനും പൃഥിരാജിനും എന്റെ അഭിനന്ദനങ്ങള്‍; വര്‍ഗീയതയ്ക്കെതിരെയുള്ള അതിശക്തമായ പ്രമേയം

തിരുവനന്തപുരം: ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേലുള്ള ഒരു ഭീഷണിയും അംഗീകരിക്കാനാവില്ലെന്നും അതുകൊണ്ടു ഒന്നും വെട്ടിമാറ്റപ്പെടേണ്ടതില്ലെന്നാണ് അഭിപ്രായമെന്നും മുന്‍ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ രമേശ് ചെന്നിത്തല. എമ്പുരാന്‍ സിനിമ കണ്ടതിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരായ പൃഥിരാജ്, മുരളി ഗോപി, ആന്റണി പെരുമ്പാവൂര്‍ എന്നിവരെ ഫോണിലൂടെ അഭിനന്ദനങ്ങള്‍ അറിയിച്ചിട്ടുണ്ട്.

‘എമ്പുരാന്‍ കണ്ടു, ഇഷ്ടപ്പെട്ടു. മോഹന്‍ലാലിനും പൃഥിരാജിനും എന്റെ അഭിനന്ദനങ്ങള്‍. ഇതില്‍ സെന്‍സര്‍ ചെയ്തു മാറ്റണ്ട ഒരു ഭാഗവും ഞാന്‍ കണ്ടില്ല. ഇന്ത്യന്‍ ജീവിതത്തിന്റെ യഥാര്‍ഥ ചിത്രമാണിത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേലുള്ള ഒരു ഭീഷണിയും അംഗീകരിക്കാന്‍ നമുക്ക് കഴിയില്ല. അതുകൊണ്ടു ഒന്നും വെട്ടിമാറ്റപ്പെടേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം.

വര്‍ഗീയതയ്ക്കെതിരെയുള്ള അതിശക്തമായ പ്രമേയം തന്നെയാണിത്. മാത്രവുമല്ല, സിനിമയില്‍ പ്രിയദര്‍ശിനിയുടെ വിജയം ഒത്തിരി സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്. എല്ലാവരും കാണേണ്ട പടമാണ് എന്നാണെന്റെ അഭിപ്രായം.

ആവിഷ്‌കാരസ്വാതന്ത്ര്യത്തിനു നേരേയുള്ള ഒരു തരത്തിലുള്ള ആക്രമണവും സമ്മതിച്ചു നല്‍കരുത്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, 51 വെട്ട് തുടങ്ങി ഒട്ടേറെ ചിത്രങ്ങള്‍ക്കു നേരെ തിയറ്റര്‍ കൊടുക്കാതെയും ഒറ്റപ്പെടുത്തിയും നടന്ന ആക്രമണങ്ങളും നമ്മള്‍ കണ്ടില്ലെന്നു നടിക്കരുത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേല്‍ നടക്കുന്ന ആക്രമണങ്ങള്‍ ഏകപക്ഷീയമല്ല എന്നോര്‍ക്കണം. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രം ഇറങ്ങിയപ്പോള്‍ ഇനി മുരളി ഗോപിയുടെ ചിത്രങ്ങള്‍ താന്‍ കാണില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്തായാലും അദ്ദേഹം ഈ ചിത്രം വന്നു കണ്ടതില്‍ സന്തോഷമുണ്ട്. മുരളി ഗോപിയെ പ്രത്യേകം അഭിനന്ദിക്കുന്നു. വര്‍ഗീയതയ്ക്കെതിരെയും നാട്ടിലെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും പോരാടുന്നവര്‍ നിര്‍ബന്ധിതമായി കണ്ടിരിക്കേണ്ട പടമാണിത്.

കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്ത് കോണ്‍ഗ്രസിനെ കളിയാക്കി നിരവധി ചിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. ഭരണാധിപന്‍മാരെയും പാര്‍ട്ടിയെയും നയങ്ങളെയും കളിയാക്കി എത്രയെത്ര സിനിമകളാണ് ഇറങ്ങിയിട്ടുള്ളത്. അതൊന്നും ഞങ്ങളുടെ പാര്‍ട്ടിയെയോ പ്രവര്‍ത്തകരെയോ അസ്വസ്ഥരാക്കിയിട്ടില്ല. എന്നെ വിമര്‍ശിക്കാതിരിക്കരുത് എന്ന് കാര്‍ട്ടൂണിസ്റ്റ് ശങ്കറോടു പറഞ്ഞ നെഹ്റുജിയാണ് ഞങ്ങളുടെ ജനാധിപത്യത്തിന്റെ വഴികാട്ടി.

കലയെ കലയുടെ വഴിക്കു വിടുക. സിനിമയെ സിനിമയുടെ വഴിക്കു വിടുക. അതിലെ സാമൂഹ്യ വിമര്‍ശനങ്ങള്‍ ആസ്വദിക്കുക. സംഘടിതമായി എതിര്‍ക്കാതിരിക്കുക. സര്‍ഗാത്മകത അതിന്റെ വഴിക്കു പോകട്ടെ. ആവിഷ്‌കാരസ്വാതന്ത്ര്യത്തെ സംഘടിതമായി ആക്രമിക്കുന്നത് ഫാസിസമാണ്. ഫാസിസം ജനാധിപത്യത്തിന്റെ മൂല്യങ്ങള്‍ക്ക് എതിരാണ്. ആവിഷ്‌കാരസ്വാതന്ത്ര്യം അനുവദിക്കപ്പെടുക തന്നെ വേണം.” ചെന്നിത്തല പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker